Skip to main content

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ നഗരം ഇന്ന് ഇന്ത്യയിലും പുറത്തും അറിയപ്പെടുന്നത് അവിടെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ വൈജ്ഞാനിക ഭവന(ദാറുല്‍ ഉലൂം)ത്തിന്റെ പേരിലാണ്. മുസ്‌ലിം ലോകത്താകെ പ്രശസ്തി പരത്തിയ വിദ്യാലയം, ഒരു പ്രദേശത്തിനും രാജ്യത്തിനാകെയും പെരുമയുടെ കീര്‍ത്തി മുദ്ര ചാര്‍ത്തിയ സ്ഥാപനം. ചരിത്രത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ഈ വിദ്യാകേന്ദ്രത്തിന്റെ പിറവി ഇന്ത്യന്‍ മുസ്‌ലിംകളുടെ പില്ക്കാല ചരിത്രത്തില്‍ ഏറെ നിര്‍ണായകവും ദൂരവ്യാപകവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചതായി കാണാം. 

darul ulum deoband

ആരംഭം 


1867 മെയ് 30 (ഹിജ്‌റ വര്‍ഷം 1283 മുഹര്‍റം 15)നാണ് ഈ സ്ഥാപനത്തിന് അസ്തിവാരമിടുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ബഹദൂര്‍ഷാ സഫറിനെ മുന്‍നിര്‍ത്തി നടത്തിയ ചെറുത്തുനില്‍പ്പ് 1857ല്‍ അടിച്ചമര്‍ത്തപ്പെടുകയും മുഗള്‍ ഭരണത്തിന്റെ അവസാനത്തെ ചിഹ്നവും തേച്ചു മായിക്കപ്പെടുകയും ചെയ്തതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ പിടി മുറുക്കി. മുസ്‌ലിംകള്‍ തങ്ങളുടെ നൂറ്റാണ്ടുകളുടെ പ്രതാപചിഹ്നങ്ങളും രാഷ്ട്രീയ അസ്തിത്വവും തകര്‍ന്നു, തികഞ്ഞ നഷ്ടബോധത്തിലും അനാഥത്വത്തിലും ആണ്ടു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് തോന്നിക്കുന്ന അവസ്ഥ. 

ഇത്തരമൊരു ഘട്ടത്തിലാണ് പ്രതിരോധത്തിന്റെയും ആത്മരക്ഷയുടെയും യഥാര്‍ത്ഥ ഉള്‍ക്കരുത്ത് വൈജ്ഞാനിക അസ്തിവാരത്തിലാണെന്ന് തിരിച്ചറിഞ്ഞ ഒരു പറ്റം ദീര്‍ഘദര്‍ശികള്‍ ദാറുല്‍ ഉലൂം എന്ന പേരില്‍ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ യു.പി.യിലെ ഥാനാഭവന്‍, ശാംലി പ്രദേശങ്ങളില്‍ ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കുക വഴി ഏറെ മതിപ്പും സ്വീകാര്യതയും നേടിയിരുന്ന ശൈഖ് മുഹമ്മദ് ഖാസിം നാനൂഥവി (മരണം 1880)യായിരുന്നു ഇതിന്റെ മുന്‍നിരയില്‍. പ്രമുഖ പണ്ഡിതനും പ്രബോധകനും പോരാളിയുമായിരുന്ന ശൈഖ് നാനൂഥവി, ക്രിസ്ത്യന്‍ മിഷനറിമാര്‍, ഖാദിയാനികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുക വഴിയും പ്രശസ്തി നേടിയിരുന്നു.

