പാകിസ്താനിലെ ഗ്രാമീണ മേഖലയില്‍ കാര്‍ഷിക വികസന രംഗത്ത് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്, വികസന നായകന്‍, സഹകാരി. പ്രശസ്തമായ 'കോമില്ല മാതൃക'യുടെ ഉപജ്ഞാതാവ്. 1953 ല്‍ അമേരിക്കന്‍ സഹായത്തോടെ പാകിസ്താനിലെ കോമില്ല നഗരത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക സഹായ മാതൃകാ പദ്ധതിയാണ് കോമില്ലാ മോഡല്‍ എന്നറിയപ്പെടുന്നത്. പാകിസ്താന്റെ കിഴക്ക്, പടിഞ്ഞാറന്‍ മേഖലയില്‍ സഹകരണ വായ്പാ പദ്ധതികളിലൂടെ കാര്‍ഷിക രംഗത്ത് വന്‍ പുരോഗതിയാണ് കോമില്ലാ മോഡലിലൂടെ കൈവരിക്കാനായത്. മഗ്‌സസെ അവാര്‍ഡ് നല്‍കി ലോകം ഹമീദ് ഖാനെ ആദരിച്ചു. മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് പദവിയും നല്‍കി.
താഴെക്കിടയിലുള്ള ജനവിഭാഗത്തിന്റെ പുരോഗതി ലക്ഷ്യം വെച്ച് ഹമീദ് ഖാന്‍ ആസൂത്രണം ചെയ്ത പൈലറ്റ് പദ്ധതിയായ 'ഓറംഗി'യും വന്‍ വിജയമായിരുന്നു. ചേരി നിവാസികളുടെ പുനരധിവാസവും സാമൂഹികമായ പുരോഗതിയും ഇതിലൂടെ പാകിസ്താന് കൈവരിക്കാനായി. ഏഴോളം ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ഹമീദ് ഖാന്‍ ധാരാളം ഗ്രന്ഥങ്ങളും യാത്രാ വിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ഒരു കവി കൂടിയായിരുന്ന ഹമീദ് ഖാന്റെ ഉറുദു കവിതകളും പ്രശസ്തമാണ്.
1914 ജൂലൈ 15 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ആഗ്രയിലാണ് ജനനം. പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഖാന്‍ സാഹിബ് അമീര്‍ അഹമ്മദ് ഖാനാണ് പിതാവ്. മെഹ്മൂബ ബീഗമാണ് മാതാവ്. ഉത്തര്‍ പ്രദേശിലെ ജാലം സ്‌കൂളിലാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. മീററ്റിലെ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യം, ചരിത്രം, തത്വശാസ്ത്രം എന്നിവയില്‍ ബിരുദവും 1934 ല്‍ ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1936 ലാണ് അദ്ദേഹം ഇന്ത്യന്‍ സിവില്‍ സര്‍വിസില്‍ പ്രവേശിക്കുന്നത്. അല്ലാമാ മശ്‌രിക്കിന്റെ മകള്‍ ഹമീദ് ബീഗമാണ് ഭാര്യ. മൂന്ന് പെണ്‍മക്കളുള്‍പ്പെടെ നാല് മക്കള്‍. 1966 ല്‍ ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ഷഫീഖ് ഖാന്‍ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതില്‍ ആയിശ എന്നു പേരുള്ള ഒരു മകളുണ്ട്.
1943 ല്‍ ബംഗാളിലുണ്ടായ ക്ഷാമം നേരിടുന്നതില്‍ ബ്രിട്ടീഷ് ഭരണകൂടം കാണിച്ച അനാസ്ഥയില്‍ മനംനൊന്ത് സിവില്‍ സര്‍വിസില്‍ നിന്നു രാജിവെച്ചു. 1950 ല്‍ ഹമീദ് ഖാന്‍ പാകിസ്താന്റെ ക്ഷണം സ്വീകരിച്ച് അവിടേക്ക് പോയി. പാകിസ്താന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്ന ഖാന്‍ 1959 ല്‍ പാകിസ്താന്‍ അക്കാദമി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ് എന്ന സഹകരണ സ്ഥാപനത്തിന് തുടക്കമിട്ടു. വികസ്വര രാജ്യങ്ങള്‍ക്ക് ഇന്നും മാതൃകയാണ് ഈ പദ്ധതി. ഈ പദ്ധതിക്ക് കീഴിലാണ് അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെ കോമില്ല മാതൃക പദ്ധതിക്ക് അദ്ദേഹം തുടക്കം കുറിച്ചത്.
1999ല്‍ 85ാമത്തെ വയസ്സില്‍ അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ വെച്ചാണ് മരിച്ചത്.