Skip to main content

ഖദാഉം ഖദ്‌റും

ഖദാഅ് എന്നതിന്റെ അര്‍ത്ഥം വിധി, തീരുമാനം, നിര്‍വഹണം, കടമവീട്ടല്‍, നടപ്പില്‍ വരുത്തല്‍ എന്നൊക്കെയാണ്. ഇമാംറാഗിബ്(റ) പ്രസിദ്ധമായ അല്‍മുഫ്‌റദാത്തില്‍ ഖദാഅ് എന്ന് പറഞ്ഞതിന്റെ അര്‍ഥം വിശദീകരിക്കുന്നത് ഇപ്രകാരമാണ്. 'ഖദാഅ്' എന്നാല്‍ വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ കാര്യത്തിന് തീരുമാനമെടുക്കലാണ്. അതിനെ ദൈവികം, മാനുഷികം എന്നിങ്ങനെ വിഭജിക്കാം. ''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് നിന്റെ റബ്ബ് ഖദാ ചെയ്തിരിക്കുന്നു, തീരുമാനിച്ചിരിക്കുന്നു'' (17:23) എന്ന സൂക്തത്തില്‍ 'ഖദാ' എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത് വാക്ക് മൂലമുള്ള ദൈവീക ഖദാഅ് ആണ്. 'രണ്ട് ദിവസങ്ങളില്‍ അവയെ ഏഴു ആകാശങ്ങളാക്കി ഖദാ ചെയ്തു സൃഷ്ടി പൂര്‍ത്തിയാക്കി' എന്ന സൂക്തം (41:12) പ്രവൃത്തി മൂലമുള്ള ദൈവീക ഖദാഇനു ഉദാഹരണമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ന്യായാധിപന്‍ ഇപ്രകാരം ഖദാ ചെയ്തു (ഖദാ അല്‍ഹാകിമു ബികദാ) എന്നത് വാക്ക് മൂലമുള്ള മാനുഷിക ഖദാഇന്നും, നിങ്ങളുടെ ഹജ്ജ് സംബന്ധമായ ആരാധനാ കര്‍മങ്ങള്‍ ഖദാചെയ്താല്‍ (നിര്‍വ്വഹിച്ചാല്‍) (2:200) എന്ന ഖുര്‍ആന്‍ വചനം പ്രവൃത്തി മൂലമുള്ള മാനുഷിക ഖദാഇനും അദ്ദേഹം ഉദാഹരണമായി പറയുന്നു.

ഭാഷാര്‍ഥത്തില്‍ ഖദാഉം ഖദ്‌റും ഏറെക്കുറെ യോജിക്കുമെങ്കിലും രണ്ടും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട് എന്ന് ഇമാം റാഗിബ് ചൂണ്ടിക്കാണിക്കുന്നു. എല്ലാ ഖദ്‌റും ഖദാഅ് ആയിരിക്കുകയില്ല. ഖദ്‌റിനേക്കാള്‍ പ്രത്യേകമായിട്ടുള്ളതാണ് (ഖാസ്സ്) ഖദാഅ് എന്ന് റാഗിബ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഖദ്ര്‍ എന്നാല്‍ വ്യവസ്ഥ നിശ്ചയിക്കലും ഖദാഅ് എന്നാല്‍ അത് ഖണ്ഡിതമാക്കലും തീരുമാനിക്കലുമാകുന്നു. ഖദര്‍ ഖദാഅ് ആയി കഴിയുമ്പോള്‍ അഥവാ ദൈവനിശ്ചയം നടപ്പില്‍ വരുത്തുമ്പോള്‍ അല്ലാഹു അതിനെ തടഞ്ഞു വെച്ചേക്കാമെന്ന പ്രതീക്ഷക്ക് വകയുണ്ടെന്നും അത് ഖദാ ആയി കഴിഞ്ഞാല്‍ പിന്നീടത് അല്ലാഹു തടയുകയില്ല എന്നും ഉമര്‍(റ) ഉണര്‍ത്തിയിട്ടുണ്ട്. ഖദാഅ് എന്നതിന്റെ അര്‍ഥ വിശദീകരണത്തില്‍, വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു, ഈസാ നാബിയുടെ പിതാവില്ലാതെയുള്ള ജനനത്തെക്കുറിച്ച് പരാമര്‍ശിച്ച ഭാഗം ശ്രദ്ധേയമാകുന്നു. ''അത് ഒരു തീരുമാനിക്കപ്പെട്ട (ഖളാഅ് ചെയ്യപ്പെട്ട) കാര്യമാകുന്നു'' (19:21).

