Skip to main content

ഖലീഫ പദവിയില്‍

ജാഹിലിയ്യത്തിലെ ഉമറോ പ്രവാചകന്റെ കൂടെയുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖോ അല്ല, സിദ്ദീഖി(റ)ന് ശേഷം പത്തരക്കൊല്ലം മുസ്‌ലിംകളെ നയിച്ച അമീറുല്‍ മുഅ്മിനീനാണ് ചരിത്രത്തെ വിസ്മയം കൊള്ളിച്ചത്.

പനിച്ചു വിറച്ചു കിടക്കുകയായിരുന്ന ഖലീഫ അബൂബക്ര്‍(റ) ഉമറിനെ വിളിപ്പിച്ചു. കുറേ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ഖലീഫ പറഞ്ഞു:

''താങ്കളെയാണ് അടുത്ത ഖലീഫയാക്കാന്‍ ഞാനുദ്ദേശിക്കുന്നത്''. ''അബൂ ഉബൈദയാവട്ടെ'' ഉമര്‍(റ) പറഞ്ഞു.

''ഖലീഫ വിശ്വസ്തനായാല്‍ പോരാ, ശക്തനുമാവണം. അത് താങ്കളാണ്.''

ഉമര്‍(റ) തന്റെ കഴിവു കേടുകള്‍ ഓരോന്നായി നിരത്തി. അല്ലാഹുവിന്റെ മുന്നില്‍ പാപച്ചുമട് വഹിക്കാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞു.

അവസാനമായി അബൂബക്ര്‍(റ) പറഞ്ഞു: ''അല്ലാഹുവിന്റെ വിചാരണയെ ഭയന്ന് ഉത്തരവാദിത്ത ങ്ങളേറ്റെടുക്കാന്‍ ദൈവഭക്തര്‍ കയറിപ്പറ്റും. അത് താങ്കള്‍ മറക്കരുത്.''

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫാറൂഖ്(റ) അവിടെ നിന്നിറങ്ങിയത്. തുടര്‍ന്ന് ഖലീഫ പ്രമുഖരുമായി കൂടിയാലോചന നടത്തി. പൊതുജനങ്ങളുടെ മുമ്പിലും കാര്യം അവതരിപ്പിച്ചു. ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. തീരുമാനം ഉസ്മാനുബ്‌നു അഫ്ഫാനെക്കൊണ്ട് അബൂബക്ര്‍ എഴുതി വെപ്പിച്ചു.

അബൂബക്ര്‍(റ) മരിച്ച അന്ന് രാത്രി ഉമര്‍(റ) ഉറങ്ങിയില്ല, പ്രാര്‍ഥിച്ചുകൊണ്ട് പള്ളിയില്‍ കഴിഞ്ഞുകൂടി. അടുത്ത ദിവസം മിമ്പറില്‍ കയറി നയപ്രഖ്യാപനം നടത്തി. അവസാനം പ്രാര്‍ഥിച്ചത് ഇങ്ങനെ: ''അല്ലാഹുവേ, ഞാന്‍ പരുഷപ്രകൃതനാണ്. നീയെന്നെ സൗമ്യനാക്കണേ. ഞാന്‍ ദുര്‍ബലനാണ്. എന്നെ നീ കരുത്തനാക്കണേ. എന്നെ നീ ഉദാരനാക്കണേ.''

ഇസ്‌ലാമിക ഖിലാഫത്ത് ലോകത്ത് പടര്‍ന്നതും പന്തലിച്ചതും ഉമറി(റ)ന്റെ കാലത്താണ്. ഇസ്‌ലാമിന്റെ ആരംഭത്തിലെ രണ്ട് വന്‍ ശക്തികളായിരുന്ന റോമും പേര്‍ഷ്യയും തകരുകയും പല പ്രദേശങ്ങളും ഇസ്‌ലാമിക ഖിലാഫത്തിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്തു. ഇറാഖ്, സിറിയ, ഫല സ്തീന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖാലിദുബ്‌നു വലീദ്, അംറുബ്‌നുല്‍ആസ്വ്, സഅദ്ബ്‌നു അബീവഖാസ്, നുഅ്മാനുബ്‌നു മുഖ്‌രിന്‍, അബൂ ഉബൈദ, മുആവിയ എന്നിവരുടെ നേതൃത്വത്തിലുള്ള സൈന്യങ്ങളാണ് അധീനപ്പെടുത്തിയത്.

ചരിത്ര പ്രസിദ്ധമായ യര്‍മൂക്ക്, ഖാദിസിയ്യ യുദ്ധങ്ങള്‍ നടന്നതും ബൈത്തുല്‍ മുഖദ്ദസ് അധീനമായതും കുപ്രസിദ്ധനായ റുസ്തമിനെ വധിച്ച് ഇറാഖ് കീഴടക്കിയതും ടൈഗ്രീസ് നീന്തിക്കടന്ന് കിസ്‌റായുടെ വെള്ളക്കൊട്ടാരം സ്വന്തമാക്കിയതും ഉമറിന്റെ കാലത്തു തന്നെ. കൂഫ, ബസ്വറ പട്ടണങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതും ഇക്കാലത്താണ്. റഷ്യയിലെ അര്‍മീനിയ, അഫ്ഗാനിസ്താ നിലെ സിന്ധ് തുടങ്ങിയിടങ്ങളിലും മുസ്‌ലിംകളെത്തി.

