മനുഷ്യന്‍ ദുര്‍ബലനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് അല്ലാഹു എടുത്തുപറയുന്നു (4:28). ഇതര ജന്തുജാലങ്ങള്‍ക്കില്ലാത്ത ഒട്ടേറെ വ്യതിരിക്തതകള്‍ മനുഷ്യനെന്ന സൃഷ്ടിക്കുണ്ട് എന്നത് നേരാണ്. അവന് പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് ജ്ഞാനം ആര്‍ജിക്കാനും വികസിപ്പിക്കാനും പ്രയോഗിക്കാനും പരിപോഷിപ്പിക്കാനും ശേഷിയുണ്ട്. അവന്റെ അറിവും ശേഷിയുമൊക്കെ പരിമിതമാണ്. അതിരുകളുമുണ്ട്. പരിമിതമായ അവന്റെ കഴിവും സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അവന്റെ പരിശ്രമങ്ങള്‍ സഫലമാവുകയും വിജയം കാണുകയും ചെയ്യണമെങ്കില്‍ സര്‍വശക്തനായ അല്ലാഹുവിന്റെ സഹായം കൂടിയേ തീരു. അവനാണ് എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കുകയും മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നവന്‍. നാം ആഗ്രഹിക്കുന്നത് നാം നേടാതെ പോവുന്നതും നാം ആഗ്രഹിക്കാത്തത് നമുക്ക് നേടാനാവുന്നതുമൊക്കെ കാര്യങ്ങളുടെ കൈകാര്യ കര്‍ത്താവ് അല്ലാഹു ആയതു കൊണ്ടാണ്.
നന്മയുടെയും തിന്മയുടെയും നിര്‍ണയം അല്ലാഹുവില്‍ നിന്ന് മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഏതൊരാള്‍ക്കും നന്മ ലഭിക്കാനും തിന്മ തടയാനും അല്ലാഹുവിനോടല്ലാതെ തേടാന്‍ കഴിയില്ല. നന്മകള്‍ ലഭിക്കാനും തിന്മകള്‍ നീങ്ങാനും മനുഷ്യസാധ്യമായത് ചെയ്തതിന് ശേഷം ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തനായ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു കൊടുക്കുന്നത് (തവക്കുല്‍) വിശ്വാസികളുടെ ഗുണമായിട്ടാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിക്കുന്നത്.
അല്ലാഹു പറയുന്നു. ''നീ ഒരു താക്കീതുകരാന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റേയും സംരക്ഷണമേറ്റവനാകുന്നു'' (11:12). ദൃഢവിശ്വാസമുള്ളവരെ ചിലര്‍ ഭയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, അവരുടെ പ്രതികരണം, ഞങ്ങള്‍ക്ക് അല്ലാഹുമതി, അവനാണ് ഏറ്റവും നല്ല കൈകാര്യ കര്‍ത്താവ് എന്നായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ കാണാം. 'ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു. അവരെ ഭയപ്പെടണമെന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് അല്ലാഹു മതി ഭരമേല്‍പ്പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ' (3:173). ഭയമോ ആശങ്കയോ നിരാശയോ കൂടാതെ ജീവിതത്തില്‍ സര്‍വകാര്യങ്ങളിലും അല്ലാഹുവിന്റെ കൈകാര്യകര്‍തൃത്വം അംഗീകരിച്ച് തൃപ്തിപ്പെടുക എന്നതാണ് തവക്കുല്‍. അല്ലാഹുവെ ഭരമേല്‍പ്പിക്കല്‍ എന്നാണ് തവക്കുലിന് സാമാന്യമായ പരിഭാഷ നല്‍കി വരുന്നത്.
അല്ലാഹു പറയുന്നു. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍ അവന് അല്ലാഹു തന്നെമതി (65:3). അല്ലാഹു നബി(സ)യോട് കല്പിക്കുന്നു. 'നീ ഒരു തീരുമാനം എടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം. തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും. (3:159). ഒരിക്കലും മരിക്കാതെ, ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പ്പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി (25:58). ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറ് ദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട് അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക (25:59). പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക (26:217).
