ചരിത്രകാരന്മാര്‍ക്കിടയില്‍ ഔറംഗസീബ് വിവാദപുരുഷനായിരുന്നു. ആദര്‍ശവാദിയും മതഭക്തനുമായ മുഗള്‍ ചക്രവര്‍ത്തിയെന്ന് ചിലര്‍ വിലയിരുത്തി. എന്നാല്‍ യൂറോപ്യന്‍മാരുള്‍പ്പെടെ ചിലര്‍ അധികാര തൃഷ്ണക്ക് ആത്മീയത മറയാക്കിയവനെന്നും വര്‍ഗീയവാദിയെന്നും തീര്‍പ്പിലെത്തുകയായിരുന്നു.
നീതിയും നിയമവും പൗരന്മാര്‍ക്ക് മൊത്തത്തില്‍ ബാധകമാക്കി. രാജകുടുംബങ്ങളും ഉന്നതോദ്യോഗസ്ഥരും സാധാരണക്കാരനും കോടതി വിധിയനുസരിക്കണം. ചക്രവര്‍ത്തിക്കെതിരെയും പരാതി പറയാം. ഈ കാര്യങ്ങളൊന്നും മുമ്പുണ്ടായിരുന്നില്ല.
മദ്യപാനവും ചൂതാട്ടവും വ്യഭിചാരവും തടയാന്‍ 'ഇഹ്തിസാബ' എന്ന പ്രത്യേക കോടതി തന്നെയുണ്ടാക്കി. സ്തുതിപാഠകരെ കൊട്ടാരത്തിലേക്ക് അടുപ്പിച്ചില്ല.
ഔറംഗാബാദ്-ആഗ്ര, ലാഹോര്‍-കാബൂള്‍ പാതകള്‍ യാത്രാ സൗഹൃദമാക്കി. തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. കിണറുകള്‍, കുളിപ്പുരകള്‍, സത്രങ്ങള്‍, പള്ളികള്‍, ചന്തകള്‍, പാലങ്ങള്‍ എന്നിവ ഇവയുടെ ഓരങ്ങളില്‍ പണിതു.
വികലാംഗര്‍, രോഗികള്‍, അഗതികള്‍ എന്നിവര്‍ക്ക് മന്ദിരങ്ങള്‍ നിര്‍മിച്ചു. ഭക്ഷണവും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി. ശവകുടീരങ്ങളും ആകാശചാരികളായ നവനിര്‍മിതികളുമുണ്ടാക്കി പണം കളഞ്ഞില്ല. എന്നാല്‍ മസ്ജിദുകളും ആവശ്യമായ ഇടങ്ങളില്‍ ക്ഷേത്രങ്ങളും നിര്‍മിച്ചു.
സൈനിക സേവനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന അമുസ്‌ലിംകള്‍ക്കുമേല്‍ ജിസ്‌യ (സംരക്ഷണ നികുതി) ഏര്‍പ്പെടുത്തി.
തന്റെ ചെലവിലേക്ക് ഖജനാവില്‍ നിന്ന് ഔറംഗസീബ് ഒന്നുമെടുത്തില്ല. തൊപ്പികള്‍ തുന്നി അത് വില്പന നടത്തിയും, ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയുമായിരുന്നു ജീവിതായോധനം കണ്ടെത്തിയത്. താന്‍ മരിച്ചാല്‍ തന്റെ സമ്പാദ്യം കൊണ്ട് മാത്രമേ ശവപ്പുടവ വാങ്ങാവൂ. ബാക്കിയുള്ള പണം അഗതികള്‍ക്ക് ദാനം ചെയ്യണം, തനിക്കായി കല്ലറ പണിയരുത് എന്നിവയായിരുന്നു ആ മഹാന്റെ വസിയ്യത്ത്. ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് പ്രിയ ചക്രവര്‍ത്തി അന്ത്യയാത്രയായത്.
''ജനത്തിന് ഭാരമാവരുതെന്ന് കരുതി കഷ്ണം വെച്ച വസ്ത്രം ധരിക്കുകയും ജനം വയറ് നിറക്കട്ടെയെന്നാശിച്ച് ഉണക്ക റൊട്ടി തിന്ന് ജീവിക്കുകയും ചെയ്ത ഭരണാധികാരി ഔറംഗസീബ് മാത്രമാണ്.''