അദ്ദേഹത്തോടൊപ്പം പ്രമുഖ ഹദീസ് പണ്ഡിതന്‍ റശീദ് അഹ്മദ് ഗാംഗോഹി (1905) പ്രമുഖ അറബി കവിയും പണ്ഡിതനുമായിരുന്ന ശൈഖ് ദുല്‍ഫിഖാര്‍ അലി ദയൂബന്തി (1904) അല്‍ ഹാജ് ആബിദ് ഹുസൈന്‍ ദയൂബന്തി (1912) ശൈഖ് മുഹമ്മദ് യഅ്ഖൂബ് നാനൂഥവി (1884) ശൈഖ് റഫീഉദ്ദീന്‍ (1980) ശൈഖ് ഫദ്‌ലുറഹ്മാന്‍ ഉസ്മാനി (1907) തുടങ്ങിയവരും സജീവമായി സഹകരിച്ചു. അങ്ങനെ ഒരു മുഹര്‍റം മാസം 15ന് വ്യാഴാഴ്ച (1283) തശ്ത മസ്ജിദ് എന്ന പേരില്‍ അറിയപ്പെടുന്ന പുരാതന പള്ളിയുടെ മുന്‍വശത്ത് കൊച്ചു മരച്ചോട്ടില്‍ മുല്ലാ മഹമൂദ് എന്ന അദ്ധ്യാപകന്‍ മഹ്മൂദ് ഹസന്‍ എന്ന വിദ്യാര്‍ത്ഥിക്ക് അറിവ് പകര്‍ന്നു നല്‍കി ആരംഭിച്ച ഒരു കൊച്ചു മദ്‌റസയാണ് പില്‍ക്കാലത്ത് വളര്‍ന്നു വികസിച്ച് ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തിന് പുതിയ ദിശാസൂചി നല്‍കി തല ഉയര്‍ത്തി നില്‍ക്കുന്ന ദാറുല്‍ ഉലൂം ദയൂബന്ദ് എന്ന ഇസ്‌ലാമിക സര്‍വകലാശാലയായി മാറിയത്.

ലക്ഷ്യം 

ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ ആവശ്യമായ വിദ്യാഭ്യാസം നല്‍കുക. ഇതിനായി അധ്യാപനം, പത്രപ്രവര്‍ത്തനം, ഗ്രന്ഥരചന, മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുക, ആലസ്യത്തിലും സുഖനിദ്രയിലും കഴിയുന്ന മുസ്‌ലിംകളെ തട്ടിയുണര്‍ത്തി അവരുടെ കടമകളും ദൗത്യങ്ങളും സംബന്ധിച്ച് ബോധവല്‍ ക്കരിക്കുക, വിശ്വാസ രംഗത്ത് വന്നുപെട്ട അപചയങ്ങളും ദുരാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ പരിശ്രമിക്കുക. ഇതിന് വേണ്ട വിദ്യാലയ ശൃംഖലകള്‍ രാജ്യത്തുടനീളം സ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കുക, ക്രിസ്ത്യന്‍ മിഷനറിമാരുടെയും ഓറിയന്റലിസ്റ്റുകളുടെയും മറ്റു നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളുടെയും ഗൂഢ തന്ത്രങ്ങള്‍ തിരിച്ചറിയാനും ചെറുത്തു നില്‍ക്കാനും മുസ്‌ലിംകളെ പ്രാപ്തമാക്കുക, ഖാദിയാനീ ബഹായി പ്രസ്ഥാനങ്ങളുടെ കുതന്ത്രങ്ങളെ തുറന്നു കാട്ടുക. കൊളോണിയലിസത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ട സന്നാഹങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സ്ഥാപനം അടിസ്ഥാനപരമായി മുന്നില്‍ കണ്ടത്. പ്രസ്തുത ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരവീഥിയില്‍ സ്ഥാപനവും സന്തതികളും ബഹുദൂരം മുന്നോട്ടു പോയെന്ന് പില്‍ക്കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

വേറിട്ട വഴി
 

പാരമ്പര്യത്തിന്റെ തനിമയും മഹിമയും നിലനിര്‍ത്തി വേണം ദീനീ സ്ഥാപനം നിലനില്‍ക്കേണ്ടതെന്ന കാര്യത്തില്‍ സ്ഥാപകനേതാക്കള്‍ക്ക് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. അതിനാല്‍ വിനയവും ലാളിത്യവും മുഖമുദ്രയായി അവര്‍ സ്വീകരിച്ചു. സുഖലോലുപതയും ആര്‍ഭാടജീ വിതവുമായി അവര്‍ അകലം പാലിച്ചു. സ്ഥാപനത്തിന് സ്ഥായിയായ വരുമാനമോ സര്‍ക്കാര്‍ സഹായമോ സ്വീകരിക്കരുതെന്നും അതാത് കാലത്തെ സാധാരണക്കാരായ മുസ്‌ലിം സഹോദരങ്ങള്‍ നല്‍കുന്ന സംഭാവനകളില്‍ ആശയം അര്‍പ്പിച്ചു മുന്നോട്ടു പോകണമെന്നും സ്ഥാപകര്‍ പ്രത്യേകം എഴുതി വെച്ചു. ഇതിന് വിരുദ്ധമായി നീങ്ങിയാല്‍ ദൈവിക ആശയത്വത്തിന്റെ കണ്ണി അറ്റുപോകുമെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കുമെന്നും വരെ സ്ഥാപകന്‍ ഖാസിം നാനൂഥവി ദീര്‍ഘദര്‍ശനം ചെയ്തു. 1980കളില്‍ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് (സദ്‌സാല) ശേഷം സ്ഥാപനത്തില്‍ ഉടലെടുത്ത ഭിന്നതയും ചേരിതിരിവും ആ ദീര്‍ഘദര്‍ശനം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു. 

