Skip to main content

സ്വിറാത്വ് അഥവാ പാലം

അവിശ്വാസികളും മുശ്‌രിക്കുകളുമായ ജനങ്ങള്‍ നരകത്തില്‍ പതിച്ചശേഷം അവശേഷിക്കുന്നത് വിശ്വാസികള്‍ മാത്രമാണ്. ഇവരില്‍തന്നെ കപടവിശ്വാസികളും പാപികളുമുണ്ട്. ഇവര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ടിരിക്കുന്ന പാലമാണ് സ്വിറാത്വ്. ഈ സ്വിറാത്വിലൂടെ കടന്നുപോകുന്ന വിശ്വാസികള്‍ മാത്രമേ രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ എത്തുകയുള്ളൂ. സുദീര്‍ഘമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം. 

അബൂഹുറയ്‌റ(റ) പറയുന്നു. ജനങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, അന്ത്യനാളില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കാണുമോ? പ്രവാചകന്‍ അവരോട് ചോദിച്ചു. കാര്‍മേഘമില്ലെങ്കില്‍ സൂര്യനെ കാണാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാവുമോ? അവര്‍ പറഞ്ഞു. ഇല്ല പ്രവാചകരേ. അദ്ദേഹം ചോദിച്ചു. കാര്‍മേഘമില്ലെങ്കില്‍ പൗര്‍ണമി രാത്രിയില്‍ ചന്ദ്രനെ കാണാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാകുമോ? അവര്‍ പറഞ്ഞു ഇല്ല പ്രവാചകരേ, അദ്ദേഹം പറഞ്ഞു: നിശ്ചയം നിങ്ങള്‍ അപ്രകാരം അന്ത്യനാളില്‍ അവനെ കാണും. അല്ലാഹു ജനങ്ങളെ ഒരുമിച്ചു കൂട്ടും. എന്നിട്ടവന്‍ പറയും മറ്റു പലതിനെയും ആരാധിച്ചവര്‍ അതിനെ പിന്തുടര്‍ന്നുകൊള്ളട്ടെ. അപ്പോള്‍ സൂര്യനെ ആരാധിച്ചവര്‍ അതിനെ പിന്തുടരും. ഈ സമുദായം അതിലെ കപടന്മാരുള്‍പ്പെടെ അവശേഷിക്കും. അപ്പോള്‍ അവര്‍ മനസ്സിലാക്കിയ രൂപത്തിലല്ലാതെ അല്ലാഹു അവരുടെ അടുത്ത് വന്നിട്ട് പറയും. ഞാന്‍ നിങ്ങളുടെ രക്ഷിതാവാകുന്നു. അപ്പോള്‍ അവര്‍ പറയും. നിന്നില്‍ നിന്ന് ഞങ്ങള്‍ അല്ലാഹുവില്‍ ശരണം തേടുന്നു. ഞങ്ങളുടെ തമ്പുരാന്‍ വരുന്നത്‌വരെ ഇതാകുന്നു ഞങ്ങളുടെ സ്ഥാനം. ഞങ്ങളുടെ തമ്പുരാന്‍ വന്നാല്‍ ഞങ്ങളവനെ തിരിച്ചറിയും. അപ്പോള്‍ അവര്‍ മനസ്സിലാക്കിയ രൂപത്തില്‍ അല്ലാഹു വരും. ശേഷം, ഞാനാണ് നിങ്ങളുടെ രക്ഷിതാവ് എന്ന് പറയും. അപ്പോള്‍ അവര്‍ പറയും: നീ തന്നെയാകുന്നു ഞങ്ങളുടെ രക്ഷിതാവ്. എന്നിട്ടവര്‍ അവനെ പിന്തുടരും. പെട്ടെന്ന് നരകത്തിന് മീതെ ഒരു പാലം ഉണ്ടാക്കപ്പെടും. പ്രവാചകന്‍(സ) പറയുന്നു. ഞാനായിരിക്കും പാലം കടക്കുന്നവരില്‍ ഒന്നാമന്‍. അന്ന് പ്രവാചകന്മാരുടെ പ്രാര്‍ഥന, അല്ലാഹുവേ, രക്ഷിക്കണേ രക്ഷിക്കണേ എന്നായിരിക്കും (ബുഖാരി മുസ്‌ലിം, ഇബ്‌നുമാജ, അഹ്മദ്).

