Skip to main content

തെരഞ്ഞെടുത്ത ഹദീസുകൾ വിഷയക്രമത്തിൽ

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ രണ്ടെണ്ണമാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും. ഖുര്‍ആന്‍ ദൈവിക വചനങ്ങളാണ്. ജിബ്‌രീല്‍ മലക്ക് മുഖേന ദിവ്യബോധനമായി അന്തിമപ്രാവാചകന്‍ മുഹമ്മദ് നബി(സ്വ)ന്ന് ലഭിച്ചത്. ഒന്നിച്ച് ഒരു ഗ്രന്ഥമായിട്ടല്ല ഖുര്‍ആന്‍ അവതരിച്ചത്. ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് സന്ദര്‍ഭത്തിനനുസരിച്ച് പലപ്പോഴായി ലഭിച്ചതാണ്. ഓരോ സൂക്തവും ഇറങ്ങുന്ന മാത്രയില്‍ നബി അത് ജനങ്ങള്‍ക്ക് എത്തിക്കുന്നു. നബിക്കത് മനഃപാഠമാകുന്നു. മറ്റുള്ളവര്‍ മനഃപാഠമാക്കുന്നു. പ്രാവാചക വിയോഗത്തിന്റെ തൊട്ടുമുന്‍പായി അതൊരു പൂര്‍ണ ഗ്രന്ഥമായിത്തീര്‍ന്നു. നബി ഗ്രന്ഥരൂപത്തിലാക്കിയിട്ടില്ല. പ്രവാചക വിയോഗത്തിന്റെ തൊട്ടുടനെ പിന്‍ഗാമി ഖലീഫ അബൂബക്ര്‍(റ) അത് ഗ്രന്ഥരൂപത്തിലാക്കി. അതാണ് ഇന്നും ലോകത്ത് നിലനില്ക്കുന്ന കോടിക്കണക്കിന് മുസ്വ് ഹഫുകള്‍. അഥവാ വിശുദ്ധ ഖുര്‍ആനിന്റെ വിവിധ രൂപം.

വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് മുഹമ്മദ് നബി ജനതയെ നയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും അടങ്ങിയതാണ് നബിചര്യ അഥവാ സുന്നത്ത്. ഇതു തന്നെയാണ് ഹദീസ് എന്ന് പറയുന്നത്. നബിചര്യ(ഹദീസുകള്‍) ആണ് ഇസ്‌ലാമിലെ രണ്ടാം പ്രമാണം. നബിചര്യ നബിയുടെ കാലത്തോ ഖലീഫമാരുടെ കാലത്തോ വ്യവസ്ഥാപിതമായി ഗ്രന്ഥരൂപത്തിലായിരുന്നില്ല. കാരണം നബിയെ കണ്ട് മാതൃകയാക്കി ജീവിച്ച സമൂഹത്തിന് നബിചര്യ പ്രത്യേകം സൂക്ഷിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍ ആ തലമുറ മറഞ്ഞുപോകുമെന്ന ഘട്ടമെത്തിയപ്പോള്‍ നബിചര്യ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കി സൂക്ഷിക്കാന്‍ തീരുമാനിച്ചു. അതാണ് ഹദീസ് ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നത്.

ഇങ്ങനെ ക്രോഡീകരിച്ച ചില ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രവാചക വചനങ്ങളും സ്വഹാബികളുടെ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളും അവയില്‍ കടന്നുകൂടി. ആയതിനാല്‍ അതീവശ്രദ്ധയോടെ മനുഷ്യകഴിവിന്റെ പരമാവധി ശ്രമിച്ച് പ്രബലമായ ഹദീസുകളും പ്രബലമല്ലാത്ത റിപ്പോര്‍ട്ടുകളും വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞു. ഇങ്ങനെ ക്രോഡീകരിക്കപ്പെട്ട അനേകം ഹദീസ് ഗ്രന്ഥങ്ങളുണ്ട്. ബുഖാരി, മുസ്‌ലിം, നസാഈ, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ് തുടങ്ങി അനേകം ഗ്രന്ഥങ്ങളുണ്ട്. ഇവയില്‍ സ്വീകാര്യതയില്‍ ഏറ്റവും മികച്ചു നില്ക്കുന്നത് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തവയാണ്. ഇത്തരം ഹദീസുകള്‍ക്ക് മുത്തഫഖുന്‍ അലൈഹി എന്നും പറയുന്നു. പിന്നെ ബുഖാരിയും ശേഷം മുസ്‌ലിമും.

