Skip to main content

അബുല്‍ ഹസന്‍ അലി നദ്‌വി (1-3)

ആധുനിക ലോകത്തിനു ഇന്ത്യയുടെ അഭിമാനകരമായ സംഭാവന, ലോക പ്രശസ്തനായ പ്രബോധകന്‍, പ്രവാചകസ്‌നേഹിയായ പണ്ഡിതന്‍ തുടങ്ങി പരിചയപ്പെടുത്തലുകള്‍ക്ക് അതീതനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അബുല്‍ഹസന്‍ അലി നദ്‌വി. അലിമിയാന്‍ എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന മഹദ് വ്യക്തിത്വം.

hh

ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയിലെ തകിയ്യകലാനില്‍ 1914ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. സയ്യിദ് അഹ്മദ് ശഹീദിനെപ്പോലുള്ളവര്‍ക്ക് ജന്മം നല്‍കിയിരുന്ന ഹസനീ ഖുതുബി കുടുംബമായിരുന്നു അത്. ഹിജാസില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത സയ്യിദ് ഖുതുബുദ്ദീന്‍ മുഹമ്മദുല്‍ മദനിയായിരുന്നു പിതാമഹന്‍. ഒരു വൈദ്യന്‍ കൂടിയായിരുന്ന പ്രമുഖ പണ്ഡിതന്‍ സയ്യിദ് അബുല്‍ഹയ്യ് (ഹി.1286-1344) ആയിരുന്നു പിതാവ്. ഇന്ത്യന്‍ മുസ്‌ലിം ജീവചരിത്രകൃതികളില്‍ ഏറ്റവും ആധികാരികവും ബൃഹത്തുമായ നുസ്ഹതുല്‍ ഖവാത്വിര്‍ (അല്‍ഇഅ്‌ലാം ബിമന്‍ ഫീ താരീഖില്‍ ഹിന്ദി മിനല്‍ അഅ്‌ലാം എന്ന പേരിലാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്), അസ്സഖാഫതുല്‍ ഇസ്‌ലാമിയ ഫില്‍ ഹിന്ദ്, അല്‍ ഹിന്ദ് ഫീ അഹ്ദില്‍ ഇസ്‌ലാമി, തഹ്ദീബുല്‍ അഖ്‌ലാഖ് തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് പിതാവ്. ഉന്നതകുലജാതയും പണ്ഡിതയും എഴുത്തുകാരിയുമായിരുന്നു അദ്ദേഹത്തിന്റെ മാതാവ് ഖൈറുന്നിസ. അവര്‍ക്ക് ധാരാളം ഗ്രന്ഥങ്ങളും കവിതാസമാഹാരങ്ങളുമുണ്ട്. ഈ ദമ്പതികള്‍ക്ക് (രണ്ട് ആണും രണ്ട് പെണ്ണും) നാല് സന്തതികളാണുണ്ടായിരുന്നത്. പ്രമുഖ ഭിഷഗ്വരനും നദ്‌വതുല്‍ ഉലമാ സ്ഥാപകാംഗവും വിദ്യാഭ്യാസ വിദഗ്ധനുമായിരുന്നു മൂത്ത സഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ഹയ്യുല്‍ ഹസനി (ഹി.1311-1380). രണ്ടാമത്തെ സഹോദരി അമതുല്‍ അസീസ്(1322-1416). മറ്റൊരു സഹോദരിയും എഴുത്തുകാരിയുമായ അമതുല്ലാഹ് (1325-þ1396) തസ്‌നീം എന്ന തൂലികാനാമത്തില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. അവര്‍ പരിഭാഷപ്പെടുത്തിയ രിയാദുസ്സ്വാലിഹീന്‍, വായനാലോകം സ്വീകാര്യതയോടെ ഏറ്റുവാങ്ങിയ ഗ്രന്ഥമാണ്.

വിശുദ്ധ ഖുര്‍ആനും മാതൃഭാഷയും പിതാവില്‍ നിന്നുതന്നെ പഠിച്ചു. പിതാവ് ലഖ്‌നോവിലായിരുന്നു താമസം. കൂടെ അബുല്‍ ഹസനുമുണ്ടായിരുന്നു. ഗുരു കൂടിയായ പിതാവിന്റെ സ്‌നേഹവാത്സല്യം ഏറെക്കാലം അനുഭവിക്കാന്‍ മകന് ഭാഗ്യമുണ്ടായില്ല. ഹി. 1341ല്‍ (ക്രി:1923) പിതാവ് മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒമ്പത് വയസ്സായിരുന്നു. തുടര്‍ന്ന് ഉമ്മയോടുകൂടി റായ്ബറേലിയിലേക്ക് മടങ്ങി. ലഖ്‌നോവിലേക്ക് മടങ്ങിയ അദ്ദേഹം ഇംഗ്ലീഷ് പരിജ്ഞാനം നേടുകയും പേര്‍ഷ്യന്‍ ഭാഷയില്‍ വ്യുല്‍പത്തി നേടുകയും ചെയ്തു. 

പേര്‍ഷ്യന്‍ ഭാഷയിലെ സീറകളും ചരിത്രങ്ങളും മറ്റു ആധ്യാത്മിക-വൈജ്ഞാനിക ഗ്രന്ഥങ്ങളും വായിച്ചു മനസ്സിലാക്കുന്നതിന് പ്രാപ്തനായപ്പോള്‍ 1924 അവസാനത്തില്‍ അദ്ദേഹം അറബി ഭാഷാ പഠനം ആരംഭിച്ചു. അനന്തരം 1927ല്‍ ലഖ്‌നോ യൂനിവേഴ്‌സിറ്റിയില്‍ അറബി സാഹിത്യത്തിലെ ഫദീല വിഭാഗത്തില്‍ ചേര്‍ന്നു. 1929ല്‍ നടന്ന പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായ കൊച്ചു മിടുക്കന്‍ യൂനിവേഴ്‌സിറ്റിയുടെ സ്വര്‍ണ മെഡലിനും പാരിതോഷികത്തിനും അര്‍ഹനായി. പിന്നെ ഹദീസിലെ ഫദീല കോഴ്‌സിനു ചേര്‍ന്ന് പഠനം തുടര്‍ന്നു. ഒരു വര്‍ഷത്തെ പഠനംകഴിഞ്ഞ് നടത്തപ്പെട്ട പരീക്ഷയില്‍ ഉന്നതമായ വിജയം നേടി. ശേഷം ലാഹോറിലേക്ക് പുറപ്പെട്ടു. ഡോക്ടര്‍ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് മുഹമ്മദ് അലി ലാഹോരി, പ്രമുഖ എഴുത്തുകാരന്‍ ഹഫീദ് ജലന്ധരി തുടങ്ങി പലപ്രമുഖരുമായും നേരിട്ട് പരിചയപ്പെട്ടതും സംവദിച്ചതും ഈ യാത്രാ വേളയിലായിരുന്നു. 

ജൂലൈയില്‍ തിരിച്ചെത്തിയ അദ്ദേഹം നദ്‌വതുല്‍ ഉലമായിലെ ഹദീസ് കോഴ്‌സില്‍ ചേര്‍ന്നു. അനന്തരം 1932ല്‍ വിവിധ മത പാഠശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സ്‌പെഷ്യലൈസേഷന്‍ കോഴ്‌സിനു ഖാസിമുല്‍ ഉലൂം മദ്‌റസയില്‍ ചേര്‍ന്നു. 

 


 

Feedback