Skip to main content

പരീക്ഷണങ്ങള്‍

മൂസാ(അ)യെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും മര്‍ദന  പീഡന മുറകളിലൂടെ പരീക്ഷിക്കാന്‍ ഒരുങ്ങിയ ഫിര്‍ഔന്‍ തന്റെ അപ്രമാദിത്വം സ്ഥാപിക്കാന്‍ തീവ്രശ്രമം തന്നെ നടത്തി. ''ജനങ്ങളേ മിസ്വ്‌റിന്റെ ആധിപത്യം എനിക്കുള്ളതാണ്. ഇവിടുത്തെ നദികള്‍ ഒഴുകുന്നത് എന്റെ കാല്‍ചുവട്ടിലാണ്. നിങ്ങള്‍ക്ക് ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ. സ്ഫുടമായി സംസാരിക്കാന്‍പോലും കഴിയാത്ത ഈ നിസ്സാരനെയാണോ നിങ്ങള്‍ അംഗീകരിക്കുന്നത്?'' (43:51,52).

ഇസ്‌റാഈല്യരെ ക്രൂരമായി മര്‍ദിച്ചുകൊണ്ട് അയാള്‍ പ്രതികാര നടപടി തുടങ്ങി. ആരാധനയില്‍ നിന്നു പോലും അവരെ തടഞ്ഞു. അവര്‍ പൊറുതിമുട്ടി. അവരെ ആശ്വസിപ്പിച്ചുകൊണ്ട് മൂസാ(അ) പറഞ്ഞു: ''ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരെങ്കില്‍ അവനില്‍ ഭരമേല്‍പിക്കുക'', അവര്‍ പറഞ്ഞു: ''ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു, അക്രമികളുടെ മര്‍ദനങ്ങള്‍ക്ക് നീ ഞങ്ങളെ ഇരയാക്കരുതേ, സത്യനിഷേധികളില്‍ നിന്ന് ഞങ്ങളേ നീ രക്ഷിക്കേണമേ, നാഥാ''(10:84,  86).

ഇതിനിടെ ഫിര്‍ഔനും തിരിച്ചടി നേരിട്ടു തുടങ്ങിയിരുന്നു; അല്ലാഹുവിന്റെ മുന്നറിയിപ്പെന്നവണ്ണം. ഈജിപ്തിനെ എക്കാലവും സമ്പുഷ്ടവും സസ്യശ്യാമളവുമാക്കിയിരുന്ന നൈല്‍ നദിയെ വറ്റിച്ചുകൊണ്ടാണ് പരീക്ഷണം തുടങ്ങിയത്. അതോടെ ഈജിപ്ത് ഉണങ്ങി. പട്ടിണിയും ദാരിദ്ര്യവും നാടിനെ വലച്ചു.

അടുത്ത വര്‍ഷം മഴയായിരുന്നു, തോരാത്തമഴയില്‍ നൈല്‍ കര കവിഞ്ഞു. കൃഷി വെള്ളത്തിലായി, വീണ്ടും ക്ഷാമം അവരെ വേട്ടയാടി. വെട്ടുകിളികളെയും പേനിനെയും തവളകളെയും മാറിമാറി അയച്ചും പടച്ചവന്‍ ഈജിപ്തിനെ പരീക്ഷണവേദിയാക്കി (7:130, 133).

പരീക്ഷണങ്ങളില്‍ പതറിയ ഫറോവയും കൂട്ടരും കുറ്റം മൂസാ(അ)യുടെ തലയിലിട്ടു. ജനങ്ങളൊന്നടങ്കം മൂസായെ സമീപിച്ച് തങ്ങളെ പിടികൂടിയ ദുരന്തങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണെമെന്ന് അപേക്ഷിച്ചു. അങ്ങനെയെങ്കില്‍ ഇസ്‌റാഈല്യരെ താങ്കളോടൊപ്പം അയക്കാമെന്നും നിന്നില്‍ വിശ്വസിക്കാമെന്നും വാഗ്ദാനവും നല്‍കി. മൂസാ പ്രാര്‍ഥിക്കും, ദുരിതങ്ങള്‍ അല്ലാഹു നീക്കും. എന്നാല്‍ ജനങ്ങള്‍ കാലുമാറും(7:134,135).

സ്വന്തം ഭാര്യ തന്റെ ശത്രു മൂസായിലും അദ്ദേഹത്തിന്റെ ദൈവത്തിലും വിശ്വസിച്ചതായിരുന്നു ഫറോവയെ ബാധിച്ച ഏറ്റവും വലിയ പരീക്ഷണം. ഫറോവ അറിയാതെ ഭാര്യ ആസ്യ വിശ്വാസം മനസ്സില്‍ കൊണ്ടു നടന്നു. ആരാധനകളും അനുഷ്ഠിച്ചു. അയാളുടെ ചെയ്തികളില്‍ നിന്ന് രക്ഷപ്പെടുത്താനും സ്വര്‍ഗത്തില്‍ ഭവനം നിര്‍മിച്ചു തരാനും അവര്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. സത്യവിശ്വാസികള്‍ക്കു മുഴുവന്‍ മാതൃകയായി ഈ ധീരവനിതയെ ഖുര്‍ആന്‍ അവതരിപ്പിക്കുകയും ചെയ്തു (66:11).

