സ്വര്‍ഗാവകാശികളാര്, നരകാവകാശികളാര് എന്ന് അല്ലാഹു നേരത്തെ തീരുമാനിച്ചുവെച്ചിരിക്കയാല്‍ മനുഷ്യന്‍ ചെയ്യുന്ന പുണ്യ കര്‍മങ്ങള്‍ പാഴ്‌വേലയാണെന്ന് ചിലര്‍ പറയാറുണ്ട്. അല്ലാഹുവിന്റെ ജ്ഞാനത്തെ സംബന്ധിച്ചും വിധിനിശ്ചയത്തെക്കുറിച്ചും ശരിയായി അറിയാത്തതിന്റെ പേരിലാണ് ഇത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത്. ഉമറുബ്‌നുല്‍ഖത്താബ്(റ) പറയുന്നു. ''ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൗഭാഗ്യവാനും ഉണ്ടാകും (11:105). ഈ സൂക്തം അവതരിച്ചപ്പോള്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ? ഏതടിസ്ഥാനത്തിലാണ് നാം പ്രവര്‍ത്തിക്കുക? അല്ലാഹുവിന്റെ വിധി വന്നുകഴിഞ്ഞ വഷയങ്ങളിലാണോ? അതല്ല അവന്റെ വിധി വന്നുകഴിയാത്ത വിഷയങ്ങളിലോ? നബി(സ) പറഞ്ഞു. ഉമര്‍, അല്ലാഹുവിന്റെ വിധി വന്നുകഴിഞ്ഞതും രേഖപ്പെടുത്തപ്പെട്ടതുമായ കാര്യങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഏതൊരാള്‍ക്കും താന്‍ എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടുവോ അതിലേക്കുള്ള മാര്‍ഗം എളുപ്പമാക്കിക്കൊടുക്കപ്പെടുന്നതാണ് (തിര്‍മിദി, അബൂദാവൂദ്, അഹ്മദ്, മുവത്വാ).
മനുഷ്യന്‍ ചെയ്‌തേക്കാവുന്ന കാര്യങ്ങള്‍ അല്ലാഹു മുന്‍കൂട്ടി അറിയുന്നത് അവന്‍ കാലാതീത ജ്ഞാനത്തിനുടമയായതിനാലാണ്. അവന്‍ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടല്ല, മനുഷ്യന്‍ സൗഭാഗ്യവാനും ദൗര്‍ഭാഗ്യവാനും ആവുന്നത്. മനുഷ്യന്റെ വിജയത്തിനും പരാജയത്തിനും കാരണം അവന്‍ സ്വയം തെരഞ്ഞെടുക്കുന്നു. വിശ്വാസവും കര്‍മവുമാണ് ഒരാള്‍ സ്വര്‍ഗാവകാശിയോ നരകാവകാശിയോ എന്ന് നിശ്ചയിക്കുന്നതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നാല്‍ സ്വര്‍ഗത്തിനും നരകത്തിനും മനുഷ്യനെ അവകാശിയാക്കുവാന്‍ തക്കതായ കര്‍മങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം അവനു തന്നെയാണ്. പ്രസ്തുത കര്‍മങ്ങളുടെ ഫലമായിക്കൊണ്ടാണ് അവന്ന് സ്വര്‍ഗമോ നരകമോ നല്‍കപ്പെടുന്നത്. എന്നാല്‍ മനുഷ്യന്‍ ആഭിമുഖ്യം കാണിക്കുന്ന ദിശയിലേക്ക് അവന് വഴി എളുപ്പമാക്കിക്കൊടുക്കുമെന്ന് അല്ലാഹു പറയുന്നു: ''എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ അവന്ന് നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്. എന്നാല്‍ ആര് പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്യുന്നുവോ അവന്ന് ഏറ്റവും ഞെരുക്കമുള്ളതിലേക്ക് നാം സൗകര്യമൊരുക്കിക്കൊടുക്കുന്നതാണ് (92:5-10).
