ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അറബി ഭൂമിശാസ്ത്ര പണ്ഡിതന്‍, ചരിത്രകാരന്‍, സാഹിത്യകാരന്‍. ശരിയായ പേര് ഉബൈദുല്ലാഹിബ്‌നു അഹ്മദ്ബ്‌നി ഖുര്‍റാദ് ബെഹില്‍ ഖുറാസാനി. വിളിപ്പേര് അബുല്‍ ഖാസിം. ആദ്യകാല ചരിത്രകാരന്‍മാര്‍ ഇദ്ദേഹത്തിന്റെ ജീവചരിത്രം രേഖപ്പെടുത്തിയിട്ടില്ല. മസ്ഊദി, ഇബ്‌നുനദീം, ഇസ്വ്ഫഹാനി തുടങ്ങിയവരാണ് ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.
ഇബ്‌നു ഖുര്‍റാദ് ബെഹിന്റെ പ്രശസ്ത ഭൂമിശാസ്ത്ര ഗ്രന്ഥമാണ് കിതാബുല്‍ മസാലികി വല്‍മമാലിക്. ഭരണസംബന്ധിയായ റിക്കാര്‍ഡുകളില്‍ നിന്നും പ്രമാണങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചത്. വിവിധ രാജ്യങ്ങളിലെയും പട്ടണങ്ങളിലെയും പ്രവിശ്യകളിലെയും പ്രധാന പാതകള്‍, അവയുടെ ദൈര്‍ഘ്യം, ഹിജ്‌റ മൂന്നാം ശതകത്തിലെ അബ്ബാസീ സാമ്രാജ്യത്തിലെ നികുതി പിരിവിന്റെ സ്ഥിതിവിവരക്കണക്കുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു.
ഇബ്‌നു ഖുര്‍റാദ് ബെഹിന്റെതായി ഒമ്പത് രചനകളുണ്ട്. അദബുസ്സമാഅ്, അത്ത്വബീഖ്, അശ്ശറാബ്, അന്നുദമാഉ വല്‍ജുലസാഅ്, അല്‍ അന്‍വാഅ് (ഈ അഞ്ചു ഗ്രന്ഥങ്ങളും ഇന്ന് നിലവിലില്ല), അല്ലഹ്‌വു വല്‍മാഹീ (ഈ ഗ്രന്ഥത്തെ പറ്റി രിസാലതുല്‍ ഗുഫ്‌റാന്‍ എന്ന കൃതിയില്‍ അബുല്‍അലാഇല്‍ മഅര്‍രി സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ സംഗീത ശാസ്ത്രവും സംഗീതജ്ഞരുടെ ചരിത്രവും പ്രതിപാദിച്ചിരിക്കുന്നു. പാഴ്‌സി സാങ്കേതിക പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്), ജംഹറതു അന്‍സാബില്‍ ഫുര്‍സ്, അത്താരീഖ്, അല്‍മസാലികു വല്‍ മമാലിക്.
ഇബ്‌നു ഖുര്‍റാദ് ബെഹിന്റെ പിതാമഹന്‍ ഖുര്‍റാദ് ബെഹ് ഇറാനിലെ ഒരു അഗ്‌നിയാരാധകനായിരുന്നു. ഇറാനിലെ ശക്തരായ ബറാമിക്ക വംശത്തിന്റെ പ്രേരണയാല്‍ ഇദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ''സൂര്യനില്‍ നിന്നുള്ള വിശിഷ്ട സമ്മാനം'' എന്നാണ് ഖുര്‍റാദ് ബെഹ് എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ഥം. ഇബ്‌നു ഖുര്‍റാദ് ബെഹിന്റെ പിതാവ് 20/816 ല്‍ ഖലീഫ മഅ്മൂനിന്റെ ഭരണകാലത്ത് ത്വബ്‌രിസ്താനിലെ ഗവര്‍ണറായിരുന്നു. ഏതാണ്ട് ഹി. 205 ല്‍ ഖുറാസാനില്‍ ഇബ്‌നു ഖുര്‍റാദ് ബെഹ് ജനിച്ചു. ബഗ്ദാദിലാണ് വളര്‍ന്നത്. ഇസ്ഹാഖുല്‍ മൗസ്വിയയില്‍ നിന്ന് സംഗീതവും സാഹിത്യവും അഭ്യസിച്ചു. ഗണിതം, ഭൂമിശാസ്ത്രം എന്നിവയിലും പരിജ്ഞാനം നേടി.
യുവാവായപ്പോള്‍ അബ്ബാസി ഭരണത്തിനു കീഴില്‍ ഇറാന്റെ വടക്കുപടിഞ്ഞാറന്‍ പര്‍വതപ്രദേശമായ മിഡിയാ പ്രവിശ്യയുടെ തപാല്‍ വകുപ്പിന്റെ മേലാധികാരിയായി നിശ്ചയിക്കപ്പെട്ടു. പിന്നീട് അതേ വകുപ്പില്‍ തന്നെ ബഗ്ദാദിലെയും തുടര്‍ന്ന് സാമര്‍റായിലെയും ഡയറക്ടര്‍ ജനറല്‍ ആയി നിശ്ചയിക്കപ്പെട്ട ഇബ്‌നു ഖുര്‍റാദ് ബെഹ്, ഖലീഫ മുഅ്തമിദുമായി സൗഹൃദം സ്ഥാപിച്ചു. അദ്ദേഹത്തൊടൊപ്പം വിനോദങ്ങളിലും കലാസാഹിത്യസംരംഭങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. ഏതാണ്ട് ഹി.300നോടടുത്ത് ഇബ്‌നു ഖുര്‍റാദ് ബെഹ് മരിച്ചു.