Skip to main content

ജിന്ന്: ഖുര്‍ആനില്‍

വിശുദ്ധ ഖുര്‍ആനില്‍ ജിന്ന് എന്ന പദം ജിന്ന് വര്‍ഗം, പാമ്പ്, മലക്കുകള്‍ എന്നീ വ്യത്യസ്ത ആശയങ്ങള്‍ക്കായി പ്രയോഗിച്ചിട്ടുണ്ട്്. 'അതിന് മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു' (15:27)' 'ജാന്ന്' എന്ന പദമാണ് ഇവിടെ അല്ലാഹു ജിന്ന് വര്‍ഗത്തിന് ഉപയോഗിച്ചിട്ടുള്ളത്. അതുപോലെ സൂറത്തുല്‍ റഹ്മാന്‍ 15-ാം സൂക്തത്തിലും ഈ പദം ജിന്നുവര്‍ഗം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 'തീയുടെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു' (55:15). എന്നാല്‍ 'ജാന്ന്' എന്ന പദം തന്നെ വിശുദ്ധ ഖുര്‍ആനില്‍ പാമ്പ് എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചതായി കാണാം.

“നീ നിന്റെ വടി താഴെ ഇടൂ, എന്നിട്ട് ഒരു സര്‍പ്പമെന്നോണം അത് പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നാക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു നോക്കിയതു പോലുമില്ല. അല്ലാഹു പറഞ്ഞു, മൂസാ നീ മുന്നോട്ടുവരിക, പേടിക്കേണ്ട, തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു”(27:10). ഈ ആയത്തില്‍ ജാന്ന് എന്ന പ്രയോഗത്തിന്റെ ആശയംസര്‍പ്പം എന്നാണ്. 

സര്‍പ്പത്തെ ഉദ്ദേശിച്ച് ജിന്നുകള്‍ എന്ന് പറയുന്നത് ജിന്നുകള്‍ സര്‍പ്പമായി മാറുന്നത്‌കൊണ്ടാണ് എന്ന് ചിലയാളുകള്‍ പറയുന്നത് ഒരു തെറ്റിദ്ധാരണയാണ്. ഇത് ഭാഷാപണ്ഡിതന്മാരും ഖുര്‍ആന്‍ വ്യഖ്യാതാക്കളും പറയുന്നതിന് കടക വിരുദ്ധമാണ്. കാരണം പരിശുദ്ധ ഖുര്‍ആനില്‍ മലക്കുകള്‍ക്കും 'ജിന്ന്' എന്ന് പ്രയോഗിച്ചിട്ടുണ്ട്. 'അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബ ബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുകതന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്'(37:158). ഇവിടെ ജിന്നുകൊണ്ടുള്ള ഉദ്ദേശ്യം മലക്കുകളാണെന്ന് ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ശേഷവുമുള്ള പ്രതിപാദ്യം മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന വിശ്വാസത്തെപ്പറ്റിയാണ്. ഇമാം ക്വുര്‍ത്വുബി(റ) പറയുന്നു, മലകുകള്‍ക്ക് ജിന്നുകള്‍ എന്ന് പറയും; അവര്‍ ദൃഷ്ടിയില്‍ നിന്ന് ഗോപ്യമായതിനാല്‍ (ക്വുര്‍ത്വുബി 1:336).

പരിശുദ്ധ ഖുര്‍ആന്റെ പദങ്ങള്‍ വിവരിക്കുന്നതില്‍ പ്രസിദ്ധമായ ഇമാം റാഗിബിന്റെ അല്‍ മുഫറദാത്തില്‍ പറയുന്നു. എല്ലാ മലക്കുകളും ജിന്നുകളാണ്, എല്ലാ ജിന്നുകളും മലക്കുകള്‍ അല്ല. (അല്‍ മുഫറദാത്ത്) ഇമാം റശീദ് രിദാ(റ)യും ഇപ്രകാരം ഉദ്ധരിക്കുന്നു. (തഫ്‌സീറുല്‍ മനാര്‍ 8:342) ഈ ഉപരിസൂചിത സൂക്തത്തെ വ്യഖ്യാനിച്ചുകൊണ്ട് ഇമാം ശൗക്കാനി(റ) എഴുതുന്നു: 'ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇവിടെ ജിന്നുകള്‍ എന്നതിന്റെ ഉദ്ദേശ്യം മലക്കുകളാണെന്ന് പറയുന്നു. കാരണം അവരെ കാണാന്‍ കഴിയില്ല' (ഫത്ഹുല്‍ ഖദീര്‍ 4:513).