പ്രബലമല്ലാത്ത റിപ്പോര്‍ട്ടുകളുടെ ന്യൂനതകള്‍ ആ ഗ്രന്ഥകാരന്‍മാര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഹദീസ് ഗ്രന്ഥങ്ങളില്‍ മിക്കതിന്റെയും മലയാള പരിഭാഷകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്കു വേണ്ടി എല്ലാ ഗ്രന്ഥങ്ങളിലെയും പ്രബലമായ (സ്വഹീഹ്) പ്രാമാണികമായ ഹദീസുകള്‍ മാത്രം തിരഞ്ഞെടുത്ത് പരിഭാഷയടക്കം ഇസ്‌ലാം കവാടം അതിന്റെ ഉള്ളടക്കത്തിന്റെ ഭാഗമായി ചേര്‍ക്കുകയാണ്. ഓരോ വിഷയത്തിലും എല്ലാ ഗ്രന്ഥങ്ങളിലെയും പ്രാമാണികമായ ഹദീസുകള്‍ ആശയസഹിതം കണ്ടെത്താന്‍ കഴിയുക എന്നത് ഏതൊരു വിശ്വാസിക്കും ലഭിക്കുന്ന അസുലഭ അവസരമായിരിക്കും. അതാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കാണുന്നത്. വിശ്വാസം (ഈമാന്‍) ആണ് തുടക്കം കുറിക്കുന്നത്. ബാക്കി ഭാഗങ്ങള്‍ വൈകാതെ അനുവാചക തലത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പരാമര്‍ശിക്കുന്ന ഓരോ ഹദീസും ഏതു ഗ്രന്ഥത്തില്‍ നിന്നാണെന്ന് നമ്പര്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അത് ഏറെ സഹായകമാവുമല്ലോ. എന്നാല്‍ ടെക്‌സ്റ്റുകളോ സൈറ്റുകളോ മാറുന്നതിനനുസരിച്ച് നമ്പറില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം. അത് ഓരോരുത്തരും നമ്പര്‍ കൊടുക്കുന്നതിന്റെ മാനദണ്ഡങ്ങളിലുള്ള വ്യത്യാസമാണ്. അത് പഠനത്തെ ബാധിക്കില്ല. 

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരോ വിഷയത്തിലുമുള്ള വ്യത്യസ്ത ഹദീസുകളില്‍ ചില പദങ്ങള്‍ക്ക് മാറ്റമുണ്ടായേക്കാം. ഒരേ സംഭവം വ്യത്യസ്ത വ്യക്തികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍, നബി(സ്വ) വ്യത്യസ്ത രൂപങ്ങള്‍ പഠിപ്പിച്ച പ്രാര്‍ഥനകള്‍ മുതലായവ ഇതില്‍പെടും. നാം ഇവിടെ ഉദ്ധരിക്കുന്ന ഹദീസ് ഏത് ഗ്രന്ഥത്തിലുള്ളതാണെന്ന് ഹദീസിനു ശേഷം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിര്‍ദിഷ്ട ഹദീസ് ആരുദ്ധരിച്ചതാണെന്നാണ് ആദ്യ നമ്പര്‍ സൂചിപ്പിക്കുന്നത്. അതേ വിഷയം നേരിയ വ്യത്യാസത്തോടെ ഉദ്ധരിക്കപ്പെട്ട മറ്റു ഗ്രന്ഥങ്ങളുടെ പേരുകളും നമ്പറുകളും തുടര്‍ന്ന് ചേര്‍ത്തിട്ടുണ്ട്. വായനക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Feedback