ഇമാം അബൂ ഹനീഫയുടെ ശിഷ്യനും പ്രചാരകനുമായിരുന്നു അബൂ യൂസുഫ്. മുഴുവന്‍ പേര് യാക്കൂബ് ബ്‌നു ഇബ്‌റാഹീം അല്‍ അന്‍സാരി. ഇമാം ഹനീഫയുടെ കര്‍മശാസ്ത്ര തത്വങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നിരുന്ന ശിഷ്യരില്‍ ഒരാളായിരുന്നു അബൂ യൂസുഫ്.
ഹാറൂണ്‍ അല്‍ റശീദിന്റെ ഭരണത്തിന് കീഴില്‍ ന്യായാധിപനായി ജോലി നോക്കിയിരുന്നു. ഈ സമയത്ത് എഴുത്തിലും പ്രഭാഷണങ്ങളിലും മുഴുകിയിരുന്നു. ഇബ്‌നു നദീമിന്റെ 'ഫിഹ്‌റിസ്റ്റി'ല്‍ ഇദ്ദേഹത്തിന്റേതായി നിരവധി ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതില്‍ 'കിതാബ് അല്‍ ഖറാജ്' മാത്രമേ ലഭ്യമായിട്ടുള്ളു. ഇതാണ് അബൂ യൂസുഫിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. നികുതി പിരിവിനെ സംബന്ധിച്ചും ധനക്കമ്മിയെ കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.
എട്ടാം നൂറ്റാണ്ടില്‍ ബഗ്ദാദിലെ കൂഫയിലാണ് അബൂ യൂസുഫിന്റെ ജനനം. കൃത്യമായ ജനനതിയ്യതി സംബന്ധിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും എ ഡി 729/ഹിജ്‌റ 113 ല്‍ ആയിരിക്കാമെന്നാണ് ഭൂരിപക്ഷാഭിപ്രായം. അബൂ ഹനീഫ, മാലിക് ബ്‌നു അനസ് തുടങ്ങി കൂഫയിലെ പ്രഗത്ഭരായ അനവധി പണ്ഡിതരില്‍ നിന്നും അബൂ യൂസുഫ് മതപഠനം നടത്തിയിട്ടുണ്ട്. അബ്ബാസി ഖലീഫയായിരുന്ന ഹാറൂണ്‍ അല്‍ റശീദിന്റെ ഭരണകാലത്ത് ന്യായാധിപനായി ജോലിയില്‍ പ്രവേശിച്ച അബൂ യൂസുഫ് മരിക്കുന്നതിന് മുമ്പ് ബഗ്ദാദിലെ ചീഫ് ജസ്റ്റിസ് (മുഖ്യ ന്യായാധിപന്‍) ആയി ജോലി നോക്കിയിരുന്നു. ഇസ്‌ലാമിക നിയമങ്ങളെ കുറിച്ചും അന്താരാഷ്ട്ര നിയമങ്ങളെ കുറിച്ചും ധാരാളം ഗ്രന്ഥങ്ങള്‍ അബൂ യൂസുഫ് രചിച്ചിട്ടുണ്ട്. ഉസ്വൂലുല്‍ ഫിഖ്ഹ്, കിതാബ് അല്‍ അതര്‍, കിതാബ് ഇക്തിലാഫ് അബീ ഹനീഫ വ ബ്‌നു അബീ ലൈല, കിതാബ് അല്‍ റാദ് അലാ സിതാര്‍ അല്‍ ഔസാഅ് തുടങ്ങിയവയാണ് അബൂ യൂസുഫിന്റെ മറ്റ് ഗ്രന്ഥങ്ങള്‍.