Skip to main content

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 

dr valiya mannathal hamza

1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം സ്വദേശി വലിയ മണ്ണത്താല്‍ കോയാമുവിന്റെയും ചെറിയ ആയിഷയുടെയും മകനായി ജനിച്ചു. മാക്കൂട്ടം എ.എം യു.പി സ്‌കൂള്‍, കുന്നമംഗലം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് (1962) ഫിസിക്‌സില്‍ ബിരുദവും പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും (1964) നേടി. 1966 ല്‍ ഇന്ത്യയിലെ ഹൈദരാബാദിലെ നാഷണല്‍ ജിയോ ഫിസിക്‌സില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റായി സേവനം ആരംഭിച്ചു. ശേഷം ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി കാനഡയിലേക്ക് പോയി. കാനഡയിലെ വെസ്‌റ്റേണ്‍ ഒന്റാറിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് (1973) ജിയോ ഫിസിക്‌സില്‍ പി.എച്ച്.ഡി ബിരുദമെടുത്തു. തുടര്‍ന്ന് 1974 ല്‍ ബ്രസീലിലെത്തി. അവിടത്തെ ശാസ്ത്ര സാങ്കേതിക വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി.  

2011 ല്‍ ഹംസയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ബ്രസീലിലെ ആമസോണ്‍ നദിയുടെ നാലുകിലോമീറ്ററോളം (1300 അടി) താഴെ ഒരു ഭൂഗര്‍ഭ നദി ഒഴുകുന്നതായി കണ്ടെത്തി. ഈ നദിക്ക് 6000 കിലോമീറ്റര്‍ നീളവും ആമസോണിനേക്കാള്‍ നൂറുക്കണക്കിന് മടങ്ങ് വീതിയുമുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫ: ഹംസയോടുള്ള ബഹുമാനാര്‍ഥം ഈ നദിയെ റിയോ ഹംസ അഥവാ ഹംസ നദി എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

rio hamza

സാവോപോളോ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണമി ആന്റ് ജിയോ ഫിസിക്‌സില്‍ പ്രൊഫസറും (1974-1981)  സാവോപോളോ സംസ്ഥാന സര്‍ക്കാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജി റിസര്‍ച്ച് -ഐ.പി.ടിയുടെ റിസര്‍ച്ച് സൂപ്പര്‍വൈസറുമായിരുന്നു (1982-1993). ഇന്റര്‍ നാഷണല്‍ ഹീറ്റ് ഫ്ളേോ കമ്മീഷന്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി (AASCIT) അംഗം, ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ജിയോ കെമിസ്ട്രി ആന്റ് ജിയോ ഫിസിക്‌സ്, ജേര്‍ണല്‍ ഓഫ് ജിയോഗ്രഫി, എന്‍വയോണ്‍മെന്റ് ആന്റ് എര്‍ത്ത് സയന്‍സ് ഇന്റര്‍ നാഷണല്‍ എന്നിവയുടെ എഡിറ്റോറിയല്‍ ബോഡ് അംഗവുമാണ്. ജിയോ തെര്‍മിക്‌സ്, ടെറസ്ട്രിയല്‍ ഹീറ്റ് ഫ്‌ളോ, ജിയോ തെര്‍മല്‍ എനര്‍ജി റിസോഴ്‌സസ്, ടെക്‌റ്റോനോഫിസിക്‌സ്, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. 2015 മുതല്‍ അക്കാദമി ഓഫ് ലെറ്റേഴ്‌സ് ടിയോഫിലോ ഓട്ടോണി (ബ്രസീല്‍) അംഗമാണ്. 

നിലവില്‍ റിയോ ഡി ജനീറോയില്‍ സാങ്കേതിക മന്ത്രാലയത്തിന്റെ നാഷണല്‍ ഒബ്‌സര്‍വേറ്ററിയില്‍ ജിയോ തെര്‍മല്‍ തലവനാണ്. ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ 100 ലധികം പ്രസിദ്ധീകരണങ്ങള്‍ ഹംസയുടേതായുണ്ട്.

ഭാര്യ: മിയ ദെയ്‌റ നിയര്‍. മൂന്നുമക്കള്‍.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446