ഉമറി(റ)ന്റെ ഭരണ പരിഷ്‌കാരങ്ങള്‍

ഖലീഫ ഉമറി(റ)ന്റെ ഭരണ പരിഷ്‌കാരങ്ങള്‍ വിസ്മയകരങ്ങളാണ്. അവയില്‍ പലതും ആധുനിക രാഷ്ട്രങ്ങള്‍ പോലും തിരിച്ചറിഞ്ഞ് നടപ്പാക്കിയത് ഈയിടെയാണ്.

നികുതിപ്പണം ഉള്‍പ്പടെയുള്ള വരുമാനം ശേഖരിച്ചുവെക്കാന്‍ ഖജനാവ് (ബൈത്തുല്‍ മാല്‍), പട്ടാളമുള്‍പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം, വാര്‍ധക്യകാല  - വിധവ പെന്‍ഷനുകള്‍, സൈനി കര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ അവധി, ജനിച്ചയുടന്‍ തന്നെ കുട്ടികള്‍ക്ക് ധനസഹായം, കത്തുകള്‍, നിയമന പത്രങ്ങള്‍, വരവ് ചെലവ് കണക്കുകള്‍ തുടങ്ങിയ രേഖകള്‍ സൂക്ഷിക്കാനുള്ള ഓഫീസുകള്‍, ജലവിതരണ സംവിധാനം, യാത്രക്കാര്‍ക്ക് വിശ്രമ മന്ദിരങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്.

ഹിജ്‌റയെ അടിസ്ഥാനമാക്കി കലണ്ടര്‍ നടപ്പാക്കിയതും ജയിലുകള്‍ നിര്‍മിച്ചതും നാണയ വ്യവസ്ഥ കൊണ്ടുവന്നതും വാര്‍ത്താവിതരണ സമ്പ്രദായം പരിഷ്‌കരിച്ചതും അല്‍ഫാറൂഖ് തന്നെ. നീതിമാനായ ഖലീഫ,  അതായിരുന്നു ഉമര്‍(റ). നീതി നടപ്പാക്കാന്‍ കോടതികള്‍ സ്ഥാപിക്കുകയും അതില്‍ കറകളഞ്ഞ നീതിമാന്‍മാരായ ന്യായാധിപന്‍മാരെ നിയമിക്കുകയും ചെയ്തു. അതേ കോടതികളില്‍ വാദിയായും ചിലപ്പോള്‍ പ്രതിയായും ഖലീഫ ഉമറും എത്തി. വിധി പലപ്പോഴും ഉമറിന് എതിരായും വന്നു!

ജനങ്ങള്‍ തെറ്റുകളില്‍പെടാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. എന്നിട്ടും തെറ്റു ചെയ്യുന്ന വരെ വിചാരണ നടത്തി കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കുക,  ഇതാണ് നീതിന്യായം.

ഉമറി(റ)ന്റെ അന്ത്യം

ഒരു ദശാബ്ദകാലത്തെ ഉമറി(റ)ന്റെ ഭരണം സംഭവബഹുലമായിരുന്നു. രാത്രിയുടെ യാമങ്ങളില്‍ ടെന്റുകള്‍ക്ക് കാവല്‍ നിന്നും ദരിദ്രകുടുംബത്തില്‍ ഭാര്യയെയും കൂട്ടി അഗതിയുടെ പ്രസവമെടുക്കാന്‍ ചെന്നും തെരുവോരത്തെ മരച്ചുവട്ടില്‍ ഉറങ്ങിയും ഖലീഫ ലോകത്തെ അമ്പരപ്പിച്ചു. ഈ ചരിത്ര സംഭവങ്ങളെല്ലാം സുവിതിദങ്ങളാണ്.

രക്തസാക്ഷ്യത്തിനായി സദാ പ്രാര്‍ഥിച്ചിരുന്നു, ഒരു കാലത്ത് മക്കയുടെ പേടിസ്വപ്നമായിരുന്ന ഉമര്‍(റ). ഖലീഫയായിരുന്നിട്ടും അല്ലാഹു തന്റെ ദാസന് അതിന് അവസരം നല്‍കുകയും ചെയ്തു.

ഹിജ്‌റ 23 ദുല്‍ഹിജ്ജ 26ന് ഉമര്‍(റ) പതിവുപോലെ സുബ്ഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുക യായിരുന്നു. ഇതിനിടെയാണ് മജൂസിയായ ഫൈറൂസ് എന്ന അബൂലുഅ്‌ലുഅ ഖലീഫയെ പിന്നില്‍ നിന്നു കുത്തിയത്. മസ്ജിദുന്നബവിയുടെ മിഹ്‌റാബില്‍ വീണ ഉമര്‍(റ) കൊലയാളിയെ പിടിക്കാനും നമസ്‌കാരം പൂര്‍ത്തിയാക്കാനുമാണ് ആദ്യം ആവശ്യപ്പെട്ടത്. പക്ഷേ, കൊലയാളി അപ്പോഴേക്കും സ്വയം ജീവനൊടുക്കിയിരുന്നു.

ആഇശ(റ)യുടെ വീട്ടില്‍ തിരുനബിയുടെയും അബൂബക്‌റിന്റെയും ഖബ്‌റുകളുടെ ചാരത്ത് അല്‍ഫാറൂഖും അന്ത്യനിദ്രയാരംഭിച്ചു. ആരും കരയരുതെന്ന് ഖലീഫ മരണവേദനക്കിടെ അപേക്ഷിച്ചെങ്കിലും പ്രിയ ഖലീഫയുടെ വേര്‍പാട് ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറ മായിരുന്നു.

 


 

Feedback