ദാറുല്‍ ഉലൂം ദയൂബന്തിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ എന്നും ഓര്‍ക്കേണ്ട കുറേ പ്രമുഖ വ്യക്തിത്വങ്ങളുണ്ട്. ഒന്നാമന്‍ നേരത്തേ സൂചിപ്പിച്ച സ്ഥാപകന്‍ മുഹമ്മദ് ഖാസിം നാനൂഥവി തന്നെ. അവസരത്തിനൊത്തുയര്‍ന്ന അദ്ദേഹം സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ പിന്നിലെ ഉദ്ദേശ്യ ശുദ്ധിയും ആത്മാര്‍ത്ഥതയും സാധൂകരിക്കുന്ന വളര്‍ച്ചയാണ് പില്‍ക്കാലത്ത് സ്ഥാപനം നേടിയത്. അപ്പോഴും അവരാരും സ്ഥാപകനെ മറന്നില്ല. ഇന്നും അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ സ്ഥാപകനിലേക്ക് ചേര്‍ത്തു അല്‍ഖാസിമി എന്ന പേരിലാണ് അറിയപ്പെടുന്നത്. റശീദ് അഹ്മദ് ഗംഗോഹി (1905), മുഹമ്മദ് യഅ്ഖൂബ് നാനൂഥവി (ഹി.1267) അശ്‌റഫ് അലി ഥാനവി (1943), ഹുസൈന്‍ അഹമദ് മദനി (1957), അല്ലാമാ ശബ്ബീര്‍ അഹ്മദ് ഉസ്മാനി (1949), അന്‍വര്‍ഷാ കാശ്മീരി (1933), മുഫ്തി അസീസുര്‍റഹ്മാന്‍ ഉസ്മാനി (ഹി. 1347), ഫഖ്‌റുദ്ദീന്‍ അഹ്മദ് മുറാദാബാദി (1972) മുഫ്തി മുഹമ്മദ് കിഫായത്തുല്ലാഹ് ദഹ്ലവി (ഹി. 1372) മുഫ്തി അതീഖുര്‍റഹ്മാന്‍ ഉസ്മാനി (1984), ഖാരി മുഹമ്മദ് ത്വയ്യിബ് അല്‍ ഖാസിമി (1983) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.
പൊതു നേതൃത്വം
ദാറുല്‍ ഉലൂമിലെ പ്രമുഖരില്‍ നിന്ന് അറിവ് നേടി ദീര്‍ഘകാലം അവിടെ തന്നെ അദ്ധ്യാപകനായും പിന്നീട് റെക്ട്ടറായും പ്രവര്‍ത്തിച്ച ഖാരി ത്വയ്യിബ് സാഹിബ്, സ്ഥാപകന്‍ ഖാസിം നനൂഥവിയുടെ പൗത്രന്‍ കൂടിയാണ്. ഉജ്വലവാഗ്മിയും പ്രഭാഷകനും കൂടിയായിരുന്ന അദ്ദേഹത്തിന്റെ കാലഘട്ടം സംഭവബഹുലവും ശ്രദ്ധേയവുമായിരുന്നു. പൊതു പ്രശ്‌നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പക്വതയാര്‍ന്ന നിലപാടുകളും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന് ഏറെ സ്വീകാര്യതയും മതിപ്പും നേടിക്കൊടുത്തു. ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമത്തിനെതിരിലും ഏക സിവില്‍ കോഡിന് അനുകൂലമായും ശബ്ദം ഉയര്‍ന്നപ്പോള്‍ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എന്ന പേരില്‍ 1972ല്‍ ഒരു മുസ്‌ലിം പൊതുവേദി രൂപം കൊണ്ടു. സുന്നീ-ശിആ, ദയൂബന്തി-ബറേല്‍വി തുടങ്ങി ഇന്ത്യയില്‍ എന്നും അകന്നു കഴിയുന്ന വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിച്ചണി നിരത്തി നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം രൂപം കൊണ്ട ഈ ബോര്‍ഡിന്റെ സ്ഥാപകപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഖാരി ത്വയ്യിബ് സാഹിബായിരുന്നു. മരണം വരെ ആ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. ശേഷം സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി (മരണം 1999) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ദാറുല്‍ ഉലൂം ദയുബന്തില്‍ നിന്ന് വിജ്ഞാനം സമ്പാദിച്ച വ്യക്തിയാണ്.
പ്രഥമ വിദ്യാര്‍ഥി
ദയൂബന്ദില്‍ പ്രഥമ വിദ്യാര്‍ഥിയായി പഠനം തുടങ്ങിയ മഹ്മൂദ് ഹസന്‍ പിന്നീട് അവിടെ തന്നെ പഠനം പൂര്‍ത്തിയാക്കി അതേ സ്ഥാപനത്തില്‍ അദ്ധ്യാപകനായും ഇന്ത്യയിലെ അറിയപ്പെട്ട പണ്ഡിതനായും സ്വാതന്ത്ര്യ സമരസേനാനിയായും ബ്രിട്ടീഷ് അധികൃതരുടെ കണ്ണിലെ കരടായും മാറി. ഇന്ത്യന്‍ മുസ്‌ലിംകള്‍ ശൈഖുല്‍ ഹിന്ദ് എന്ന് വിളിച്ചാദരിച്ച മഹ്മൂദ് ഹസന്‍ ദയൂബന്തി (1851-1920) നിശ്ചയ ദാര്‍ഢ്യവും ത്യാഗബോധവും സ്വാതന്ത്ര്യാഭിവാഞ്ചയും ആസൂത്രണ വൈഭവവും ഒത്തുകൂടിയ അദ്ദേഹം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുന്ന നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ഇന്ത്യയിലേയും വിദേശത്തേയും അനവധി വ്യക്തികളെയും സംഘങ്ങളേയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. ബ്രിട്ടീഷ് വിരുദ്ധ ചേരിയിലുള്ള പല രാജ്യങ്ങളുമായും നേരില്‍ ബന്ധപ്പെട്ടും ദൂതന്മാരെ അയച്ചും അദ്ദേഹം സൈനിക രാഷ്ട്രീയ ശക്തി സംഭരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. തന്റെ കാഴ്ചപ്പാടുകളും പദ്ധതികളും അതീവ രഹസ്യമായി കൈമാറാന്‍ പട്ടുശീലകളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഈ നീക്കങ്ങള്‍ ആന്റി കൊളോണിയല്‍ സില്‍ക് ലെറ്റര്‍ കോണ്‍സ്പിറസി എന്നപേരില്‍ അറിയപ്പെടുന്നു.
