Skip to main content

ഭാഷാര്‍ഥവും നിര്‍വചനവും

ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളില്‍ രണ്ടാമത്തേതാണ് ഹദീസ്. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനാണ് പ്രഥമ പ്രമാണം. ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാതാവും കര്‍മമാതൃകയുമായ പ്രവാചകന്റെ അധ്യാപനങ്ങളാണ് ഹദീസ്.

ഹദീസ് എന്ന പദത്തിന് വര്‍ത്തമാനം എന്നാണര്‍ഥം. അല്ലാഹു പറയുന്നു. (നബിയേ), ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ (88:1). പ്രസ്തുത സൂക്തത്തില്‍ വര്‍ത്തമാനം എന്ന അര്‍ഥത്തില്‍ 'ഹദീസ്' എന്ന പദപ്രയോഗമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ നബി(സ്വ)യുടെ വാക്കും പ്രവൃത്തിയും സമ്മതവുമാണ് ഹദീസ്. പ്രവാചകനെക്കുറിച്ച വിശേഷണം, വര്‍ണന എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഹദീസിന്റെ മറ്റൊരു പേരാണ് സുന്നത്ത്. പ്രവാചകന്റെ വാക്കും പ്രവൃത്തിയും അംഗീകാരവും വിശേഷണങ്ങളും ഉള്‍പ്പെടുന്ന ഹദീസിന്റെ നിര്‍വചനം തന്നെയാണ് പണ്ഡിതന്മാര്‍ സുന്നത്തിനും നല്‍കിയിട്ടുള്ളത്. നബി(സ്വ) പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ വിട്ടേച്ചു പോകുന്നു. അവയെ നിങ്ങള്‍ അവലംബിക്കുന്നതാകയാല്‍ നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ സുന്നത്തുമാണവ' (ഹാകിം).

വാക്കുകള്‍ : നബി(സ്വ)യുടെ പ്രസ്താവനകള്‍, ആജ്ഞകള്‍, നിരോധങ്ങള്‍, ഉപദേശ നിര്‍ദേശങ്ങള്‍, പ്രോത്സാഹനങ്ങള്‍, സംഭവ വിവരണങ്ങള്‍, ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍, പ്രവചനങ്ങള്‍ തുടങ്ങിയവയെല്ലാം നബി(സ്വ) പറഞ്ഞ കാര്യങ്ങള്‍ അഥവാ വാചികമായ ഹദീസ് ആണ്. ഉദാഹരണം ''ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്താപിച്ചു മടങ്ങുക, അവനോട് പാപമോചനം തേടുക, ഞാന്‍ ദിനേന നൂറു തവണ പശ്ചാത്താപിക്കാറുണ്ട്'' (മുസ്‌ലിം).

പ്രവൃത്തികള്‍ : അനുഷ്ഠാനമുറകള്‍, പരസ്പര ബന്ധങ്ങള്‍, സാമ്പത്തികവും മറ്റുമായ ഇടപാടുകള്‍, ശിക്ഷാവിധികള്‍, രാഷ്ട്രീയ നടപടികള്‍, യുദ്ധം,  സന്ധി, സൈനിക വിന്യാസം, സമസൃഷ്ടിസ്‌നേഹം, ജനസേവനം, പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍, സംസ്‌കരണ കാര്യങ്ങള്‍, വിവാഹം, കുടുംബബന്ധങ്ങള്‍ തുടങ്ങിയ പ്രവാചകന്റെ ജീവിതത്തിലെ മുഴുവന്‍ കര്‍മങ്ങളും നബിയുമായി അടുത്തിടപഴകിയതിലൂടെ സ്വഹാബികള്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞു. നബി(സ്വ)യുടെ ജീവിതത്തെ സൂക്ഷ്മമായ പഠനനിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു അവര്‍. നബിയുടെ വാക്കുകളും കര്‍മങ്ങളും സാകൂതം ശ്രവിച്ച് കൃത്യമായി ഹൃദയത്തില്‍ സൂക്ഷിക്കുകയും ജനസമക്ഷം ഉദ്ധരിക്കുകയും ചെയ്തു. ഹദീസ് എന്ന ഇസ്‌ലാമിലെ ബൃഹത്തായ വൈജ്ഞാനിക ശാഖ ഉടലെടുക്കുന്നതും ഈ രീതിയിലാണ്. നബി(സ്വ)യുടെ പ്രവൃത്തികളെ സൂക്ഷ്മനിരീക്ഷണം നടത്തിയ അനുചരര്‍ വ്യക്തമായി വിവരിച്ചുതരുന്നതിലൂടെ നബി(സ്വ)യുടെ ജീവിതത്തിലെ ഉദാത്ത മാതൃകകളാണ് നമുക്കുള്‍ക്കൊള്ളാന്‍ കഴിയുന്നത്. നബി(സ്വ) നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അനുഷ്ഠിച്ചിരുന്ന സമയങ്ങളെക്കുറിച്ച് ജാബിറുബ്‌നു അബ്ദില്ലാ(റ)യില്‍നിന്നുള്ള നിവേദനം ഉദാഹരണം. ''റസൂല്‍(സ്വ) നട്ടുച്ചസമയത്ത് ളുഹ്‌റും, സൂര്യന്‍ അസ്തമിച്ചാല്‍ മഗ്‌രിബും നമസ്‌കരിച്ചിരുന്നു. ഇശാഅ് ചിലപ്പോള്‍ പിന്തിക്കും. മറ്റു ചിലപ്പോള്‍ ആദ്യസമയത്ത് തന്നെ നിര്‍വഹിക്കും. എല്ലാവരും എത്തിച്ചേര്‍ന്നാല്‍ രാവിന്റെ ആദ്യസമയത്തും അല്ലാത്ത പക്ഷം വൈകിയും നിര്‍വഹിക്കും. നബി(സ്വ) സുബ്ഹ് നമസ്‌കരിക്കുമ്പോള്‍ ഇരുട്ട് തന്നെയായിരിക്കും''.

