നാല് ഭരണാധികാരികളിലൂടെ 15 വര്‍ഷമാണ് (1540-1555) സൂരിവംശം നാട് ഭരിച്ചത്. എന്നാല്‍ ഇന്ത്യാ ചരിത്രത്തില്‍ ഈ കാലം അനശ്വരമായി.
ഗതാഗത മാര്‍ഗങ്ങളൊരുക്കിയതാണ് ഷേര്‍ഷായുടെ പ്രധാന പരിഷ്‌ക്കാരങ്ങളിലൊന്ന്. ധാക്കാ-പെഷവാര്‍ റോഡ്, ലാഹോര്‍-മുള്‍ത്താന്‍ റോഡ് എന്നിവയാണ് ഇതില്‍ ചിലത്. ഇവയുടെ വശങ്ങളില്‍ തണല്‍മരങ്ങള്‍ നട്ടു. നാലു മൈല്‍ കൂടുമ്പോള്‍ സത്രങ്ങള്‍ പണിതു.
പേര്‍ഷ്യന്‍ മാതൃകയില്‍ തപാല്‍ സമ്പ്രദായം നടപ്പാക്കി. ഇതില്‍ കുതിരകളെ വാഹനമായി ഉപയോഗിച്ചു. 'ഇന്ത്യന്‍ തപാലി'ന്റെ ജനയിതാവ് ഷേര്‍ഷായാണ്.
സ്വര്‍ണ-വെള്ളി നാണയങ്ങള്‍ അടിച്ചിറക്കി. ഇത് ബ്രിട്ടീഷ് കാലം വരെ പ്രചാരത്തിലുണ്ടായിരുന്നു. കര്‍ഷകരുടെ സുഹൃത്തായിരുന്ന ഇദ്ദേഹം അവര്‍ക്ക് പട്ടയം കൊടുക്കുകയും വിളവിന് മാത്രം നികുതി ചുമത്തുകയും ചെയ്തു.
കൊലപാതകം പോലുള്ള ക്രൂരതകള്‍ നടക്കുകയും പ്രതികള്‍ പിടിക്കപ്പെടാതിരിക്കുകയും ചെയ്താല്‍ ഗ്രാമത്തലവന് വധശിക്ഷ നല്കുമെന്ന ഷേര്‍ഷായുടെ പ്രഖ്യാപനത്തിന് വലിയ ഫലം കണ്ടു. ഇത് നാട്ടില്‍ സമാധാനത്തിനും നിര്‍ഭയത്വത്തിനും ഇടയാക്കി.
തികഞ്ഞ ഭക്തനും ഖുര്‍ആന്‍ പാരായണം ദിനചര്യയാക്കിയവനുമായിരുന്നു. മദ്യപാനവും വ്യഭിചാരവും തടയാന്‍ പ്രത്യേക ഉദ്യഗസ്ഥരെ തന്നെ നിയമിച്ചു. ഹിന്ദു വിശ്വാസികളെ ആദരിക്കുകയും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അഗതി മന്ദിരങ്ങളും സ്ഥാപിച്ചു.