Skip to main content

ത്വല്‍ഹത്തുബ്‌നു ഉബൈദില്ല(റ)

അബൂബക്‌റി(റ)നെയും ഉസ്മാനെ(റ)യും പോലെ കച്ചവടക്കാരനായിരുന്നു ഉബൈദുല്ലയുടെ മകന്‍ ത്വല്‍ഹത്തും. പതിവുപോലെ അന്നും വലിയ വ്യാപാര സംഘത്തോടൊപ്പം ത്വല്‍ഹ സിറിയയിലെത്തി. ബുസ്‌റായില്‍ കച്ചവടത്തിരക്കിലലിയവെ, ഒരു ക്രൈസ്തവ പുരോഹിതന്‍ ചന്തയിലെത്തി. ഉറക്കെ വിളിച്ചുപറഞ്ഞു. 

'വ്യാപാരികളേ, നിങ്ങളില്‍ മക്കയില്‍ നിന്നുള്ള ആരെങ്കിലുമുണ്ടോ?'

'അതേ, ഞാന്‍ ഹറമില്‍ നിന്നുള്ളയാളാണ്.'-ത്വല്‍ഹ പറഞ്ഞു. 'അവിടെ അഹ്മദ് എന്ന് പേരുള്ള ഒരാള്‍ ദൈവദൂതനാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ടോ?' പുരോഹിതന്‍ സംശയമുണര്‍ത്തിച്ചു.
'ഏത് അഹ്മദ്?' ത്വല്‍ഹക്ക് മനസ്സിലായില്ല.

'അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍. അങ്ങനെയൊരാള്‍ വരേണ്ടത് ഈ മാസത്തിലാണ്. അവസാനത്തെ പ്രവാചകനാണ് അദ്ദേഹം. അദ്ദേഹം വന്നാല്‍ ഒരിക്കലും വിശ്വസിക്കാതിരിക്കരുത്'. പുരോഹിതന്‍ ത്വല്‍ഹയെ ഉപദേശിച്ചു.

വ്യാപാരം കഴിഞ്ഞ് മക്കയിലെത്തിയ ത്വല്‍ഹ അറിയുന്നത്, അല്‍ അമീനായ മുഹമ്മദ് അല്ലാഹുവിന്റെ ദൂതനായി തെരഞ്ഞെടുക്കപ്പെട്ടതായുള്ള വാര്‍ത്തയാണ്. ഉടനെ അദ്ദേഹം സുഹൃത്ത് അബൂബക്‌റി(റ)നെ കണ്ടു. യാദൃച്ഛികമാവാം  കച്ചവടത്തിനുപോയ ഉസ്മാനും ത്വല്‍ഹക്കുണ്ടായതിനു സമാനമായ മറ്റൊരു അനുഭവം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹവും അബൂബക്‌റി(റ)നെ കണ്ടിരുന്നു.  വിസ്മയം പൂണ്ട സിദ്ദീഖ്(റ) ഇരുവരെയും കുട്ടി തിരുസന്നിധിയിലെത്തി. വിഷയം അവതരിപ്പിച്ചു. പുഞ്ചിരിയോടെ ദൂതന്‍ ഹിറാഗുഹയിലും തുടര്‍ന്നുമുണ്ടായ സംഭവങ്ങള്‍ അവരുമായി പങ്കുവെച്ചു.

സാക്ഷ്യവചനം ചൊല്ലിയാണ് ത്വല്‍ഹ അവിടെ നിന്നു തിരിച്ചുപോന്നത്. പില്ക്കാലത്ത് സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാളായ ത്വല്‍ഹത്തുബ്‌നു ഉബൈദില്ല(റ) ആറാമനായി ഇസ്‌ലാം സ്വീകരിച്ചയാളാണ്.

ഖുറൈശ് ഗോത്രത്തിലെ ബനൂ തൈം കുടുംബത്തില്‍ ഉബൈദുല്ലയുടെയും സ്വഅ്‌സബിന്‍തി ഹദ്‌റമിയുടെയും മകനായി മക്കയില്‍ ജനിച്ചു. ത്വല്‍ഹത്തുല്‍ ജൂദ് എന്ന പേരിലും അറിയപ്പെട്ടു. തിരുനബിയുടെ ഇഷ്ടപാത്രമായ ത്വല്‍ഹയെ 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി', 'ധര്‍മിഷ്ടനായ ത്വല്‍ഹ' എന്നിങ്ങനെയൊക്കെ അവിടുന്ന് വിശേഷിപ്പിച്ചിരുന്നു.

ത്വല്‍ഹ ഇസ്ലാം  സ്വീകരിച്ചത് അദ്ദേഹത്തിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. കുപിതയായ മാതാവ് സ്വഅ്‌സ, ത്വല്‍ഹ(റ)യെ ശാരീരിക, മാനസിക പീഡനങ്ങള്‍ക്കിരയാക്കി. നൗഫലുബ്‌നു ഖുവൈലിദ് എന്ന ഖുറൈശി പ്രമുഖന്‍ ത്വല്‍ഹ(റ)യെ കയറില്‍ കെട്ടി അക്രമികള്‍ക്ക് വിട്ടുനല്കിയിരുന്നുവത്രെ.

