ആയിരത്തി അറുനൂറ്റി ഒമ്പത് ഹദീസുകള്‍ വിവിധ മുഹദ്ദിസുകള്‍ റിപ്പോട്ടുചെയ്തത് അബൂഹുറയ്‌റ യില്‍ നിന്നായിരുന്നു. യമനിലെ ഔസ് ഗോത്രത്തിലാണ് അദ്ദേഹം പിറന്നത്. ജാഹിലിയ്യ കാലത്ത് അബ്ദുശ്ശംസ് (സൂര്യദാസന്‍) എന്നായിരുന്നു പേര്. ത്വുഫൈലുബ്‌നു അംറ് അദ്ദൗസി മുഖേനെ ഇസ്‌ലാം മതം സ്വീകരിച്ചതിന് ശേഷം നബി(സ്വ) അബ്ദുറഹ്മാന്‍ എന്ന് പേരിട്ടു. സന്തത സഹചാരിയായി ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നതിനാല്‍ സമപ്രായക്കാര്‍ അബൂഹുറയ്‌റ എന്നു വിളിച്ചുവന്നു. പ്രവാചകന്‍ അദ്ദേഹത്തെ പലപ്പോഴും 'അബൂഹിര്‍റ്' എന്ന് വിളിക്കുമായിരുന്നു (പൂച്ചകൂടെയുള്ളവന്‍).
ഹിജ്‌റക്ക് ശേഷം ഏഴാം വര്‍ഷമാണ് പ്രവാചക സന്നിധിയിലെത്തുന്നത്. പ്രവാചകന്‍ ഉറങ്ങുന്ന സമയത്തല്ലാതെ വേര്‍പിരിഞ്ഞിരിക്കുന്ന സന്ദര്‍ഭങ്ങളില്ലായിരുന്നു. വരുമാന മാര്‍ഗങ്ങളൊന്നു മില്ലാതെ പള്ളിയില്‍ മാത്രം കഴിഞ്ഞുകൂടി. സ്വന്തക്കാരെന്ന് പറയാന്‍ വൃദ്ധമാതാവ് മാത്രം. മാതാവ് ബഹുദൈവവിശ്വാസിയായിരുന്നു. സത്യവിശ്വാസമുള്‍ക്കൊള്ളാന്‍ പല തവണ മകന്‍ ഉപദേശി ച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. സങ്കടം പ്രവചാകന്റെ മുമ്പിലവതരിപ്പിക്കുകയും ഉമ്മക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. പ്രാര്‍ഥന അല്ലാഹു സ്വീകരിക്കു കയും അവര്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു. അബൂഹുറയ്‌റ ഏറ്റവുമധികം സന്തോഷിച്ച രംഗമായിരുന്നു അത്.
നബിയുമായുള്ള അബൂഹുറയ്‌റയുടെ ബന്ധം ഊഷ്മളമായിരുന്നു. ആരാധനാ കര്‍മങ്ങള്‍ക്കൊപ്പം തന്നെ വിജ്ഞാന സമ്പാദനത്തില്‍ മുഴുകി മറക്കാതെ സദാ പ്രാര്‍ഥിച്ചു. നബിയുടെ സ്വത്ത് ഭാഗിക്കുന്നു എന്ന് പറഞ്ഞ് മദീനക്കാരയ കച്ചവടക്കാരെ തിരുസന്നിധിയിലെത്തിക്കാനും അറിവാകുന്ന അമൂല്യസ്വത്ത് കൈക്കലാക്കാനും ഓര്‍മിപ്പിച്ചത് ശ്രദ്ധേയമാണ്.
വിദ്യാസമ്പാദന വഴിയില്‍ മറ്റാരും അനുഭവിക്കാത്തത്ര പട്ടിണിയും കഷ്ടപ്പാടും അബൂഹുറയ്‌റ അനുഭവിച്ചിട്ടുണ്ട്. പള്ളിയില്‍ കിടക്കുമ്പോള്‍ അറിയാവുന്ന ആയത്തുകളാണെങ്കിലും സംശയം ചോദിച്ച് അതിഥിയായി മാറാനും അതിലൂടെ വിശപ്പടക്കാനുമുള്ള ശ്രമങ്ങള്‍ വരെ നടത്തിയിട്ടുണ്ട്.
