Skip to main content

മഹ്മൂദ് ഗസ്‌നവി

എട്ട് നൂറ്റാണ്ടിലേറെക്കാലം നിലനിന്ന ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിന് യഥാര്‍ഥത്തില്‍ അസ്തിവാരമിട്ട പ്രതിഭാധനനായ ഭരണാധികാരിയാണ് മഹ്മൂദ് അല്‍ഗസ്നവി.  സബക്തകീന്റെ മകനും, തന്റെ സഹോദരനുമായ ഇസ്മാഈലിനെ പുറത്താക്കി ക്രി.വ. 998ലാണ് മഹ്മൂദ് അധികാരത്തിലെത്തിയത്. 1030 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. നാട്ടു പ്രഭുക്കളും സൈന്യവും അദ്ദേഹത്തിന് പൂര്‍ണ പിന്തുണയും നല്‍കി.

സമര്‍ത്ഥനായ മഹ്മൂദ് പിതാവില്‍ നിന്നാണ് ഭരണപാഠങ്ങള്‍ അഭ്യസിച്ചത്.  സൈന്യ നീക്കങ്ങളില്‍ വിദഗ്ധനായ ഈ യുവാവ് പിതാവിന്റെ കാലത്ത് നിരവധി വിജയങ്ങളില്‍ നേതൃപരമായ പങ്കു വഹിക്കുകയും ചെയ്തിരുന്നു.

അധികാരമേറ്റ മഹ്മൂദ് സ്വാഭാവികമായും രാജ്യ വിസ്തൃതിയില്‍ താല്്പര്യം കാണിച്ചു.  അക്കാര്യത്തില്‍ മത-ജാതി-വംശ പരിഗണനകള്‍ ആര്‍ക്കും നല്കിയില്ല.  സാമാനികളുടെ കൈവശത്തിലിരുന്ന ഖുറാസാനാണ് ആദ്യം അദ്ദേഹം കൈവശപ്പെടുത്തിയത്.  ബുഖാറ, സമര്‍ഖന്ദ്, റയ്യ്, ഇസ്ഫ്ഹാന്‍, ഹമദാന്‍ എന്നിവ ഒന്നൊന്നായി തന്റെ അധികാര പരിധിയിലേക്ക് കൊണ്ടുവന്ന് ദിഗ്വിജയങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളിലൂടെ ജൈത്രയാത്ര നടത്തിയപ്പോള്‍ രജപുത്ര സേനയടക്കമുള്ളവരാണ് മഹ്മൂദിന്റെ രണവീര്യത്തിനു മുന്നില്‍ അടിതെറ്റി വീണത്.  പഞ്ചാബും പിടിച്ചടക്കിയ ശേഷം സിന്ധുനദി മുറിച്ചുകടന്ന് ക്രി.വ. 1004ല്‍ ഇന്നത്തെ ഇന്ത്യന്‍ അതിര്‍ത്തിയി ലെത്തി ഈ വീര ജേതാവ്.

അതിനിടെ ഗസ്‌നവിയുടെ ജൈത്രയാത്രക്ക് തടയിടാനായി ഉജ്ജൈന്‍, ഗ്വാളിയോര്‍, കലിംഗ, കനൂജ്, ഡല്‍ഹി, അജ്മീര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ഒന്നിച്ച്  സൈനിക സഖ്യം രൂപീകരിച്ചു.  ഈ സഖ്യം രജപുത്ര രാജാവ് ആനന്ദപാലിന് പിന്തുണ നല്‍കിയെങ്കിലും മഹ്മൂദിന്റെ കണിശതയാര്‍ന്ന യുദ്ധ തന്ത്രങ്ങള്‍ക്കു മുന്നില്‍ അവര്‍ അടിയറവ് പറഞ്ഞു.  എന്നാല്‍ അവരില്‍ മേല്‍ക്കോയ്മ സ്ഥാപിക്കുകമാത്രമാണ് ഗസ്‌നവി ചെയ്തത്.  ഇത് പിന്നീട് അദ്ദേഹത്തിന് തന്നെ വിനയായി.  ഈ രാജാക്കന്‍മാര്‍ ഇടയ്ക്കിടെ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുമ്പോഴൊക്കെയും അവയെ അടിച്ചമര്‍ത്താന്‍ യുദ്ധം ചെയ്യേണ്ടിവന്നു.

സിന്ധു, ഝലം നദികള്‍ക്കിടയിലുള്ള പ്രദേശങ്ങള്‍ കാല്‍ക്കീഴിലാക്കിയ ഗസ്്‌നവിക്ക് ഗുജറാത്ത് തീരത്തെ തുറമുഖ നഗരമായ സോമനാഥിലാണ് അല്പം വിയര്‍ക്കേണ്ടി വന്നത്.  ഗസ്‌നവിയുടെ സൈന്യം രജപുത്ര വീര്യത്തിനു മുന്നില്‍ ആദ്യം ഒന്നു പതറിയെങ്കിലും ഒടുവില്‍ വിജയതീരമണഞ്ഞു. ഇരുപക്ഷത്തിനും  ആളും അര്‍ത്ഥവും ഏറെ നല്‍കേണ്ടിവന്നു.  1025 ലായിരുന്നു ഈ യുദ്ധം.

പ്രജാവല്‍സലനും നീതിമാനും വിജ്ഞാന സ്‌നേഹിയുമായിരുന്നു മഹ്മൂദ് ഗസ്നവി.  ആര്‍ക്കും അദ്ദേഹത്തോട് നേരിട്ട് പരാതി ബോധിപ്പിക്കാമായിരുന്നു.  ഉടനടി പരിഹാരവും കണ്ടെത്തും.  കല, ശാസ്ത്രം, സാഹിത്യം എന്നിവയെ അതിരറ്റ് സ്‌നേഹിച്ച ഇദ്ദേഹത്തിന്റെ ദര്‍ബാറില്‍  വിശ്രുതനായ കവി ഫിര്‍ദൗസി, ചരിത്രകാരനായ ഉതുബി എന്നിവരുണ്ടായിരുന്നു.  വിജ്ഞാന വിസ്മയം അല്‍ബിറൂനി (ക്രി.വ. 973-1049) ഇദ്ദേഹത്തിന്റെ സമകാലികനാണ്.

ചരിത്രകാരന്‍മാരാല്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഭരണാധികാരിയാണ് മഹ്മൂദ് ഗസ്‌നവി.  എന്നാല്‍ പണ്ഡിതനും ഉറച്ച മുസ്‌ലിം ഭക്തനുമായ ഇദ്ദേഹമാണ് ഉത്തരേന്ത്യന്‍ നഗരങ്ങളായ ഗ്വാളിയോര്‍, സോമനാഥ്, മഥുര തുടങ്ങിയിടങ്ങളില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തിച്ചത്.

ഗാമാനികള്‍, കര്‍ഖാനികള്‍, സയാറികള്‍, ബുവൈഹികള്‍ തുടങ്ങിയ വൈദേശിക ശക്തികള്‍ക്കെതിരെയും പട നയിച്ചു.

33 വര്‍ഷക്കാലം അധികാരം വാണ ഗസ്‌നവി ക്രി.വ. 1030 (ഹി. 421) ലാണ് നിര്യാതനാവുന്നത്.

Feedback