Skip to main content

വിധി വിശ്വാസം (9)

ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസകാര്യങ്ങളില്‍ ഒന്നായി നബി(സ) പഠിപ്പിച്ചിട്ടുള്ളത് നന്മയും തിന്മയും അല്ലാഹുവിന്റെ നിര്‍ണയത്തില്‍പെട്ടതാണെന്ന വിശ്വാസമാണ്. ഇതിനാണ് വിധിയിലുള്ള വിശ്വാസം എന്നു പറയുന്നത്. ഈമാന്‍ കാര്യങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധമായ ആറു വിശ്വാസ കാര്യങ്ങളില്‍ അവസാനമായി ഇതാണ്, അഥവാ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ് എന്ന വിധി വിശ്വാസമാണ് ഉള്‍പെടുത്തിയിട്ടുള്ളത്. ഈ വിശ്വാസം അംഗീകരിക്കാത്തവന്‍ മുഅ്മിന്‍ (സത്യവിശ്വാസി) ആവുകയില്ല.

മനുഷ്യരുള്‍പ്പെടെ കോടാനുകോടി ജീവജാലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വിശാലമായ പ്രപഞ്ചം. സൂക്ഷ്മവും സ്ഥൂലവുമായ പ്രാപഞ്ചിക ഘടനയില്‍ നിരവധി പ്രതിഭാസങ്ങള്‍ വേറെയുമുണ്ട്. ഇവയെല്ലാം വളരെ വ്യവസ്ഥാപിതമായി നിലകൊള്ളുന്നുവെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. ഈ വ്യവസ്ഥക്ക് പിന്നില്‍ കേവലം യാദൃഛികതയാണെന്ന് പറയുന്ന ഭൗതികവാദികളുടെ നിലപാട് ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതാണ്. ഈ വ്യവസ്ഥയെ പ്രകൃതി നിയമം എന്നാണ് അവര്‍ പേര്‍ വിളിക്കുന്നത്. എന്നാല്‍ പ്രപഞ്ചത്തിലുള്ള സചേതനവും അചേതനവുമായ മുഴുവന്‍ സൃഷ്ടികളും സകലമാന പ്രതിഭാസങ്ങളും സ്രഷ്ടാവായ ദൈവത്തിന്റെ വിധിപ്രകാരം വ്യവസ്ഥാപിതമായി നിലകൊള്ളുന്നുവെന്ന വിശ്വാസമാണ് ഇസ്‌ലാമിലെ വിധിവിശ്വാസത്തിന്റെ കാതല്‍. ദൈവികഘടനയില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്ന പ്രകൃതി നിയമത്തെ മാറ്റി മറിക്കാന്‍ സൃഷ്ടികള്‍ക്കൊന്നും സാധ്യമല്ല എന്ന് സമ്മതിക്കുന്നതിലൂടെ ഭൗതിക വാദികളും ദൈവിക വിധിയുടെ അജയ്യത അംഗീകരിക്കുന്നു.

സൂര്യന്‍, അതുള്‍കൊള്ളുന്ന ക്ഷീരപഥ താരാസമൂഹത്തിന്റെ കേന്ദ്രത്തെ വൃത്താകാരമായ പഥത്തിലൂടെ സെക്കന്റില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ചുറ്റിക്കൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു. ''സൂര്യന്‍ അതിന്ന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണിത്.'' (36:38). ഭൂമിക്ക് ചുറ്റും ഒരു പ്രാവശ്യം ഭ്രമണം ചെയ്യാന്‍ ചന്ദ്രനെടുക്കുന്ന സമയം 27 ദിവസം 7 മണിക്കൂര്‍ 43 മിനിട്ട് 11.47 സെക്കന്റാണ്. സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ച് വ്യവസ്ഥാപിതമായി കാര്യങ്ങള്‍ നടപ്പിലാക്കുന്ന അല്ലാഹു പറയുന്നത്, സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്) എന്നത്രെ. ദൈവികമായ ഈ വ്യവസ്ഥ നിര്‍ണയിക്കുന്നതില്‍ ഒരു സൃഷ്ടിക്കും യാതൊരു പങ്കുമില്ല. സൂര്യ, ചന്ദ്ര, നക്ഷത്രാദികളുടെ സ്രഷ്ടാവുതന്നെ അവയുടെ വ്യവസ്ഥയും നിശ്ചയിച്ചിരിക്കുന്നു. പ്രസ്തുത ദൈവികവിധി അന്യൂനമാണ്. ദൈവികവിധിയുടെ ഈ അടിസ്ഥാനതത്വം ഒരു ഖുര്‍ആന്‍ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കിത്തരുന്നു. ''തീര്‍ച്ചയായും ഏത് വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ (ഖദ്ര്‍) പ്രകാരമാകുന്നു'' (54:49).

