ഓറിയന്റലിസ്റ്റുകളും ഹദീസ് നിഷേധികളും നബിചര്യ പ്രമാണമല്ലെന്നോ ഹദീസുകള്‍ സ്വീകാര്യമല്ലെന്നോ പ്രത്യക്ഷമായി പറയുന്നതിനുപകരം യഥാര്‍ഥ നബിചര്യ നമുക്ക് ലഭിച്ചിട്ടില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. മുഹദ്ദിസുകളെയും അവരുടെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങളെയും മാത്രമല്ല, പിന്‍തലമുറയിലേക്ക് നബിവചനങ്ങള്‍ എത്തിച്ച സ്വഹാബിവര്യന്മാരെപ്പോലും അവര്‍ തള്ളിപ്പറയുകയുണ്ടായി. ഒരുദാഹരണം നോക്കാം.
ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ചെയ്ത അബൂഹുറയ്‌റ(റ)യെപ്പോലെയുള്ള സ്വഹാബികളുടെ വിശ്വാസ്യത ചോദ്യം ചെയ്തു. അബൂബക്ര്‍(റ), ഉമര്‍(റ) തുടങ്ങിയ പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളും സന്തത സഹചാരികളും വിരലിലെണ്ണാവുന്ന ഹദീസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഖൈബര്‍ യുദ്ധത്തിനുശേഷം മാത്രം മുസ്‌ലിമായ അബൂഹുറയ്‌റ ആയിരക്കണക്കിന് ഹദീസുകള്‍ ഉദ്ധരിക്കുന്നത് എങ്ങനെ എന്നതായിരുന്നു അവരുയര്‍ത്തിയ ചോദ്യം. അബൂബക്‌റിനെക്കാളും വളരെയേറെ ഹദീസുകള്‍ അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വസ്തുത അംഗീകരിച്ച് കൊണ്ട് തന്നെ അതിനുള്ള കാരണങ്ങളെ കൃത്യമായി ഗ്രഹിക്കുമ്പോള്‍ അവരുയര്‍ത്തിയ വാദങ്ങളുടെ നിരര്‍ഥകത എളുപ്പത്തില്‍ ബോധ്യപ്പെടും.
1) നബി(സ്വ)യുടെ മരണത്തിന് മുമ്പ് മരിച്ചുപോയ സ്വഹാബിമാര്‍ ഒരു ഹദീസുപോലും റിപ്പോര്‍ട്ട് ചെയ്തു കാണില്ല. കാരണം അന്ന് അതിന്റെ ആവശ്യമില്ല. നബി(സ്വ)യുടെ മരണശേഷം ഇസ്‌ലാമിലേക്കു വരുന്നവര്‍ക്കും പുതുമുസ്ലിം തലമുറക്കും വേണ്ടിയാണല്ലോ നബിചര്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയതിനാല്‍ നബി(സ്വ) മരണപ്പെട്ട് 47 വര്‍ഷക്കാലം ജീവിച്ച അബൂഹുറയ്‌റ, 40 വര്‍ഷം ജീവിച്ച ആഇശ(റ) തുടങ്ങിയ ആളുകള്‍ രണ്ടുവര്‍ഷവും മൂന്ന് മാസവും മാത്രം ജീവിച്ച അബൂബക്ര്‍(റ)നെ പ്പോലുള്ള ആളുകള്‍ ഉദ്ധരിച്ചതിനേക്കാള്‍ കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്തത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
2) നബി(സ്വ) മരിച്ച ഉടനെ അബൂബക്ര്‍(റ) ഭരണഭാരം ഏറ്റെടുക്കുകയാണുണ്ടായത്. അബൂഹുറയ്റയാകട്ടെ ജനങ്ങള്‍ക്ക് ദീന്‍ പഠിപ്പിക്കുകയായിരുന്നു. അപ്പോള്‍ സ്വഭാവികമായും കൂടുതല്‍ ആളുകള്‍ അബൂഹുറയ്‌റയില്‍ നിന്ന് ഹദീസുകള്‍ കേള്‍ക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
3) ഹുദൈബിയ സന്ധിക്കു ശേഷം സാമൂഹികരംഗം ശാന്തമാവുകയും നബി(സ്വ) സമാധാന പൂര്‍വം പ്രബോധനം നടത്തുകയും ചെയ്ത നാലുവര്‍ഷക്കാലം നബി(സ്വ)യോടൊത്തുള്ള അബൂഹുറയ്‌റയുടെ സഹവാസം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനവസരം ലഭിച്ചു. ഇസ്‌ലാമിലെ ഒട്ടേറേ നിയമങ്ങള്‍ അവതരിപ്പിക്കപ്പെട്ടതും നിരവധി വിദേശ നിവേദകസംഘങ്ങളെ നബി(സ്വ) സ്വീകരിച്ചതും ഈ കാലത്താണ്. അബൂഹുറയ്‌റയാകട്ടെ മുഴുവന്‍ സമയവും മസ്ജിദുന്നബവിയില്‍ കഴിച്ചുകൂട്ടുകയായിരുന്നു. ഇത് മറ്റുള്ളവരെക്കാള്‍ ഹദീസുകള്‍ അദ്ദേഹത്തിന് ലഭിക്കാന്‍ കാരണമായി.
4) ഹദീസുകള്‍ കൂടുതല്‍ മനഃപാഠമാക്കുവാന്‍ അബൂഹുറയ്‌റയ്ക്കു വേണ്ടി നബി(സ്വ) പ്രാര്‍ഥിച്ചു. തദ്ഫലമായി ഹദീസ് പണ്ഡിതന്മാര്‍ അബൂഹുറയ്‌റയെ ഏറെ അവലംബമാക്കി.
5) സ്വഹാബികളില്‍ നിന്ന് ഹദീസുദ്ധരിക്കുന്നത് താബിഉകളാണ്. ഭരണകാര്യങ്ങളിലോ മറ്റ് ഉത്തരവാദിത്തങ്ങളിലോ എര്‍പ്പെട്ടിട്ടില്ലാത്ത അബൂഹുറയ്‌റ ഏറെസമയം ചെലവഴിച്ചത് ജനങ്ങളോടൊപ്പമായിരുന്നു. ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതൊരു നിമിത്തമായി.
6) ലജ്ജ കൂടാതെ ദീന്‍ കാര്യങ്ങള്‍ പഠിക്കാനുള്ള അതിയായ ആഗ്രഹത്താല്‍ അബൂഹൂറയ്‌റ(റ) നബി(സ്വ)യോട് കാര്യങ്ങള്‍ ചോദിച്ചറിയുമായിരുന്നു.
ഈ വസ്തുതകളൊന്നും ശ്രദ്ധിക്കാതെ അബൂഹൂറയ്‌റ എന്ന സ്വഹാബിവര്യനെ ജൂതനും വ്യാജനുമായി ചിത്രീകരിക്കുന്നതിലൂടെ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത അനേകം വിശ്വാസയോഗ്യമായ ഹദീസുകളെ പാടെ നിഷേധിക്കുക എന്ന ദുഷ്ടലാക്ക് മാത്രമേ മോഡേണിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നു ള്ളൂ.