നരക കാവലും ശിക്ഷകള്‍ നടപ്പില്‍ വരുത്തലുമെല്ലാം നിര്‍വ്വഹിക്കുന്നത് മലക്കുകളാണ്. ക്രൂരരും പരുഷ സ്വഭാവികളുമായ മലക്കുകളാണ് നരകത്തിന്റെ കാവല്‍ക്കാര്‍. അല്ലാഹു പറയുന്നു: “എന്താണ് സക്വര്‍ എന്ന് താങ്കള്‍ക്കറിയാമോ? യാതൊന്നും അത് അവശേഷിപ്പിക്കുകയില്ല, ഒന്നും വിട്ടുകളയുകയുമില്ല. തൊലിയെ കരിച്ചുമാറ്റുന്നതാണത്. പത്തൊമ്പത് മേല്‍നോട്ടക്കാരാണ് അതിനുള്ളത്. മലക്കുകളെ മാത്രമാണ് നരകത്തിന്റെ കാവല്‍ക്കാരായി നാം ഏര്‍പ്പെടുത്തിയിട്ടുള്ളത.” (74:27-31).
നരകത്തിലെ കൊടും ശിക്ഷ സഹിക്കാനാവാതെ വിലപിച്ചുകൊണ്ടിരിക്കുന്നവര്‍ നരകത്തിന്റെ കാവല്‍ക്കാരനായ മാലിക് എന്ന മലക്കിനെ സമീപിക്കുന്ന രംഗം ഖുര്‍ആന്‍ വിശദീകരിക്കുന്നു. 'അവരതാ വിളിച്ചുകേഴുന്നു, ഓ മാലിക്, അങ്ങയുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് മരണം വിധിക്കട്ടെ. അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ (ആ ശിക്ഷയില്‍) കഴിച്ചുകൂട്ടേണ്ടവര്‍ തന്നെയാണ് (43:77).
പരലോകത്ത്, നരകം എഴുപതിനായിരം കടിഞ്ഞാണുകളിലായിരിക്കും കൊണ്ടുവരിക. ഓരോ കടിഞ്ഞാണും പിടിച്ചുവലിക്കാന്‍ എഴുപതിനായിരം മലക്കുകളായിരിക്കും (മുസ്‌ലിം 2842) നരകത്തിന്റെ കാവല്‍ക്കാരായ മലക്കുകളെ വിശുദ്ധ ഖുര്‍ആന്‍ (96:18) മല്ലന്മാര്‍, ശക്തന്മാര്‍ എന്നര്‍ത്ഥം വരുന്ന സബാനിയ്യ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇവര്‍ നരകത്തിന്റെ കാവല്‍ക്കാരാണെന്ന് ഹാഫിള് ഇബ്‌നു കഥീര്‍(റ) പറയുന്നു (അല്‍ ബിദായ വന്നിഹായ 1:62).