തഖ്‌രീര്‍ : പ്രവാചക സന്നിധിയിലോ അദ്ദേഹത്തിന്റെ അഭാവത്തിലോ അനുയായികളിലാരെങ്കിലും ചെയ്ത ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് തിരുമേനി(സ്വ) വിസമ്മതമൊന്നും പ്രകടിപ്പിക്കാതെ മൗനം ദീക്ഷിക്കുകയോ, സമ്മതമോ സംതൃപ്തിയോ പ്രകടിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതാണ് സ്ഥിരീകരണം (തഖ്‌രീര്‍) കൊണ്ടുദ്ദേശിക്കുന്നത്. ഇതും ഹദീസിന്റെ ഗണത്തില്‍പ്പെടുന്നു. ഉദാഹരണം 'പ്രവാചകന്റെ അനുചരര്‍ ഭക്ഷണം കഴിക്കവെ ഉടുമ്പുമാംസം വിളമ്പിയപ്പോള്‍ തിരുമേനി അത് കഴിക്കാതിരിക്കുകയും ഖാലിദ്ബ്‌നു വലീദ് ഉള്‍പ്പെടെയുള്ളവര്‍ തിന്നുകയും ചെയ്തു.

വര്‍ണനകള്‍ : തിരുദൂതരുടെ സ്വഭാവ മഹിമയെയും ശരീര പ്രകൃതിയെയും കുറിച്ചുള്ള വര്‍ണനകള്‍ ഹദീസിലുണ്ട്. ആഇശ(റ) പറയുന്നു: ''തിരുമേനിയുടെ സ്വഭാവം ഖുര്‍ആന്‍ തന്നെയായിരുന്നു''. അനസ്(റ) പറയുന്നു: ''റസൂല്‍(സ്വ) ജനങ്ങളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ട സ്വഭാവിയായിരുന്നു. തിരുദൂതരുടെ കരങ്ങളേക്കാള്‍ മാര്‍ദവമുള്ള പട്ടോ, പട്ടു ചേര്‍ത്ത് നെയ്ത വസ്ത്രമോ ഞാന്‍ തൊട്ടിട്ടില്ല. നബി(സ്വ)യുടെ മണത്തെക്കാള്‍ ഉത്തമമായ മറ്റൊരു സുഗന്ധവും ഞാന്‍ വാസനിച്ചിട്ടില്ല. പത്തു വര്‍ഷത്തോളം ദൈവദൂതര്‍ക്ക് ഞാന്‍ സേവനം ചെയ്തിട്ടുണ്ട്. ഈ കാലത്തിനിടയില്‍ ഒരിക്കല്‍പോലും നബി(സ്വ) എന്നോട് 'ഛെ' എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്ത ഏതെങ്കിലും കാര്യത്തെക്കുറിച്ച് എന്തിന് ചെയ്‌തെന്നോ, ചെയ്യാത്തതിനെക്കുറിച്ച് അത് ചെയ്യാമായിരുന്നില്ലേ എന്നോ പറയുകയുണ്ടായില്ല''.
 


 

Feedback
  • Tuesday Jan 28, 2025
  • Rajab 28 1446