Skip to main content

അല്‍ നെയ്‌റിസി

ടോളമിയുടെ എലിമെന്റ്‌സ് എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ പേരിലാണ് അല്‍ നെയ്‌റിസി ശാസ്ത്രലോകത്ത് അറിയപ്പെടുന്നത്. ഗോളാകാര നക്ഷത്രദൂരമാപിനിയെ(സ്‌ഫെറിക്കല്‍ ആസ്‌ട്രോലാബ്)ക്കുറിച്ചുള്ള പഠനവും ശാസ്ത്രലോകത്ത് നെയ്‌റിസിയുടെ സംഭാവനയാണ്.

ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ ഇറാനിലെ ഖലീഫയായിരുന്ന അല്‍ മുഅ്തദിന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന വിഖ്യാത ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു അല്‍ നെയ്‌റിസി. മുഴുവന്‍ പേര് അബുല്‍ അബ്ബാസ് അല്‍ ഫാദി ഇബ്‌നു ഹാതിം അല്‍ നെയ്‌റിസി. ഇറാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഷിറാസിലെ ചെറിയ നഗരമായ നൈറിസിലാണ് ജനനമെന്ന് കരുതുന്നു. അല്‍ നെയ്‌റിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടു. 

അല്‍ നെയ്റിസിയുടെ ജീവിത രേഖകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ജ്യോതിശാസ്ത്ര രംഗത്തും ഗണിതശാസ്ത്ര രംഗത്തും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇന്നും മായാതെ നിലനില്‍ക്കുന്നുണ്ട്. ഖലീഫ മുഅ്തദിന്റെ കൊട്ടാരത്തിലെ ജോലി ആവശ്യാര്‍ഥം അദ്ദേഹം ബഗ്ദാദിലേക്ക് കുടിയേറുകയായിരുന്നു. പത്ത് വര്‍ഷത്തോളം മുഅ്തദിന്റെ കൊട്ടാരത്തില്‍ ഗണിതശാസ്ത്ര പണ്ഡിതനായി തുടര്‍ന്നു. 892 മുതല്‍ 902 വരെയാണ് മുഅ്തദിന്റെ ഭരണകാലഘട്ടം. ഖലീഫയുടെ നിര്‍ദേശ പ്രകാരം അദ്ദേഹം കാലാവസ്ഥാ പ്രതിഭാസങ്ങളെ സംബന്ധിച്ച പുസ്തകം രചിച്ചു. അളവുകളെ സംബന്ധിച്ച് പഠിച്ച അദ്ദേഹം വസ്തുക്കള്‍ക്കിടയിലുള്ള അകലം അളക്കാനുള്ള ഉപകരണവും കണ്ടെത്തി. ജ്യോതി ശാസ്ത്ര രംഗത്ത് ഏറെ മുന്‍പന്തിയില്‍ നിന്നിരുന്ന കാലമായിരുന്നു ഇത്.

രാജ്യത്ത് ശക്തമായ രാഷ്ട്രീയ ഗൂഢാലോചനകളും കലാപങ്ങളും ഉയര്‍ന്നുവരികയും 902 ല്‍ ഖലീഫ മുഅ്തദിനെ എതിരാളികള്‍ വിഷം നല്‍കി കൊലപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ അല്‍ മുക്തഫിയുടെ ഭരണകാലത്തും അല്‍ നെയ്റിസിയുടെ ധൈഷണികമായ ചിന്തകള്‍ക്ക് ശക്തമായ പിന്തുണ ലഭിച്ചിരുന്നു. 988ല്‍ ഇബ്‌നു അല്‍ നാദിമിന്റെ ഫിഹ്‌റിസ്റ്റ് എന്ന ഗ്രന്ഥത്തില്‍ അല്‍ നെയ്റിസിയെ വിഖ്യാത ജ്യോതി ശാസ്ത്രജ്ഞനായാണ് ഗണിക്കുന്നത്. ആ കാലഘട്ടത്തില്‍ അറബിക് സാഹിത്യത്തെ കുറിച്ച് മുഴുവന്‍ വിവരങ്ങളും അടങ്ങിയ ഗ്രന്ഥമാണ് ഫിഹ്‌റിസ്റ്റ്. അല്‍ നെയ്‌റിസിയുടെ എട്ട് ഗ്രന്ഥങ്ങളെ കുറിച്ച് ഫിഹ്‌റിസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്. 13ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മറ്റൊരു ഗ്രന്ഥത്തില്‍ അല്‍ നെയ്‌റിസിയെ ഗണിതശാസ്ത്രജ്ഞനായും ജ്യാമിതി വിദഗ്ധനായും പ്രതിപാദിക്കുന്നുണ്ട്. ടോളമിയുടെ ആല്‍മഗെസ്റ്റ്, ടെട്രാബിബ്ലോസ് എന്നീ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും അല്‍ നെയ്റിസി  ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 

യൂക്ലിഡിന്റെ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം പ്രശസ്തമാണ്. അറബിക്, ലാറ്റിന്‍ ഭാഷകളിലും യൂക്ലിഡിന്റെ ഗ്രന്ഥങ്ങള്‍ അല്‍ നെയ്റിസി പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് ചില കയ്യെഴുത്ത് പ്രതികളില്‍ നിന്ന് വ്യക്തമാകുന്നു. അനുപാതത്തെയും അളവിനെയും കുറിച്ചുള്ള അല്‍ നെയ്റിസിയുടെ വ്യാഖ്യാനങ്ങളില്‍ അദ്ദേഹത്തിന് മുമ്പ് ബഗ്ദാദില്‍ ജീവിച്ചിരുന്ന ഗണിതശാസ്ത്ര പണ്ഡിതനായ അല്‍ മഹാനിയുടെ സങ്കല്പങ്ങളുടെ സ്വാധീനവും കാണാനാവും. 

കഅ്ബയുടെ ദിശ എങ്ങനെ മനസ്സിലാക്കാം എന്നത് സംബന്ധിച്ച ഒരു ഗ്രന്ഥവും അല്‍ നെയ്റിസിയുടേതായുണ്ട്. മുസ്‌ലിം ലോകത്ത് ഇന്നും ഏറെ ഉപകാരപ്പെടുന്ന ഒരു കണ്ടുപിടിത്തമാണ് അദ്ദേഹത്തിന്റേത്. ത്രിമാന ഗണിതം ഉപയോഗിച്ചായിരുന്നു അദ്ദേഹമത് കണ്ടെത്തിയത്. എങ്കിലും അദ്ദേഹമായിരുന്നില്ല ആദ്യമായി ത്രിമാനഗണിതം ഉപയോഗിച്ചിരുന്നത്. 

922ല്‍ ഇറാഖിലെ ബഗ്ദാദില്‍ വച്ച് മരിച്ചു.


 

Feedback