ഖദാഉം ഖദ്‌റും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാര്‍ ഉണ്ട്. എങ്കിലും വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും അവ തമ്മില്‍ കാര്യമായ അന്തരം കുറിക്കുന്ന തെളിവുകള്‍ നിരത്താന്‍ സാധ്യമല്ല. വിധി വിശ്വാസത്തിന്റെ ഭാഗമായി വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും കൂടുതല്‍ വന്നിട്ടുള്ള പദപ്രയോഗം ഖദ്ര്‍ എന്നുള്ളതാണ്. ഖദാഅം ഖദ്‌റും തമ്മില്‍ നിര്‍വചനത്തില്‍ വ്യത്യാസമുണ്ടെന്ന് അഭിപ്രായമുള്ള പണ്ഡിതര്‍ ഇവ രണ്ടിനും നല്‍കിയ വിശദീകരണം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഖദ്ര്‍ എന്നതിന്റെ വിവക്ഷ ഭാവിയില്‍ സൃഷ്ടികളില്‍ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള അല്ലാഹുവിന്റെ അറിവാണ്. ആ അറിവ് അല്ലാഹുവിന് മാത്രമേ ഉള്ളു. ഖദാഅ് എന്നതിന്റെ ഉദ്ദേശ്യം അല്ലാഹു അവന്റെ ഉദ്ദേശ്യത്തിനും അറിവിനും നിര്‍ണയത്തിനും അനുസരിച്ച് ഓരോ വസ്തുതകളെയും സൃഷ്ടികളെയും സൃഷ്ടിക്കലാണ്. 


വിധിയിലുള്ള വിശ്വാസം നാല് കാര്യങ്ങളുള്‍ക്കൊള്ളുന്നു.

1) ഓരോന്നിന്റെയും സൃഷ്ടിപ്പ് നടക്കുന്നതിന് മുമ്പ് തന്നെ അല്ലാഹുവിന് ആ സൃഷ്ടികളുടെ അവധി, ഉപജീവനം തുടങ്ങി എല്ലാ കാര്യങ്ങളെകുറിച്ചും പൂര്‍ണമായ അറിവ് ഉണ്ട്. അങ്ങനെ ജ്ഞാനമുള്ളവന്‍ അല്ലാഹു മാത്രമാണ്. ''നിശ്ചയം, അല്ലാഹു എല്ലാകാര്യത്തെ സംബന്ധിച്ചും അറിവുള്ളവനാണ്'' (29:62). അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്റെ) കല്പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏത് വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി'' (65:12).

2) വിധി വിശ്വാസത്തിന്റെ രണ്ടാമത്തെ ഭാഗമായിട്ട് വരുന്നത് അല്ലാഹുവിന്റെ നിര്‍ണിത രേഖയില്‍ സൃഷ്ടികളുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും രേഖപ്പെടുത്തി വെച്ചിരിക്കുന്നു എന്നതാണ്. ആകാശത്തിലും ഭൂമിയിലുമുള്ളത്. 'അല്ലാഹു അറിയുന്നതാണെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ (22:70).


3) ആകാശങ്ങളിലോ ഭൂമിയിലോ അവക്കിടയിലുള്ള  അവന്റെ സൃഷ്ടികളിലോ ഏതൊരു കാര്യവും സംഭവിക്കുന്നത് അവന്റെ ഉദ്ദേശ്യത്തോടു കൂടിയല്ലാതെ ഇല്ല.  ''ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉദ്‌ബോധനമല്ലാതെ മറ്റൊന്നുമല്ല. അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' (81:27,29).

4) എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അതുകൊണ്ട് സ്രഷ്ടാവിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ സൃഷ്ടികളിലും അവന്റെ ഉദ്ദേശ്യത്തിനും തീരുമാനത്തിനും അനുസരിച്ച് നടപ്പില്‍ വരുത്തുന്നു. എന്നാല്‍ സൃഷ്ടികളില്‍ വിവേകിയായ മനുഷ്യന് കര്‍മം ചെയ്യാനുള്ള ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ''അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവാകുന്നു'' (39:62).

സകല ചരാചരങ്ങളുടെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ ഉദ്ദേശ്യവും തീരുമാനവും നിര്‍ണയവുമില്ലാതെ യാതൊന്നും ഇവിടെ നടക്കുന്നില്ല. വിധിയിലുള്ള വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹു സര്‍വജ്ഞനാണെന്ന് ഉള്‍ക്കൊള്ളുന്നതോടെ അല്ലാഹുവിലുള്ള വിശ്വാസം തന്നെ ദൃഢപ്പെടുന്നു. ഓരോ സൃഷ്ടിയുടേയും ഉണ്‍മക്ക് മുമ്പ് തന്നെ ആ സൃഷ്ടിയുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും സസൂക്ഷ്മം അറിയുന്ന അല്ലാഹു അവ 'ലൗഹുല്‍ മഹ്ഫൂദി'ല്‍ (സുരക്ഷിത ഫലകം) രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ കാര്യവും അവന്‍ ഇച്ഛിക്കുംവിധം നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ലോകത്ത് അവനൊഴികെയുള്ളതെല്ലാം, അവന്റെ സൃഷ്ടികളാണ്. സ്രഷ്ടാവ് അവന്‍ മാത്രമാണ്.

ഇതിലപ്പുറം അല്ലാഹുവിന്റെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കടക്കുന്നത് ആശാസ്യമല്ല. ഇമാം ത്വഹാവി പറയുന്നു; ''വിധിയുടെ അടിസ്ഥാനം അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള രഹസ്യമാണ്. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ പ്രവാചകന്മാര്‍ക്കോ സാമീപ്യം സിദ്ധിച്ച മലക്കുകള്‍ക്ക് പോലുമോ ആ രഹസ്യം വെളിപ്പെടുത്തിക്കൊടുത്തിട്ടില്ല''
 

Feedback