പിന്നീട് ഇദ്ദേഹത്തെയും തന്റെ ശിഷ്യനായ ഹുസൈന്‍ അഹ്മദ് മദനി (1957)യെയും മറ്റും മക്കയിലെ ശരീഫ് ഭരണകൂടം കഡിയിലെടുത്തു ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറുകയും അവര്‍ ഇരുവരേയും മാള്‍ട്ടായിലേക്ക് നാടുകടത്തുകയും ചെയ്തു. അതിനാല്‍ അസീറെ മാള്‍ട്ടാ എന്ന പേരിലും ശൈഖുല്‍ ഹിന്ദ് അറിയപ്പെടുന്നു.
പെഴ്‌സനല്‍ ലോ ബോര്‍ഡ് സെക്രട്ടറിയായിരുന്ന മിന്നത്തുല്ലാഹ് റഹ്മാനി, ആള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി ചെയര്‍മാന്‍ മുജാഹിദുല്‍ ഇസ്‌ലാം അല്‍ ഖാസിമി, തബ്‌ലീഗ് ജമാഅത്ത് സ്ഥാപകന്‍ മുഹമ്മദ് ഇല്‍യാസ് കാന്തവി, മലേഷ്യയിലെ കലന്താന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന നിക് അബ്ദുല്‍ അസീസ് നിക്മത്ത്, ലോകസഭാ അംഗമായിരുന്ന മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമി, ആസാമിലെ എ.ഐ.യു.സി.എഫ് സ്ഥാപക പ്രസിഡന്റ് മൗലാനാ ബദ്‌റുദ്ദീന്‍ അജ്മല്‍ ഖാസിമി തുടങ്ങി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപകരും പ്രധാന നേതാക്കളുമായ ഒട്ടേറെ പേര്‍ ദാറുല്‍ ഉലൂമിന്റെ സന്തതികളായി ഉണ്ട്.
മലയാളി സ്പര്‍ശം
ഉപരിപഠനത്തിന് പ്രധാനമായും വെല്ലൂര്‍ ബാഖിയാത്ത് അറബി കോളേജായിരുന്നു കേരളീയര്‍ ആശ്രയിച്ചിരുന്നതെങ്കിലും ദയൂബന്തിലും അവര്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പഠനകാലത്ത് അവിടെയും ശേഷം കേരളീയ പരിസരത്തും ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ ദാറുല്‍ ഉലൂമിന്റെ സന്തതികളായി കേരളീയര്‍ക്ക് എടുത്തു പറയാനുണ്ട്. ശൈഖ് ഹസന്‍ ഹസ്‌റത്ത്, മുസ്തഫാ ആലിം സാഹിബ്, കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, പാനൂര്‍ സഹ്‌റാ കോളേജ് സ്ഥാപകന്‍ സയ്യിദ് ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍, ബഷീര്‍ മുഹ്‌യിദ്ദീന്‍ അസ്ഹരി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, അബുല്‍ ഖൈര്‍ മൗലവി, സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി, അബ്ദുശ്ശുക്കൂര്‍ ഖാസിമി, നൂഹ് മൗലവി, ശര്‍ഖാവി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോട്ട മൊയ്തീന്‍ മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
ദയൂബന്തി പ്രസ്ഥാനം
ചുരുക്കത്തില്‍ ദാറുല്‍ ഉലൂമിന്റെ ചിന്തകളും നിലപാടുകളും പിന്നീട് ദയൂബന്തീ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വന്‍ മുന്നേറ്റമായി മാറിയ ചരിത്രമാണ് ലോകത്തിന് പറയാനുള്ളത്. ഇന്ത്യയിലെ അസ്ഹര്‍ എന്ന ഖ്യാതി നേടിയ ഈ സ്ഥാപനത്തിന്റെ ചുവട് പിടിച്ചു ധാരാളം സ്ഥാപനങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും നിലവില്‍ വന്നു. ദാറുല്‍ ഉലൂം എന്ന പേര്‍ പോലും പലേടത്തും ഈ മുന്നേറ്റത്തിന്റെ തിലകക്കുറിയായി മാറി. വൈജ്ഞാനിക ജാഗരണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ ഉണര്‍ത്തി ഇന്നും ആ സ്ഥാപനം തല ഉയര്‍ത്തി നില്‍ക്കുന്നു.
Address:
Darul Uloom Chowk,
Deoband,
Uttar Pradesh
Pin: 247554
Ph: 01336 222 429
https://darululoom-deoband.com/