നന്മയും തിന്മയും പ്രവര്‍ത്തിക്കുവാന്‍ മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ടതിനാലാണ്, സന്മാര്‍ഗത്തിനും ദുര്‍മാര്‍ഗത്തിനും നിമിത്തമായിത്തീരുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവന് സാധിക്കുന്നത്. എന്നാല്‍ മറ്റു സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യതിരിക്തമായ ഒരു അസ്തിത്വമാണ് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നത്. നന്മയും തിന്മയും സ്വപ്രയത്‌നം കൊണ്ട് വ്യവഛേദിച്ചു മനസ്സിലാക്കാന്‍ സഹായിക്കുന്ന ഏക ജീവിയാണവന്‍. അതുകൊണ്ട്തന്നെയാണ് അല്ലാഹു സ്വതന്ത്രമായ കൈകാര്യകര്‍തൃത്വം നല്‍കി മനുഷ്യരെ പരീക്ഷിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിലുള്ള വിജയമാണ് മനുഷ്യനെ ഉല്‍കൃഷ്ടനാക്കുന്നത്.
അല്ലാഹു നീതിമാനാണ്. ഇഹലോകത്ത് രണ്ട് മാര്‍ഗങ്ങള്‍ അവന്‍ നമുക്ക് കാണിച്ചുതരുന്നു. സത്യത്തിന്റേയും അസത്യത്തിന്റേയും. സത്യമാര്‍ഗം പിന്‍പറ്റി നന്മ ചെയ്തവന്ന് കൃത്യമായ പ്രതിഫലം നല്‍കുന്നു. അസത്യമാര്‍ഗ്ഗം പിന്തുടര്‍ന്ന് താന്തോന്നിയായി ജീവിച്ച ദുര്‍വൃത്തന് സദ്‌വൃത്തന്റേതിന് തുല്യമായ പരിഗണന നല്‍കുകയാണെങ്കില്‍ അത് അല്ലാഹുവിന്റെ നീതി എന്ന സദ്ഗുണത്തിന് നിരക്കാത്തതായിരിക്കും. അതുകൊണ്ട് ചീത്ത പ്രവര്‍ത്തിച്ചവന് അതിന്റെ ദുഷ്ഫലവും നല്‍കുന്നു. കരുണാവാരിധിയായ അല്ലാഹു നന്മകളുടെ പ്രതിഫലം നല്‍കുന്നത് ശതഗുണീഭവിപ്പിച്ചുകൊണ്ടാണ്. തിന്മക്ക് പ്രതിഫലം നല്‍കുമ്പോള്‍ ആ തിന്മയുടെ തത്തുല്യമായ ശിക്ഷ മാത്രമേ അനുഭവിക്കേണ്ടതായിട്ടുള്ളു. ഖേദിച്ചു മടങ്ങുകയും സുകൃതം ചെയ്യുകയുമാണെങ്കില്‍ അല്ലാഹു ആ തിന്മകളെ മായ്ച്ചു കളഞ്ഞ് നന്മകളായി പരിവര്‍ത്തിപ്പിക്കും.
അല്ലാഹുവിന്റെ നിശ്ചയത്തിന്റെ (വിധി) ഭാഗമായി മനുഷ്യന് തന്റെ ജീവിതത്തില്‍ അനിഷ്ടകരമായ സംഭവങ്ങളും വിപത്തുകളും ഉണ്ടായേക്കാം. അയ്യൂബ് നബി(അ)ക്ക് ദേഹമാകെ ചീഞ്ഞൊലിക്കുന്ന രോഗം ബാധിച്ചപ്പോള്‍ അദ്ദേഹം അതിനെ ദൈവിക പരീക്ഷണമായി കണ്ട് ക്ഷമിച്ചു. അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ആ ക്ഷമയും പ്രാര്‍ഥനയും ഭരമേല്‍പ്പിക്കലും ആണ് വിശ്വാസികള്‍ മാതൃകയാക്കേണ്ടത്. ദൈവിക നിശ്ചയത്തിന്റെ ഭാഗമായി സ്വന്തം കാരണങ്ങള്‍കൊണ്ടല്ലാതെ വിപത്തുകള്‍ വരുമ്പോള്‍ അല്ലാഹു പരീക്ഷിക്കുകയാണെന്ന് വിശ്വസിച്ച് ക്ഷമിച്ചാല്‍ അത് പാരത്രിക വിജയത്തിന് കാരണമായിത്തീരുമെന്ന് അല്ലാഹു അറിയിക്കുന്നു (2:157).