ലോകാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമാണ് സുഊദി അറേബ്യയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മദീന. ഹിജ്‌റ വര്‍ഷം 1381 റബീഉല്‍ അവ്വല്‍ ഇരുപത്തി അഞ്ചിന് ഇത് നിലവില്‍ വന്നു. സുഊദികളല്ലാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇതിനകം പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇസ്‌ലാമിന്റെ അനശ്വര സന്ദേശങ്ങള്‍ ലോകത്തിന്റെ മുക്കുമൂലകളില്‍ എത്തിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടാന്‍ അവസരമൊരുക്കുക, ഇസ്‌ലാമിന്റെ പാരമ്പര്യത്തിന്റെ പ്രധാന രേഖകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുക, വിവിധ സര്‍വകലാശാലകളും സംഘടനകളുമായി ബന്ധം സ്ഥാപിക്കുക, ഇസ്‌ലാമിക വിഷയങ്ങളില്‍ ഗവേഷണാത്മക പഠനം നടത്തുക തുടങ്ങിയവയാണ് സര്‍വകലാശാലയുടെ ലക്ഷ്യങ്ങള്‍.
അറബിയിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി നാലുലക്ഷത്തോളം ഗന്ഥങ്ങളടങ്ങിയ ബൃഹദ് ലൈബ്രറിയും യൂണിവേഴ്‌സിറ്റിക്കുണ്ട്. കേരളത്തില്‍ നിന്നുള്ള നിരവധി പണ്ഡിതന്മാര്‍ മദീനാ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൗജന്യമായിട്ടാണ് ഇവിടെ വിദ്യാഭ്യാസം നല്‍കുന്നത്. പഠനമാധ്യമം അറബിയാണ്. സെപ്തംബര്‍ മുതല്‍ ജൂണ്‍വരെയാണ് അക്കാദമിക വര്‍ഷമായി കണക്കാക്കുന്നത്.
യൂനിവേഴ്‌സിറ്റി കൗണ്‍സില്‍, ഡീന്‍സ് കൗണ്‍സില്‍, ഫാക്കല്‍റ്റി കൗണ്‍സില്‍, ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സില്‍ എന്നീ ബോഡികളാണ് ഭരണനിര്‍വഹണം നടത്തുന്നത്.
ഔദ്യോഗിക വെബ്‌സൈറ്റ്: https://iu.edu.sa/en-us