ധീരനും ധര്‍മിഷ്ഠനും

'അല്ലാഹുവിനോട് ചെയ്ത കരാര്‍ പാലിച്ച ചില വ്യക്തികള്‍ സത്യവിശ്വാസികളിലുണ്ട്. അവരില്‍ ചിലര്‍ മരിച്ചുപോയി. ചിലര്‍ കാത്തിരിക്കുന്നു. കരാറിന് ഒരു ലംഘനവും അവര്‍ വരുത്തിയില്ല'(33:23). ഈ സൂക്തം പാരായണം ചെയ്തുകൊണ്ട് ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: 'രക്തസാക്ഷിയായ ഒരാള്‍ ഭൂമിയില്‍ സഞ്ചരിക്കുന്നുണ്ടെങ്കില്‍ അത് ത്വല്‍ഹയാണ്.'

മുസ്ലിംകള്‍ക്ക് കനത്ത പരീക്ഷണമായ ഉഹ്ദ് യുദ്ധത്തില്‍ സൈന്യം ചിന്നിച്ചിതറി. ചിലര്‍ കളം വിട്ടു. എന്നാല്‍ ത്വല്‍ഹയും ഏതാനും അന്‍സ്വാരി ഭടന്‍മാരും ദൂതരെ സുരക്ഷിതനായി മലമുകളിലെത്തിച്ചു. ഇതിനിടെ പലരും മരിച്ചു വീണു. എന്നാല്‍ ശരീരം മുഴുവന്‍ മുറിവേറ്റിട്ടും ത്വല്‍ഹ(റ) ദൂതരെ വിട്ടില്ല. ശത്രുക്കളെ തുരത്തിയോടിച്ചു. ഒടുവില്‍ ബോധരഹിതനായി വീഴുകയായിരുന്നു. അങ്ങനെയാണ് ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന വിശേഷണം ദൂതര്‍ ത്വല്‍ഹ(റ)ക്കു നല്കിയത്.

പ്രവാചകന്റെ കാലത്ത് മുസ്‌ലിംകളും മുശ്‌രിക്കുകളും തമ്മില്‍ നടന്ന പ്രഥമ യുദ്ധമായ ബദ്‌റില്‍ പങ്കെടുക്കാന്‍ ത്വല്‍ഹക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മറ്റു രണാങ്കണങ്ങളിലെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അദ്ദേഹം പോരാടി. ഒടുവില്‍ ആഇശ(റ) നയിച്ച ജമല്‍ യുദ്ധത്തിലും അലി(റ)ക്കെതിരെ ത്വല്‍ഹ(റ) പട്ടാളത്തിലിറങ്ങി. എന്നാല്‍ അലി(റ)യുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് സുബൈറി(റ)നോടൊപ്പം ത്വല്‍ഹ(റ)യും പിന്‍വാങ്ങിയെങ്കിലും ചില അക്രമികളുടെ കൈകളാല്‍  ത്വല്‍ഹ(റ) വധിക്കപ്പെടുകയായിരുന്നു, ഹിജ്‌റ 36-ല്‍. സമ്പന്നനായ ത്വല്‍ഹ(റ) ഒരിക്കലും പണം വീട്ടില്‍ കുന്നുകൂട്ടിവെച്ചില്ല. തന്റെ കൈയില്‍ ആവശ്യത്തിലധികം ധനം വന്നാല്‍ അദ്ദേഹം വിഷാദചിത്തനാവും. അത് ധര്‍മം ചെയ്താലേ അദ്ദേഹത്തിന് സമാധാനം തിരിച്ചുകിട്ടിയിരുന്നുള്ളൂ.

ഒരിക്കല്‍ കച്ചവടം ചെയ്ത വകയില്‍ കണക്കറ്റ പണം കിട്ടി. അന്ന് രാത്രി അദ്ദേഹം ഉറങ്ങിയില്ല. അസ്വസ്ഥനായിക്കണ്ട ഭര്‍ത്താവിനോട് ഭാര്യ ഉമ്മുകുല്‍സസൂം ചോദിച്ചു 'അങ്ങയ്ക്ക് എന്തുപറ്റി?' 'ഇത്രയധികം ധനം വീട്ടില്‍ വെച്ച് കിടന്നുറങ്ങിയാല്‍ അല്ലാഹുവിനോട് ഞാന്‍ സമാധാനം പറയേണ്ടി വരില്ലേ? ത്വല്‍ഹ(റ) കരയാന്‍ തുടങ്ങി'

'താങ്കള്‍ വിഷമിക്കരുത്, പുലര്‍ന്നാല്‍ നമുക്കത് താങ്കളുടെ കുടുംബത്തിലെ നിര്‍ധനര്‍ക്ക് ദാനം ചെയ്യാം.' ധര്‍മപത്‌നി ത്വല്‍ഹ(റ)യെ സമാധാനിപ്പിച്ചു.

ആവശ്യക്കാരെ കണ്ടറിഞ്ഞ് സഹായിച്ചിരുന്ന ഈ പ്രവാചകാനുചരന്‍, തന്റെ കുടുംബമായ ബനൂതൈമില്‍ ഒരാളെപ്പോലും ദാരിദ്ര്യത്തിന്  വിട്ടുകൊടുത്തില്ല. തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരിക്കല്‍ ഒരാള്‍ ത്വല്‍ഹ(റ)യുടെ വീട്ടില്‍ വന്ന് ധര്‍മം ആവശ്യപ്പെട്ടു. കൈവശം ഒന്നുമില്ലാത്തതിനാല്‍ തന്റെ പേരിലുണ്ടായിരുന്ന സ്ഥലം ഉസ്മാനുബ്‌നു അഫ്ഫാന്(റ) വില്പന നടത്തിയാണ് ബന്ധുവിനെ സഹായിച്ചത്.

ത്വല്‍ഹത്തുബ്നു ഉബൈദില്ല(റ) നബി(സ്വ)യില്‍ നിന്ന് 38 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.  

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446