ഫിര്‍ഔനിന്റെ പതനം

ക്ഷമയുടെ നെല്ലിപ്പടി കണ്ട ഇസ്‌റാഈല്യരുമായി നാടുവിടാന്‍ അല്ലാഹു മൂസാക്ക് ബോധനം നല്‍കി. രാത്രിക്കു രാത്രി അവര്‍ പുറപ്പെട്ടു. മൂസായെ വകവരുത്താന്‍ ഒരുങ്ങിയിരുന്ന ഫിര്‍ഔന്‍ വിവരമറിഞ്ഞു, സൈന്യത്തിനു നേതൃത്വം നല്‍കി ഫിര്‍ഔന്‍ തന്നെ അവരെ നേരിടാന്‍ പിന്നാലെയും.

ഇസ്‌റാഈല്യരിലെ 12 ഗോത്രങ്ങള്‍ക്കും ഓരോ നായകന്മാരെ മൂസാ(അ) നിശ്ചയിച്ചു നല്‍കിയിരുന്നു. ശാമിലേക്കുള്ള സഞ്ചാരപാതയിലൂടെ ഫലസ്തീനിലേക്ക് പോകാനായിരുന്നു മൂസാ(അ)യുടെ തീരുമാനം. എന്നാല്‍ അല്ലാഹുവിന്റെ നിശ്ചയം നടക്കണമെങ്കില്‍ അവര്‍ വഴിമാറണം. അറിയാതെയാണെങ്കിലും മൂസാ(അ)യും സംഘവും വഴിതിരിഞ്ഞു. വടക്കു ഭാഗത്തേക്കു നീങ്ങേണ്ട അവര്‍ കിഴക്കു ഭാഗത്തേക്കായി സഞ്ചാരം. തൊട്ടുപിന്നില്‍ ഫിര്‍ഔനും സൈന്യവുമുണ്ടായിരുന്നു.

ഏറെ ദൂരം നടന്ന അവര്‍ക്കു മുന്നില്‍ ചെങ്കടലിന്റെ അലയൊലിയുയരാന്‍ തുടങ്ങി. പാരാവാരത്തിനു മുന്നില്‍ വാപിളര്‍ന്നു നില്‍ക്കെ അവരുടെ പ്രജ്ഞയെ കവര്‍ന്നുകൊണ്ട് പിന്നില്‍ ഫിര്‍ഔനിന്റെ സംഘം ഹുങ്കാരം മുഴക്കിയെത്തി. കണ്ണുകളില്‍ ഇരുട്ടു പരക്കുന്നതിനിടെ അവര്‍ മൂസായുടെ പ്രഖ്യാപനം കേട്ടു: ''എന്റെ ഒപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്ക് വഴികാണിച്ചു തരും''(26:62).

''മൂസാക്ക് നാം ദിവ്യബോധനം നല്‍കി: നിന്റെ വടികൊണ്ട് നീ സമുദ്രത്തെ അടിക്കുക. അപ്പോഴത് പിളര്‍ന്നു നിന്നു''(26: 63).

മൂസാ തങ്ങളെ ചതിച്ചുവെന്ന് സംശയിച്ച ഇസ്‌റാഈല്യര്‍ അടുത്ത നിമിഷം തന്നെ സമുദ്രത്തില്‍ രൂപം കൊണ്ട വഴികളിലൂടെ ചെങ്കടലിന്റെ മറുകര പ്രാപിച്ചു. മറ്റൊന്നും നോക്കാതെ ഫറോവയും സംഘവും കടല്‍വഴിയില്‍ കടന്നു. മറുകരയിലെത്തിയവര്‍ ഇതു കണ്ട് അന്ധാളിച്ചു നില്‍ക്കെ, സാവധാനം ചെങ്കടല്‍ പഴയ രൂപം കൊണ്ടു.

കടല്‍ മധ്യത്തില്‍ മുങ്ങിത്താഴവെ, ഫറോവ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു: ''ഇസ്‌റാഈല്‍ ജനത വിശ്വസിച്ച ആരാധ്യനല്ലാതെ മറ്റൊന്നില്ലെന്ന് ഞാനും വിശ്വസിക്കുന്നു. ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണ്''(10:90).

അങ്ങനെ ദൈവം ചമഞ്ഞ ഫറോവയെയും സൈന്യത്തെയും ഒന്നൊഴിയാതെ അല്ലാഹു മുക്കിക്കൊന്നു. ആകാശവും ഭൂമിയുമെന്നല്ല, ഒരാളും അവരുടെ പതനത്തില്‍ കരഞ്ഞില്ല.

  


 

Feedback