''സഹോദരാ, താങ്കള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഇബ്‌റാഹീമീ മതം ഇപ്പോള്‍ ലോകത്തെവിടെയുമില്ല. താങ്കള്‍ മക്കയിലേക്ക് തന്നെ മടങ്ങുക. ഇബ്‌റാഹീമീ മതത്തിന്റെ ചൈതന്യമായി ഒരു പ്രവാചകന്‍ മക്കയില്‍ വരാനിരിക്കുന്നു''
സിറിയയിലെ വേദപണ്ഡിതന്റെ വാക്കുകള്‍ സൈദുബ്‌നു അംറിന്റെ മനം കുളിര്‍പ്പിച്ചു.
''എന്റെ നാടായ മക്കയിലോ''
ആഹ്ലാദമടക്കാനാവാതെ അദ്ദേഹം ചോദിച്ചു.
''അതേ, മക്കയില്‍ തന്നെ, നിന്റെ വര്‍ഗത്തില്‍''
പാതിരി വ്യക്തമാക്കി. ജാഹിലിയ്യത്തിന്റെ വൃത്തിഹീനമായ ആചാരങ്ങളില്‍ നിന്ന് മോചനം തേടി ഇബ്‌റാഹീം നബിയുടെ വഴിയന്വേഷിച്ച് നാടുചുറ്റിയ സൈദ് ആ നിമിഷം ജന്മനാട്ടിലേക്ക് തിരിച്ചു. മണലരണ്യത്തിന്റെ വന്യതയില്‍ ഗ്രാമീണരായ തസ്‌കര സംഘത്തിന്റെ മുന്നിലകപ്പെട്ട സൈദ് പക്ഷേ, മക്കയണയും മുമ്പ് കൊല്ലപ്പെട്ടു. കൊതിച്ച വിശ്വാസം ഹൃദയത്തിലേറ്റും മുമ്പ് മരണത്തെ കണ്ട സൈദ് ഇരു കൈകളുമുയര്‍ത്തി അല്ലാഹുവിനോട് കേണു!
''നാഥാ, തേടിയ സൗഭാഗ്യം എനിക്കോ ലഭിച്ചില്ല, എന്റെ മകന്‍ സഈദിനെ നീ സത്യപാതയില്‍ വഴി നടത്തേണമേ.''
സൈദ് സിറിയയില്‍ നിന്ന് മടങ്ങുന്ന വേളയില്‍ തന്നെ മക്കയില്‍ തിരുനബി ദൈവദൂതനായി നിയോഗിക്കപ്പെട്ടിരുന്നു. ജാഹിലിയ്യാകാലത്തെ നാല് 'ഏകദൈവ വിശ്വാസികളിലൊരാളായിരുന്ന സൈദുബ്‌നു അംറിന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. 20കാരനായ സഈദിനെ അല്ലാഹു ഇസ്‌ലാമിലേക്ക് വഴി നടത്തി. ആദ്യദിനങ്ങളില്‍ തന്നെ.
ഖുറൈശ് ഗോത്രത്തില്‍ ബനൂഅദിയ്യ് കുടുംബത്തിലാണ് ക്രിസ്തുവര്‍ഷം 593ല്‍ സഈദ് ജനിക്കുന്നത്. പിതാവ് സൈദ് ഉമറുബ്‌നുല്‍ ഖത്വാബിന്റെ പിതാവ് ഖത്വാബിന്റെ മൂന്നാമത്തെ സഹോദരനാണ്. സഈദിന്റെ ഭാര്യയാകട്ടെ ഉമറിന്റെ സഹോദരി ഫാത്വിമയും. ഉമറിന്റെ ഭാര്യ ആത്തിഖ സഈദിന്റെ പെങ്ങളും.
ജാഹിലിയ്യ ജീര്‍ണതകളെയും ബിംബാരാധനയെയും വെറുത്ത പിതാവിന്റെ പുത്രനെന്ന നിലയില്‍ സഈദ് ഇസ്‌ലാമിനെ കാത്തിരിക്കുകയായിരുന്നു. ഖബ്ബാബില്‍ നിന്ന് കേട്ടറിഞ്ഞപ്പോള്‍ ദൂതരെ പോയി കണ്ടു. വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. ഭാര്യ ഫാത്വിമയും പ്രിയതമന്റെ വഴിയിലെത്തി. വീട്ടിലെത്തി ഖബ്ബാബ് അവരെ ഖുര്‍ആന്‍ പഠിപ്പിച്ചു. ഇതിലൊരു ദിവസമാണ് ഉമര്‍ വീട്ടിലെത്തിയതും നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അദ്ദേഹം ഇസ്‌ലാമിന്റെ പാതയിലെത്തുന്നതും.
