Skip to main content

ഇസ്‌ലാമിക സര്‍വകലാശാലകള്‍

ലോകനാഗരികതയില്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക മുന്നേറ്റം വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് മുതലായ അനേകം വിശ്വപ്രശസ്ത യൂനിവേഴ്‌സിറ്റികള്‍ ഇന്ന് യൂറോപ്യന്‍ രാജ്യത്ത് വിജ്ഞാന സ്രോതസ്സുകളായി പ്രശോഭിക്കുന്നു. നളന്ദ, തക്ഷശില തുടങ്ങിയ പുരാതന ഇന്ത്യയിലെ വിജ്ഞാനകേന്ദ്രങ്ങള്‍ പിന്നീട് സര്‍വകലാശാലകളായി ഉയര്‍ന്നിട്ടുണ്ട്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടോടു കൂടി മുസ്‌ലിംകള്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളില്‍ വ്യാപിച്ചു. മൊറോക്കോ മുതല്‍ സമര്‍ഖന്ത് വരെ വ്യാപിച്ചുകിടക്കുന്ന വലിയ പ്രദേശം സ്വാധീനത്തിലായിരുന്ന മുസ്‌ലിം ഭരണാധികാരികള്‍ വൈജ്ഞാനിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 

മതപരമായ വിജ്ഞാനങ്ങള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം ഭൗതികമായ അറിവു നല്‍കാന്‍ സംവിധാനമുണ്ടാക്കി. ക്രി. എട്ടാം നൂറ്റാണ്ടില്‍ തുണീഷ്യയില്‍ ഖൈറുവാനില്‍ ഉണ്ടാക്കിയ ജാമിഅ സൈത്തൂന ലോകത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട യൂണിവേഴ്‌സിറ്റിയായി ചരിത്രം പറയുന്നു. തുടര്‍ന്ന് മൊറോക്കോയിലെ ജാമിഅ ഖുറവിയ്യീന്‍, കെയ്‌റോയിലെ ജാമിഅ അല്‍ അസ്ഹര്‍, സ്‌പെയിനിലെ കൊറഡോവ, ഇറാഖിലെ ബഗ്ദാദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ വിശ്വവിഖ്യാത യൂണിവേഴ്‌സിറ്റികള്‍ മുസ്‌ലിംകളുടെ സംഭാവനകളാണ്. അവയില്‍ മിക്കതും ആധുനിക പ്രൗഢിയോടെ ഇന്നും നിലനില്ക്കുന്നു. മത-ഭൗതിക വിദ്യാഭ്യാസമായിരുന്നു ആദ്യകാല മുസ്‌ലിംകളെ ഉന്നതിയിലെത്തിച്ചത്. മതപണ്ഡിതന്‍ തന്നെ ഭിഷഗ്വരനും ഗോളശാസ്ത്രജ്ഞനും മറ്റും ആയിരുന്ന ആ സുവര്‍ണകാലം മുസ്‌ലിംകള്‍ തിരിച്ചു പിടിക്കേണ്ടതുണ്ട്. 

മുസ്‌ലിംകളുടെ പ്രഭാവം നിലനിന്ന കാലത്ത് വിവിധ വിജ്ഞാന ശാഖകളില്‍ ഗവേഷണ കേന്ദ്രങ്ങളും ഒബ്‌സര്‍വേറ്ററികളും സ്ഥാപിക്കപ്പെട്ടു. ആധുനിക കാലഘട്ടത്തിലും റഫറന്‍സായി ഉപയോഗിക്കുന്ന അമൂല്യഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തു. പില്ക്കാലത്ത് ഈ പ്രതാപം മുസ്‌ലിം ലോകത്തു നിന്ന് പാശ്ചാത്യരാജ്യങ്ങളിലേക്ക് നീങ്ങി എന്നത് നേരാണ്. ഇന്ത്യയിലെ അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയും ഹംദര്‍ദ്, ജാമിഅ മില്ലിയ തുടങ്ങിയവയും ആധുനിക കാലത്ത് മികച്ചു നില്ക്കുന്നു. 

Feedback