യുദ്ധസ്വത്ത് മുസ്‌ലിംകളിലേക്ക് പ്രവഹിച്ചു തുടങ്ങിയപ്പോള്‍ അബൂഹുറയ്‌റക്കും വിഹിതം ലഭിക്കുകയും സ്വത്തും വീടും കുടുംബജീവിതവും ആരംഭിക്കുകയും ചെയ്തു. അനുഗ്രഹങ്ങള്‍ വന്നപ്പോഴേക്കും ചിന്താഗതികളില്‍ മാറ്റം വരാതെ സൂക്ഷിച്ചു. അദ്ദേഹം തന്നെ പറയുന്നു'' ഞാന്‍ അനാഥനായി വളര്‍ന്നു, അഗതിയായി നാടുവിട്ടു, വിശപ്പടക്കാന്‍ ഞാന്‍ ഗസ്‌വാന്റെ മകള്‍ ബുസറയുടെ വേലക്കാരനായി, വീട്ടുകാര്‍ യാത്ര കഴിഞ്ഞുവന്നാല്‍ ഞാന്‍ അവരെ പരിചരിക്കും. അവരുടെ ഒട്ടകങ്ങളെ നയിക്കും. ഒടുവില്‍ അല്ലാഹു അവളെ എനിക്ക് ഭാര്യയായി തന്നു. ഇസ്‌ലാമിനെ രക്ഷാമാര്‍ഗവും അബൂഹുറയ്‌റയെ ഇമാമും (ഗവര്‍ണര്‍ പദവി) ആക്കിയ അല്ലാഹു വിനാണ് എല്ലാ സ്തുതിയും''
പ്രവാചകനില്‍ നിന്നും ഹദീസ് ഉദ്ധരിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അബൂഹുറയ്‌റ. ഇത്രയേറെ ഹദീസുകള്‍ എങ്ങനെ ഉദ്ധരിച്ചു എന്ന് സംശയമുയര്‍ന്നപ്പോള്‍ 'മുഹാജിറുകള്‍ കച്ചവടത്തിലും അന്‍സ്വാരികള്‍ കൃഷിയിലുമേര്‍പ്പെട്ടപ്പോള്‍ ഞാന്‍ പ്രവാചകനൊപ്പം നിന്ന് എല്ലാം മന:പാഠമാക്കുകയായിരുന്നു'' എന്ന് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. 'ആ കാലഘട്ടത്തില്‍ ഹദീസ് ഉദ്ധരിച്ചവരില്‍ ഏറ്റവും മന:പാഠമുണ്ടായിരുന്നത് അബൂഹുറയ്‌റക്കാണെന്ന് ഇമാം ശാഫിഈയും, അബൂഹുറയ്‌റയില്‍ നിന്ന് സ്വഹാബികളും താബിഇകളും വിദ്വാന്‍മാരുമായി എണ്ണൂറോളം പേര്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായെന്ന് ഇമാം ബുഖാരിയും രേഖപ്പെടു ത്തുന്നു.
ദാനധര്‍മ്മത്തിലും സാമ്പത്തിക കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തി. സ്വര്‍ണാഭരണങ്ങള്‍ നാളെ നരകത്തിലെ തീജ്വാലകളായി മാറുന്നതിനെ ഞാന്‍ ഭയക്കുന്നു എന്ന് മകള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. ഒരിക്കല്‍ മര്‍വാനുബ്‌നു ഹകം അദ്ദേഹത്തിന് നൂറ് സ്വര്‍ണ നാണയം കൊടുത്തയച്ചു. ഭൃത്യന് ആളെ മാറിപ്പോയതാണെന്നും പണം തിരികെ നല്‍കണമെന്നും അറിയിച്ച് പിറ്റേന്ന് ആള്‍ വന്നു. പക്ഷേ, അബൂഹുറയ്‌റ അതെല്ലാം ദാനം ചെയ്തു കഴിഞ്ഞിരുന്നു. ബൈത്തുല്‍ മാലില്‍ നിന്നുള്ള അടുത്ത വേതനത്തില്‍ സ്വര്‍ണനാണയങ്ങള്‍ തിരിച്ചു പിടിക്കാം എന്ന മറുപടിയാണ് അബൂഹുറയ്‌റ നല്‍കിയത്. മര്‍വാന്‍ അബൂഹുറയ്‌റയെ പരീക്ഷിക്കുകയായിരുന്നു ഇതിലൂടെ.
ഹിജ്‌റ 59ല്‍ എഴുപതിയെട്ടാമത്തെ വയസ്സില്‍ രോഗബാധിതനായിക്കൊണ്ട് അബൂഹുറയ്‌റ പരലോകം പ്രാപിച്ചു.