സഈദ്(റ) നബി(സ്വ)യുടെ സഹായി
ഇസ്‌ലാമിന്റെ അംഗബലം ഇരുപത് തികയും മുമ്പ് തന്റെ ഇരുപതാം വയസ്സില്‍ തിരുനബിയില്‍ വിശ്വാസമര്‍പ്പിച്ച സഈദ്(റ) പിന്നെ തിരുനബിയുടെ ചാരത്ത് നിന്നും മാറിയിട്ടില്ല. വിശ്വസ്തനായി കൂടെയുണ്ടായിരുന്ന സഈദി(റ)ന് നബി(സ്വ) ചുമതലയും നല്‍കി. ഖുര്‍ആന്‍ രേഖപ്പെടുത്തി വെക്കാന്‍.
ഹിജ്‌റയില്‍ പങ്കെടുത്ത് മദീനയിലെത്തിയപ്പോഴേക്കും ദൂതരുടെ സഹവാസത്തിലായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം ഖുറൈശികളുടെ നീക്കമറിയാന്‍ മക്കയിലേക്ക് വിട്ടത് സഈദ്(റ)നെയായിരുന്നു. തിരിച്ചു വന്നപ്പോഴേക്കും ബദ്ര്‍ യുദ്ധം കഴിഞ്ഞിരുന്നു. സങ്കടത്തിലായ തന്റെ ശിഷ്യന് ദൂതര്‍ 'ബദ്‌രീങ്ങള്‍' പദവി നല്‍കി.
ഉഹ്ദിലും ഹുനൈനിലും ദൂതര്‍ക്ക് പ്രതിരോധം തീര്‍ത്തു സഈദ്(റ) ഉണ്ടായിരുന്നു. ഹുദൈബിയ യിലും മക്കാ വിജയത്തിലും സാക്ഷിയായുമുണ്ടായിരുന്നു. ഒടുവില്‍ തിരുദൂതരുടെ മരണവും വേപഥുവോടെ കണ്ടു സഈദ്(റ).
അബൂബക്‌റി(റ)ന്റെ ഭരണാന്ത്യത്തില്‍ നടന്ന യര്‍മൂക്ക് യുദ്ധം പരീക്ഷണത്തിന്റെ തീച്ചൂളയാ ണൊരുക്കിയത്. സര്‍വായുധസജ്ജരായി ഒഴുകിവന്ന റോമന്‍ സൈന്യത്തിന്ന് മുന്നില്‍ വിശ്വാസത്തിന്റെ ബലത്തില്‍ പോരിനിറങ്ങിയ മുസ്‌ലിം സംഘത്തില്‍ സഈദുമുണ്ടായിരുന്നു. റോമന്‍ പടയെ മുസ്‌ലിംകള്‍ ഛിന്നഭിന്നമാക്കി .
ദമസ്‌കസ് കീഴടക്കിയ അബൂഉബൈദ(റ) അവിടെ സഈദ്(റ)നെ താത്ക്കാലിക ഗവര്‍ണറാക്കി. എന്നാല്‍ ആ പദവി വഹിക്കാന്‍ സഈദി(റ)നായില്ല. നിസ്സഹായത അറിയിച്ചുകൊണ്ട് അദ്ദേഹം അബൂഉബൈദ(റ)ക്കെഴുതി. ''എന്നെ ഇവിടെയാക്കി നിങ്ങള്‍ ജിഹാദിന് പോവുകയോ? മറ്റൊരാളെ നിയോഗിച്ച് എന്നെ കൂടി സൈന്യത്തിലേക്ക് വിളിക്കൂ''.
അബൂഉബൈദ(റ) അത് അംഗീകരിച്ചു.
ഉസ്മാന്‍(റ)ന്റെ ഖിലാഫത്ത് കാലത്ത് മദീനയിലായിരുന്നു സഈദ്(റ). പത്‌നി ഫാത്വിമ അപ്പോഴേക്കും വിട പറഞ്ഞിരുന്നു. മാതൃകാ ദാമ്പത്യമായിരുന്നു അവരുടേത്. ഉമറി(റ)ന്റെ കുടുംബത്തില്‍ നിന്ന് ആദ്യം ഇസ്‌ലാമിലെത്തുകയും മറ്റുള്ളവരെ ഇസ്‌ലാമിലേക്ക് കൊണ്ടുവരികയും ചെയ്ത് ഫാത്വിമയും സഈദ്(റ)ന്ന് ഒപ്പമുണ്ടായിരുന്നു. അസ്‌വദ്, അബ്ദുല്ല, അബ്ദുറഹ്മാന്‍, സൈദ് എന്നീ സന്താനങ്ങള്‍ അവര്‍ക്ക് പിറന്നു.
79 വയസ്സുവരെ ജീവിച്ച ഈ 'സ്വര്‍ഗവാസി'(അബൂദാവൂദ്:4649) ക്രിസ്തുവര്‍ഷം 675 (ഹിജ്‌റ 51)ല്‍ മുആവിയയുടെ ഭരണകാലത്താണ് യാത്രയായത്.