Skip to main content

രസതന്ത്രവും ഭൗതിക ശാസ്ത്രവും

ആധുനിക ലോകത്ത് വികസിതമായിത്തീര്‍ന്ന രസതന്ത്രം (കെമിസ്ട്രി) അല്‍ കീമിയാ എന്ന അറബി നാമത്തില്‍ നിന്നു വന്നതാണ്. അല്‍ കീമിയാഇന്റെ വളര്‍ച്ചയില്‍ നിസ്സീമമായ പങ്ക് അറബികളായ മുസ്‌ലിംകള്‍ വഹിച്ചിട്ടുണ്ട്. കൂഫാ നിവാസിയായ ജാബിര്‍ ബിന്‍ ഹയ്യാന്‍ അറബ് കെമിസ്ട്രിയുടെ പിതാവായി അറിയപ്പെടുന്നു. പത്താം നൂറ്റാണ്ടിലെ രസതന്ത്ര ശാസ്ത്രജ്ഞനാണ് അര്‍റാസി (ക്രി.925). ടിന്‍, ഇരുമ്പ്, ഈയ്യം തുടങ്ങിയ വില കുറഞ്ഞ ലോഹങ്ങള്‍ രാസപ്രവര്‍ത്തനത്തിലൂടെ സ്വര്‍ണ്ണമാക്കി മാറ്റാമെന്ന ധാരണയാല്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ ജാബിര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തി. അതിന്റെ ഫലമായി പല അമ്‌ളങ്ങളും ലായനികളും കണ്ടുപിടിക്കപ്പെട്ടു. 


ജാബിര്‍ ബ്‌നു ഹയ്യാന്റെ രസതന്ത്ര രചനകള്‍ക്ക് ഏഷ്യയിലും യൂറോപ്പിലും വലിയ പ്രചാരം ലഭിച്ചു. ബാഷ്പീകരണം, ദ്രവീകരണം തുടങ്ങിയ രാസപ്രകൃയകളെ സുഗമമാക്കുന്ന ഉപകരണങ്ങള്‍ അവര്‍ കണ്ടുപിടിച്ചു. കാല്‍സിനേഷന്‍, റിഡക്ഷന്‍ എന്നിവയുടെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചത് പില്‍ക്കാല കെമിസ്റ്റുകള്‍ക്ക് ചവിട്ടുപടിയായി വര്‍ത്തിച്ചു. 


ദൗര്‍ഭാഗ്യവശാല്‍ അല്‍റാസിക്കു ശേഷം ഈ രംഗത്ത് മികച്ച സംഭാവനകള്‍ മുസ്‌ലിം ലോകത്തു നിന്നുണ്ടായില്ല. വിജ്ഞാന തൃഷ്ണയും ശാസ്ത്രീയ മനസ്ഥിതിയും വഴി മാറി. അന്ധമായ അനുകരണത്തിലേക്കും ചിന്താപരമായ മുരടിപ്പിലേക്കും മുസ്‌ലിം സമൂഹം നീങ്ങിപ്പോയി എന്നുപറയാം.


വിവിധ ശാസ്ത്ര രംഗങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ഗ്രീക്കു പണ്ഡിതന്‍മാരുടെ വിലപ്പെട്ട രചനകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അറബി പണ്ഡിതന്‍മാര്‍ ആ വിജ്ഞാനങ്ങള്‍ സ്വാംശീകരിച്ച് പഠനമനനങ്ങള്‍ക്കു വിധേയമാക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭൗതിക ശാസ്ത്രത്തില്‍ മുസ്‌ലിം പണ്ഡിതര്‍ സ്വതന്ത്രരചനകള്‍ ധാരാളം നടത്തിയിട്ടുണ്ട്.

Feedback