കാമ്പസ് 

ഒരു ലക്ഷം ചതുരശ്രമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ദാറുല്‍ ഉലൂം കാമ്പസ്, പുരാതന പേര്‍ഷ്യന്‍ ഇസ്‌ലാമിക ശില്‍പവിദ്യയില്‍ പണിത കോട്ട സമാനമായ കെട്ടിടങ്ങളാല്‍ മിക്കവാറും വലയം ചെയ്ത നിലയിലാണ്. വിവിധ വിഭാഗങ്ങളിലുള്ള പഠനങ്ങള്‍ക്ക് പ്രത്യേകം ക്ലാസുമുറികളും ഹോസ്റ്റലുകളും കൂടാതെ ദാറുല്‍ ഹദീസ്, ദാറുത്തഫ്‌സീര്‍, ദാറുല്‍ ഇഫ്താ, ദാറുല്‍ ഖുര്‍ആന്‍, അറബിഭാഷാ പഠന വിഭാഗം, കമ്പ്യൂട്ടര്‍ വിഭാഗം, പ്രത്ര-രചനാ പരിശീലന വിഭാഗം, വിവിധ മത പ്രത്യയശാസ്ത്ര പഠന വിഭാഗം, ഇംഗ്ലീഷ് പഠന വിഭാഗം, ദാറുദ്ദിയാഫ് (ഗസ്റ്റ് ഹൗസ്), മൂന്ന് പള്ളികള്‍, വിവിധ പേരുകളിലുള്ള ഹോസ്റ്റലുകള്‍ തുടങ്ങിയവയായി നിരവധി കെട്ടിടങ്ങളുടെ സമുച്ചയമാണ് കാമ്പസ്, പ്രൊപഗേഷന്‍ & ഗൈഡന്‍സ് ബ്യൂറോ, പബ്ലിഷിംഗ് & ഡിസ്ട്രിബ്യൂഷന്‍ ഓഫീസ്, ദാറുല്‍ ഉലൂം ഉര്‍ദു മാസിക, അദ്ദാഈ അറബി മാസിക, ശൈഖുല്‍ ഹിന്ദ് അക്കാദമി, തുടങ്ങിയവയ്ക്ക് പുറമെ രണ്ടര ലക്ഷത്തില്‍പ്പരം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ലൈബ്രറിയും ദാറുല്‍ ഉലൂമിന്റെ സവിശേഷതയാണ്. നൂറില്‍പ്പരം അദ്ധ്യാപകരും 300ല്‍പ്പരം മറ്റു ജീവനക്കാരും സേവനം ചെയ്യുന്നു. ഓരോ വര്‍ഷവും വിവിധ വിഷയങ്ങളില്‍ 25000ല്‍ പരം ഫത്‌വകള്‍ ഇവിടെ നിന്ന് നല്‍കപ്പെടുന്നു. വര്‍ഷംപ്രതി ശരാശരി 4000 വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളില്‍ പ്രവേശനം നേടുന്നു. ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നു. 

ഹദീസ് പഠനം 

വിവിധ ഇസ്‌ലാമിക വിജ്ഞാനശാഖകളില്‍ പഠനം നടത്താനുള്ള സംവിധാനങ്ങള്‍ അവി ടെയുണ്ടെങ്കിലും ഹദീസ് പഠനമാണ് ദാറുല്‍ ഉലൂമിന്റെ മുഖമുദ്രയായി അറിയപ്പെടുന്നത്. ഹദീസ് പഠന രംഗത്ത് ഈ സ്ഥാപനവും അതിലെ അദ്ധ്യാപകരും സന്തതികളും അര്‍പ്പിച്ച സേവനങ്ങള്‍ ഒരു പക്ഷെ, ലോകത്ത് മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാനാവാത്തവിധം സമഗ്രവും വേറിട്ടതുമാണ്. ശാഹ് വലിയുല്ലാഹിദ്ദഹ്ലവി എന്ന വിഖ്യാത ഇന്ത്യന്‍ പണ്ഡിതന്‍ കൊളുത്തി വെച്ച ആ ദീപശിഖ അണയാതെ കാത്തു സൂക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുകയാണവര്‍. 
 

Feedback