സ്വിറാത്വ് എന്ന പാലത്തെക്കുറിച്ച് മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് വരുന്ന ഭാഗമിതാണ്: പിന്നീട് നരകത്തിന് മീതം പാലം സ്ഥാപിക്കും. ശിപാര്‍ശ നടക്കും. അവര്‍ പറയും, അല്ലാഹുവേ രക്ഷിക്കണേ, രക്ഷിക്കണേ. ആരോ ചോദിച്ചു, അല്ലാഹുവിന്റെ ദൂതരേ എന്താണ് പാലം? അവിടുന്നു പറഞ്ഞു. കാല്‍ വഴുതുന്നതും തെന്നുന്നതുമാണ്. അതില്‍ കൊക്കയും കൊളുത്തും മുള്ളുകളുമുണ്ട്. നജ്ദില്‍ കാണപ്പെടുന്ന 'സഅ്ദാന്‍' മുള്ളുപോലെയാണത്. അതിലൂടെ വിശ്വാസികള്‍ കണ്ണിമവെട്ടുന്നതുപോലെയും മിന്നല്‍പ്പിണര്‍പ്പോലെയും കാറ്റുപോലെയും പക്ഷിയെപ്പോലെയും മുന്തിയതരം കുതിരകളെ പോലെയും വാഹനങ്ങള്‍ പോലെയും കടന്നുപോകും. അങ്ങനെ ഒന്നും പറ്റാതെ രക്ഷപ്പെടുന്നവരും കൊളുത്തുകളില്‍ കുരുങ്ങി സാവധാനത്തില്‍ നീങ്ങുന്നവരും നരകത്തില്‍ പതിക്കുന്നവരുമുണ്ടാകും (മുസ്‌ലിം).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് വന്നിരിക്കുന്നത്. വിശ്വാസ്യതയേയും (അമാനത്ത്) കുടുംബബന്ധത്തേയും അയക്കുന്നു. അവ രണ്ടും സ്വിറാത്വിന്റെ വലതും ഇടതും ഭാഗത്തായി നില്‍ക്കുന്നു. അങ്ങനെ നിങ്ങളില്‍ ഒന്നാമന്‍ മിന്നല്‍ പോലെ കടന്നുപോകുന്നു. അപ്പോള്‍ ഞാന്‍ (അബൂഹുറയ്‌റ(റ)) ചോദിച്ചു. എന്റെ മാതാപിതാക്കളെ അങ്ങേക്ക് വേണ്ടി സമര്‍പ്പിക്കാം. മിന്നല്‍പോലെ എന്നാല്‍ എങ്ങനെയാണ്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കണ്ടിട്ടില്ലേ കണ്ണിമ വെട്ടുന്നതിനിടയില്‍ മിന്നല്‍വരികയും പോവുകയും ചെയ്യുന്നത്? പിന്നീട് കാറ്റ് വീശുന്നതു പോലെയും പക്ഷി പറക്കുന്നതുപോലെയും യാത്ര പുറപ്പെടുന്നതുപോലെയും കടന്നു പോകും. അവരെ അവരുടെ കര്‍മങ്ങളാണ് കൊണ്ടുപോകുന്നത്. അപ്പോള്‍ നിങ്ങളുടെ പ്രവാചകന്‍ സ്വിറാത്വില്‍ നിന്ന് ഇങ്ങനെ പറയുന്നുണ്ടാകും. ''നാഥാ രക്ഷപ്പെടുത്തേണമേ, രക്ഷപ്പെടുത്തേണമേ. അങ്ങനെ കര്‍മങ്ങള്‍ക്ക് അവരെ കടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ ദുര്‍ബലമായി മാറുമ്പോള്‍ ഒരു മനുഷ്യന്‍ കടന്നുവരുന്നു. അവന് ഞെരുങ്ങിക്കൊണ്ടല്ലാതെ കടന്നു പോകാന്‍ കഴിയാതെയാകുന്നു. അവിടുന്ന് പറഞ്ഞു, സ്വിറാത്വിന്റെ ഇരു പാര്‍ശ്വങ്ങളിലും കല്പിക്കപ്പെടുന്നവരെ കൊളുത്തിവലിക്കുന്ന കൊക്കകളും കൊളുത്തുകളും പിടിപ്പിച്ചിരിക്കും. അങ്ങനെ കൊളുത്തിവലിച്ചു രക്ഷപ്പെടുന്നവരും നരകത്തില്‍ പതിക്കുന്നവരുമുണ്ടാകും. (മുസ്‌ലിം).

നരകത്തിന് മീതെയുള്ള സ്വിറാത്വിലൂടെ വിശ്വാസികള്‍ രക്ഷപ്പെടുന്നതോടെ സ്വര്‍ഗ പ്രവേശത്തിനുള്ള സന്ദര്‍ഭമായി. വിശ്വാസികള്‍ തന്നെ പരസ്പരം പൂര്‍ത്തിയാകാത്ത ഇടപാടുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവകൂടി പൂര്‍ണമായിത്തീര്‍ന്ന് അവരെ എല്ലാറ്റില്‍ നിന്നും പരിശുദ്ധമാക്കിയശേഷമേ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അതിനുള്ള അവസരം ഇവിടെ വെവ്വേറെ നല്‍കുന്നുണ്ട്. 

നബി(സ) പറയുന്നു. ''വിശ്വാസികള്‍ സ്വിറാത്വിലൂടെ നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് കഴിഞ്ഞാല്‍ സ്വര്‍ഗത്തിനും നരകത്തിനുമിടയില്‍ ഉള്ള ഒരു പാലത്തില്‍ അവര്‍ തടയപ്പെടുന്നു. അവിടെ വെച്ച് ഇഹലോകത്ത് അവര്‍ക്കിടയിലുണ്ടായ അക്രമങ്ങളില്‍ അവര്‍ പരസ്പരം കണക്ക് തീര്‍ക്കുന്നു. അങ്ങനെ അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതോടെ സ്വര്‍ഗപ്രവേശത്തിന് അവര്‍ക്ക് അനുമതി ലഭിക്കുന്നു. മുഹമ്മദി(സ)ന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെ സത്യം. അവരില്‍ ഓരോരുത്തരും സ്വര്‍ഗത്തിലെ അവരുടെ താമസസ്ഥലത്തേക്കുള്ള വഴിയെക്കുറിച്ച് ഇഹലോകത്തെ തങ്ങളുടെ വീടിനേക്കാള്‍ കൂടുതല്‍ അറിവുള്ളവനായിരിക്കും (ബുഖാരി).
 

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446