പ്രപഞ്ചത്തിലെ ജീവനുള്ള സൃഷ്ടികളും ദൈവിക വിധിക്ക് വിധേയപ്പെട്ടാണ് ജീവിക്കുന്നത്. ജൈവ വസ്തുവിനെ നിര്‍മിക്കാന്‍  ഉപയോഗിച്ചിരിക്കുന്ന ഇഷ്ടികകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവകോശങ്ങള്‍ മുതല്‍ ഏറ്റവും സങ്കീര്‍ണ അവയവമായ മസ്തിഷ്‌കം വരെ ദൈവിക വ്യവസ്ഥക്കനുസൃതമായാണ് നിലനില്‍ക്കുന്നത്. ചില ജീവികള്‍ക്ക് അല്ലാഹു ജന്മനാ നല്‍കിയിരിക്കുന്ന ശേഷികളും വാസനകളും ഉപയോഗപ്പെടുത്തിയാണ് അവ ജൈവിക ധര്‍മങ്ങള്‍ നിര്‍മിക്കുന്നത്. വണ്ണമുള്ള മരങ്ങള്‍ മുറിച്ചെടുത്ത് തനിക്കാവശ്യമായ രീതിയിലുള്ള പണിത്തരമാക്കി മാറ്റി നദിക്കരയില്‍ 'എയര്‍കണ്ടിഷന്‍' ചെയ്ത് വീട് നിര്‍മിക്കുന്ന കാട്ടിലെ എഞ്ചിനിയറെന്ന് വിളിക്കപ്പെടുന്ന ബീവര്‍, ചില പ്രത്യേകതരം നൃത്തങ്ങളിലൂടെ തങ്ങളുടെ കൂട്ടാളികള്‍ക്ക് പൂക്കളുള്ള സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കുന്ന തേനീച്ചകള്‍, തന്റെ പിന്നില്‍ വരുന്നവര്‍ക്ക് വഴിക്കാണിക്കുവാനായി ഫെറോമോണുകള്‍ എന്ന രാസ സന്ദേശമയക്കുന്ന ഉറുമ്പുകള്‍, മരുഭൂമിയില്‍ ജീവിക്കുവാനുള്ള എല്ലാ അനുകൂലനങ്ങളുമുള്ള ഒട്ടകങ്ങള്‍ എന്നീ ജീവികളെല്ലാം സ്രഷ്ടാവ് അവയ്ക്ക് വ്യവസ്ഥ ചെയ്തു കൊടുക്കുന്നതില്‍നിന്ന് അണു അളവ് വ്യതിചലിക്കുവാന്‍ സാധിക്കാതെ മുന്നോട്ട് പോവുന്നു. ദൈവികവിധിയുടെ വ്യവസ്ഥക്കനുസരിച്ച് മാത്രം ജീവിക്കാനേ അവക്കെല്ലാം സാധിക്കുകയുള്ളൂ.

