Skip to main content

ഇബ്‌നു അവ്വാം

കൃഷിയിലും സസ്യശാസ്ത്രത്തിലും ജ്യോതിശ്ശാസ്ത്രം പ്രയോജനപ്പെടുത്തിയ പ്രശസ്തനാണ് ഇബ്‌നു അവ്വാം. ഇദ്ദേഹത്തിന്റെ കൃഷി ശാസ്ത്ര സംബന്ധമായ കിതാബുല്‍ ഫിലാഹ മധ്യനൂറ്റാണ്ടില്‍ എഴുതപ്പെട്ട മികച്ച കൃതിയായി കണക്കാക്കപ്പെടുന്നു. 

മുഴുവന്‍ പേര് അബൂ സകരിയ്യ യഹ്‌യ ബ്‌നു മുഹമ്മദിബ്‌നി അഹ്മദുബ്‌നില്‍ അവ്വാം അല്‍ ഇശ്ബിലി. സ്‌പെയിനിലെ സെവില്ലിയയില്‍ ജീവിച്ചിരുന്നതുകൊണ്ടാണ് അല്‍ ഇശ്ബിലി എന്ന് പേരിനവസാനം വന്നതെന്നാണ് നിഗമനം.

സ്‌പെയിനിലെ കൃഷി ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കപ്പെട്ട 'കിതാബുല്‍ ഫിലാഹയി'ല്‍ 588 മൈക്രോബയോളജിക്കല്‍ ചെടികളുടെയും അമ്പതില്‍പരം ഫലവൃക്ഷങ്ങളുടെയും വിശദവിവരങ്ങളും അവയ്ക്കുണ്ടാകുന്ന രോഗങ്ങളും പ്രതിപാദിക്കുന്നു. കാര്‍ഷിക വിജ്ഞാനത്തെ നബാത്തിയന്‍ കൃഷിയുമായും മുന്‍ഗാമികളുടെ കാര്‍ഷിക ധാരണകളുമായും സമന്വയിപ്പിച്ച സസ്യശാസ്ത്രജ്ഞനാണ് ഇബ്‌നുല്‍ അവ്വാം. കാലാവസ്ഥയടക്കമുള്ള കൃഷിസമയങ്ങളും കൃഷിശാസ്ത്രവുമടങ്ങിയ ഒരു കലണ്ടറും ഇദ്ദേഹം നിര്‍മിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന ഇബ്‌നുല്‍ അവ്വാം എഴുതിയ കിതാബുല്‍ ഫിലാഹയുടെ സ്പാനിഷ് പരിഭാഷ 1802 ല്‍ അറബി മൂലത്തോടെ പുറത്തിറങ്ങി. ഫ്രഞ്ച് പരിഭാഷ  1864ലും പ്രസിദ്ധീകരിക്കപ്പെട്ടു. 

ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയില്‍ പ്രതിപാദിക്കപ്പെടുന്ന ഏക കാര്‍ഷികശാസ്ത്രജ്ഞനാണ് ഇബ്‌നു അവ്വാം. 


 

Feedback