മലക്കുകള്‍ക്ക് ജിന്ന് എന്ന പദം പ്രയോഗിച്ചത് ജിന്നുകള്‍ക്ക് മലക്കുകളായി മാറാന്‍ സാധിക്കുന്നതുകൊണ്ടല്ല. മറഞ്ഞിരിക്കുക എന്ന പൊതു സ്വഭാവം ഉള്ളതുകൊണ്ടാണ്. ചുരുക്കത്തില്‍ സര്‍പ്പങ്ങള്‍, രോഗാണുക്കള്‍, മറ്റു സൂക്ഷ്മ ജീവികള്‍ തുടങ്ങിയവക്ക് ജിന്നുകള്‍ എന്ന് പ്രയോഗിക്കാന്‍ വിശുദ്ധ ഖുര്‍ആനിന്റെയും അറബി ഭാഷയു ടെയും ശൈലിയാണ്. ഇത് ഗ്രഹിക്കുന്നതില്‍ ചിലര്‍ക്ക് പിഴവ് പറ്റിയതാണ്, ജിന്നുകള്‍ യഥേഷ്ടം സര്‍പരൂപങ്ങള്‍ പ്രാപിക്കുമെന്നും ജിന്നുകള്‍ രോഗങ്ങള്‍ ഉണ്ടാക്കുമെന്നും മറ്റും വിശ്വസിക്കാനുള്ള കാരണം. ഇത്തരം അന്ധവിശ്വാസങ്ങളിലേക്ക് വഴുതി വീഴാനുള്ള അടിസ്ഥാന കാരണം വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും ഇവ്വിഷയകമായി ബോധ്യപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ചുള്ള  അജ്ഞതയാണ്. 

അല്ലാഹു പറയുന്നു: ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചില്ല. (51:56) അല്ലാഹുവിന്റെ സൃഷ്ടികളില്‍ ബുദ്ധിജീവികളായ രണ്ട് വര്‍ഗമാണ് ജിന്ന് എന്ന വര്‍ഗവും ഇന്‍സ് എന്ന മനുഷ്യവര്‍ഗവും. ഈ രണ്ട് വര്‍ഗവും അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമാണ്. ആ നിയമങ്ങളെ അതിലംഘിക്കുവാന്‍ അവര്‍ക്ക് സാധ്യമല്ല. പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയുവാന്‍ വിശേഷബുദ്ധിയും വേണ്ടത് തിരഞ്ഞെടുക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യവും അവന്റെ സവിശേഷതയാകയാല്‍ ബുദ്ധിയുടെ പോരായ്മയും സ്വാതന്ത്ര്യത്തില്‍ വരുന്ന പാകപ്പിഴവുകളും പരിഹരിക്കുന്നതിനായി നന്മയുടെ മാര്‍ഗം ഇന്നതാണെന്നും തിന്മയുടെ മാര്‍ഗം ഇന്നതാണെന്നും പ്രവാചകന്മാര്‍ മുഖേനെ അല്ലാഹു വിവരിച്ചു കൊടുത്തിട്ടുണ്ട്. ഇക്കാരണത്താല്‍ അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്ക് ഇതര ജീവികളെപ്പോലെ തന്നെ വിധേയരാകുവാന്‍ നിര്‍ബന്ധിതരാണെന്നതിന് പുറമെ പ്രവാചകന്മാര്‍ മുഖേനയുള്ള നിയമ നിര്‍ദേശങ്ങള്‍ക്ക് കൂടി വിധേയരാകുവാന്‍ ജിന്നും മനുഷ്യനും ബാധ്യസ്ഥരായിത്തീരുന്നു. 

ജിന്നുകളെക്കുറിച്ചും അവരിലുള്ള ദുഷ്ടവിഭാഗമായ ശൈത്വാനെക്കുറിച്ചും ഇന്നും പലരിലും കണ്ടുവരുന്നതുപോലെ അറബികള്‍ക്കിടയിലും പല തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും പ്രചരിച്ചിരുന്നു. വിജനപ്രദേശങ്ങളായ വല്ല താഴ്‌വരയിലൂടെയോ മറ്റോ സഞ്ചരിക്കുമ്പോള്‍ ആ പ്രദേശ നിവാസികളായ ജിന്നുകളില്‍ നിന്ന് വല്ല ഉപദ്രവമോ ആപത്തോ നേരിട്ടേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍ കൂടി പോകുമ്പോള്‍ ഈ താഴ്‌വരയിലെ വിവരമില്ലാത്ത ജിന്നുകളെ സംബന്ധിച്ച് ഇവിടത്തെ നേതാവായ ജിന്നിനോട് ഞങ്ങള്‍ ശരണം തേടുന്നു എന്ന് അവര്‍ പറയാറുണ്ടായിരുന്നു. അങ്ങനെ പറയുന്നതായാല്‍ തങ്ങള്‍ക്ക് അവരില്‍ നിന്ന് ഉപദ്രവങ്ങളൊന്നും നേരിടുകയില്ലെന്ന് അവര്‍ സമാധാനിക്കുകയും ചെയ്തു. ഈ ശരണം തേടല്‍ മൂലം ജിന്നുകള്‍ക്ക് ഗര്‍വ്വ് വര്‍ധിച്ചു എന്നും മനുഷ്യര്‍ക്ക് വിഡ്ഢിത്തം വര്‍ധിച്ചു എന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: മനുഷ്യരില്‍പ്പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍പ്പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ് വര്‍ധിപ്പിച്ചു(72:6).  മനുഷ്യവര്‍ഗവും ജിന്ന് വര്‍ഗവും ധരിച്ചുവന്നിരുന്ന ആ ധാരണ തെറ്റാണെന്ന് അവര്‍ക്ക് ഇപ്പോള്‍ ബോധ്യമായിരിക്കുന്നുവെന്നാണ് ജിന്നുകള്‍ പ്രസ്താവിച്ചതിന്റെ ചുരുക്കം.
 

Feedback