ഭരമേല്‍പ്പിക്കപ്പെടാനുള്ള അല്ലാഹുവിന്റെ അര്‍ഹതയായിട്ട് ഉപരിസൂചിത സൂക്തങ്ങളില്‍ പരാമര്‍ശിച്ചത് ചില ഗുണ വിശേഷങ്ങളാണ്. 1) എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. (2) സൂക്ഷ്മ ജ്ഞാനി. (3) സര്‍വതിന്റേയും സ്രഷ്ടാവ്. (4) സിംഹാസനസ്ഥന്‍. (5) പരമകാരുണികന്‍. (6) പ്രതാപശാലി. (7) കരുണാനിധി. അല്ലാഹു തന്റെ സൃഷ്ടിയായിട്ടുള്ള മനുഷ്യന്ന് ഒരു വിഷമമുണ്ടാക്കുകയാണെങ്കില്‍ അത് നീക്കാനോ അവന്‍ അനുഗ്രഹം നല്‍കുകയാണെങ്കില്‍ അത് പിടിച്ചുവെക്കാനോ പ്രാര്‍ഥിക്കപ്പെടുന്ന സൃഷ്ടികള്‍ക്കൊന്നും സാധ്യമല്ല എന്നതിനാല്‍ എനിക്ക് അല്ലാഹു മതി, അവന്റെ മേലാണ് ഭരമേല്‍പ്പിക്കുന്നവനെല്ലാം ഭരമേല്‍പ്പിക്കേണ്ടത് എന്ന് നീ പറയണം (39:38).
മനുഷ്യന്‍ ആവശ്യമായ അധ്വാനങ്ങളും പരിശ്രമങ്ങളുമൊന്നും നടത്താതെ എല്ലാം അല്ലാഹു നിറവേറ്റിത്തരും എന്ന് കരുതി ആശ്വസിച്ചിരിക്കണമെന്ന് ഇതിന് അര്‍ഥമില്ല. ശത്രുക്കളുടെ ആക്രമണമുണ്ടാവുകയാണെങ്കില്‍ നേരിടാന്‍ ആവശ്യമായ ശക്തി സംഭരിച്ച ശേഷം അല്ലാഹുവില്‍ കാര്യങ്ങള്‍ ഭരമേല്‍പ്പിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു (8:61). ഒട്ടകത്തെ കയറില്‍ ബന്ധിച്ചശേഷം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാന്‍ ഒരു സ്വഹാബിയോട് നബി(സ) നിര്‍ദേശിച്ച സംഭവം പ്രസിദ്ധമാകുന്നു.
അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തിലും കൈകാര്യത്തിലും പൂര്‍ണവിശ്വാസമര്‍പ്പിക്കുന്ന വ്യക്തിക്ക് എന്ത് സംഭവിച്ചാലും അതയാള്‍ക്ക് ഗുണകരമായി ഭവിക്കുമെന്നാണ് ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്. അല്ലാഹു പറയുന്നു. 'പറയുക അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്ക് ഒരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പ്പിക്കേണ്ടത്'' (9:51).
പറയുക: (രക്തസാക്ഷിത്വം, വിജയം) എന്നീ രണ്ട് നല്ല കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്റെ പക്കല്‍നിന്ന് നേരിട്ടോ ഞങ്ങളുടെ കൈക്കോ ശിക്ഷ എന്നതാണ്. അതിനാല്‍ നിങ്ങള്‍ കാത്തിരുന്നു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ് (9:52). സന്തോഷകരമായ കാര്യം സംഭവിച്ചാല്‍ അല്ലാഹുവിന് നന്ദി പറയുകയും വിഷമകരമായ വല്ലതും നേരിട്ടാല്‍ ക്ഷമിക്കുകയും ചെയ്യുന്ന സത്യവിശ്വാസിക്ക് അത് ഗുണകരമായിത്തീരുന്ന അത്ഭുതകരമായ അവസ്ഥ പ്രവാചകന്റെ വചനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു മാത്രമാണ് ഇലാഹും റബ്ബും വലിയ്യും (ആരാധ്യനും പരിപാലകനും രക്ഷാധികാരിയും) എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിക്ക് അല്ലാഹുവിന്റെ വിധിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണ് അല്ലാഹുവിന്റെമേല്‍ എല്ലാം ഭരമേല്‍പ്പിക്കാന്‍ പ്രചോദനമാകുന്നത്.