അല്ലാഹുവിന്റെ അത്യുല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യനും ദൈവവിധിപ്രകാരം ജീവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതം തന്നെയാണ് ഏറിയ അളവിലും നല്കിയിരിക്കുന്നത്. നിയന്ത്രിക്കാന്‍ കഴിയുന്ന ഏതാനും അവയവങ്ങള്‍ മാത്രമേ മനുഷ്യനുള്ളൂ. അവ തന്നെയും അവന്റെ പൂര്‍ണമായ നിയന്ത്രണത്തിന്‍ കീഴിലാണെന്ന് പറയാനുമാവില്ല. മനുഷ്യന്റെ ഇന്ദ്രിയങ്ങളും അവയവങ്ങളും വ്യവസ്ഥകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ജനിതക നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്. അവയെ നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും വ്യവസ്ഥപ്പെടുത്തുന്നതുമെല്ലാം അല്ലാഹുവാണ്. പ്രപഞ്ചമാസകലം ദൈവ വ്യവസ്ഥക്കനുസൃതമായി ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യനു മാത്രം പ്രസ്തുത വ്യവസ്ഥയില്‍ നിന്ന് മുക്തനാവാനാവില്ല. അവനും ദൈവവിധി പ്രകാരം തന്നെ ജീവിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു. 'ഒരു ബീജത്തില്‍ നിന്ന് അവനെ അല്ലാഹു സൃഷ്ടിക്കുകയും എന്നിട്ട് അവനെ (അവന്റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു' (80:19). 'ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും വര്‍ധനയുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരു കാര്യവും അവന്റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു' (13:8). ജനനം എപ്രകാരമാണോ ദൈവവിധിയില്‍ അധിഷ്ഠിതമായിരിക്കുന്നത് അപ്രകാരം തന്നെ അവ സംഭവിക്കുന്നു. അല്ലാഹുവിന്റെ വിധി പ്രകാരം തന്നെയാണ് എല്ലാം ആവിര്‍ഭവിക്കുന്നതും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതും.

''ഒരു ദീര്‍ഘായുസ്സ് നല്‍കപ്പെട്ടയാള്‍ക്കും ആയുസ്സ് നീട്ടി കൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളതനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു'' (35:11).

തന്റെ യുക്തിയുടെ തേട്ടമനുസരിച്ചും മുന്‍കൂട്ടിയുള്ള അറിവനുസരിച്ചും പ്രപഞ്ച സൃഷ്ടികള്‍ക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള വിധിനിര്‍ണയത്തില്‍ വിശ്വസിക്കുക എന്നത് മുസ്‌ലിമിന്റെ വിശ്വാസ വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ അവന്റെ അടിമകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ ആയിട്ടുള്ള എല്ലാ കാര്യങ്ങളെയും ശാശ്വതമായി മൊത്തതിലും വിശദമായിട്ടും അവന് മാത്രമേ അറിയൂ എന്ന വിശ്വാസമാണ് വിധി വിശ്വാസത്തിന്റെ പ്രഥമമായ ഭാഗം. ഈ കാര്യങ്ങളെല്ലാംതന്നെ അല്ലാഹു അവന്റെ സുരക്ഷിതമായ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുകയും വേണ്ടതുണ്ട്. അല്ലാഹു പറയുന്നു. ''ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടെ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ'' (22:70). അപ്രകാരം അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ അവന്റെ അടിമകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ ആയിട്ടുള്ളതെല്ലാം തന്നെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും തീരുമാനത്തിനും നിര്‍ണയത്തിനും അനുസരിച്ചായിരിക്കും സംഭവിക്കുകയെന്ന് വിശ്വസിക്കലും വിധി വിശ്വാസത്തിന്റെ അര്‍ഥതലത്തില്‍ ഉള്‍ക്കൊള്ളുന്നു. സര്‍വചരാചരങ്ങളും അവയുടെ സവിശേഷതകളും അവയുടെ ചലനങ്ങളും അല്ലാഹുവിന്റെ സൃഷ്ടികളാണെന്ന് വിശ്വസിക്കുന്നതോടൊപ്പം വിശേഷ ബുദ്ധിയുടെ ഉപയോഗത്തില്‍ മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം അവന്‍ നല്‍കിയിട്ടുണ്ട്. ആ സ്വാതന്ത്ര്യമനുസരിച്ച് സത്യം വിശ്വസിക്കാനും അവിശ്വസിക്കാനും സാധിക്കുന്ന മനുഷ്യന് വിശ്വാസവും സദ്കര്‍മങ്ങളും നിലനിര്‍ത്തിയാല്‍ സ്വര്‍ഗവും അവിശ്വാസവും ദുഷ്‌കര്‍മങ്ങളുമായി മുന്നോട്ട് പോയാല്‍ നരകശിക്ഷയും ഉണ്ടാവുമെന്ന തീരുമാനവും അല്ലാഹുവിന്റെ വ്യവസ്ഥയുടെ ഭാഗമാണ്.
 

Feedback