കൊണ്ടോട്ടി തങ്ങള്‍ കുടുംബവും അവരുടെ കാര്‍മികത്വത്തില്‍ കൊണ്ടാടപ്പെട്ടിരുന്ന കൊണ്ടോട്ടി നേര്‍ച്ചയും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പ്രസിദ്ധമായിരുന്നു. എന്നാല്‍ ഈ കുടുംബവും നേര്‍ച്ചയും ഇന്ന് ഗതകാല ഓര്‍മകളുടെ പ്രതീകം മാത്രമാണ്.
ബഗ്ദാദിലെ പ്രമുഖ പണ്ഡിതനായ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി, ഇന്ത്യയിലെ ശൈഖ് മുഈനുദ്ദീന്‍ ചിഷ്ത്തി എന്നിവരുടെ ശിഷ്യനെന്നവകാശപ്പെടുന്ന മുഹമ്മദ് ഷാ തങ്ങളാണ് കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിന് അടിത്തറയിടുന്നത്.
1687 ല്‍ ബോംബെയില്‍ ജനിച്ച മുഹമ്മദ് ഷാ 1717 ലാണ് കൊണ്ടോട്ടിയിലെത്തുന്നത്. അന്ന് പൊന്നാനിയിലെ മഖ്ദൂം കുടുംബം, ജിഫ്‌രി കുടുംബം എന്നിവരുടെ ആത്മീയ നേതൃത്വത്തിലായിരുന്നു കൊണ്ടോട്ടി. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് കൊണ്ടോട്ടിയിലും പരിസര ഗ്രാമങ്ങളിലും ശിആ ആശയക്കാരനായ മുഹമ്മദ് ഷാ തന്റെ സ്വാധീനമുറപ്പിച്ചു. തന്റെ ഗുരുക്കന്മാരുടെ പേരില്‍ തുടങ്ങിയ ശിആ ആചാരപ്രധാനമായ നേര്‍ച്ച ജനകീയമായതോടെ അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിക്കുകയും ചെയ്തു.
കൊണ്ടോട്ടി നേര്‍ച്ച
1766 ആഗസ്ത് 20ന് മുഹമ്മദ് ഷാ നിര്യാതനായി. മകളുടെ മകന്‍ അഫ്താബ് ഷായാണ് പിന്‍ഗാമിയായത്. അപ്പോഴേക്കും കിഴക്കനേറനാടും വള്ളുവനാടുമെല്ലാം ഇവരുടെ സ്വാധീന വലയത്തിലായിരുന്നു. മാത്രമല്ല, ബ്രിട്ടീഷുകാര്‍ നല്‍കിയ ഇനാംദാര്‍ പദവിയിലൂടെ തങ്ങള്‍ കുടുംബം നാടുവാഴിയുടെ അധികാരം കൈവരിക്കുകയും ചെയ്തു.
ഇതോടെ നേര്‍ച്ച നാടിന്റെ ഉത്സവമായി മാറി. ആചാരം എന്നതിലപ്പുറം മതപരമായ ഒരു പ്രാധാന്യവും കൊണ്ടോട്ടി നേര്‍ച്ചക്കില്ല. ഒരു നാട്ടുത്സവം മാത്രമായിരുന്നു ഇത്. കൊണ്ടോട്ടി പൂരം (ഹൈന്ദവര്‍ കൂടി പങ്കെടുക്കുന്നതിനാല്‍) എന്ന പേരിലും ഇത് അറിയപ്പെട്ടു. കാര്‍ഷികോത്പന്നങ്ങള്‍ വന്‍ തോതില്‍ കര്‍ഷകര്‍ നേര്‍ച്ച സമയത്തെ ചന്തയില്‍ വിറ്റഴിച്ചിരുന്നു. തങ്ങള്‍ക്കാവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതു കാരണം കാര്‍ഷികോത്സവം എന്നും നേര്‍ച്ച അറിയപ്പെട്ടു.
കൊണ്ടോട്ടിയിലെ ഖുബ്ബയാണ് നേര്‍ച്ചയുടെ കേന്ദ്ര ബിന്ദു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കാഴ്ച്ച വരവ്, തട്ടാന്റെ പെട്ടി വരവ്, ദര്‍ഗയിലെ കോല്‍ക്കളി, സൂഫി കീര്‍ത്തനാലാപനം, ദളിത് വിഭാഗങ്ങളുടെ ചവിട്ടു കളി, ഷഹനായി വാദനം, നകാരവാദ്യം, തോക്കെടുക്കല്‍, നിലവിളക്ക് തെളിയിക്കല്‍, ചന്ദനെമെടുക്കല്‍, പീരങ്കിവെടി മുഴക്കല്‍ തുടങ്ങിയവയാണ് നേര്‍ച്ചയിലെ ചടങ്ങുകള്‍. ആന എഴുന്നള്ളത്തും ഉണ്ടായിരുന്നു.
ഇത്തരം നേര്‍ച്ചകള്‍ പ്രാമാണികമായി ഇസ്‌ലാമിക വിരുദ്ധമാണ്. എന്നാല്‍ മഖ്ബറകള്‍ കേന്ദ്രീകരിച്ചുള്ള ഈവിധ നേര്‍ച്ചകളെ കേരളത്തിലെ സുന്നി വിഭാഗം അംഗീകരിക്കുന്നു ണ്ടെങ്കിലും അനാചാരങ്ങളും അത്യാചാരങ്ങളും കൊണ്ടോട്ടി നേര്‍ച്ചയിലുണ്ടെന്നാരോപിച്ച് അവര്‍ രംഗത്തു വരാറുണ്ട്.
കേരളക്കരയില്‍ 'ശിആ' ആചാരങ്ങള്‍ പ്രചരിച്ചത് കൊണ്ടോട്ടി തങ്ങന്‍മാരിലൂടെയായി രുന്നു. നേര്‍ച്ചയും ആചാരങ്ങളും അതിന്റെ ഭാഗമായി വന്നതാണ്. പൊന്നാനി മഖ്ദൂം പണ്ഡിതന്‍മാരും ഹദ്‌റമീ വേരുകളുള്ള മമ്പുറം തങ്ങന്‍മാരും ആദര്‍ശപരമായി അധ്യാപനങ്ങളിലൂടെയും ഫത്‌വകളിലൂടെയും കൊണ്ടോട്ടി തങ്ങന്‍മാരുടെ ശിആ ചിന്താധാരയെ എതിര്‍ത്തുപോന്നു. മുസ്‌ലിം സമൂഹം കൊണ്ടോട്ടി കൈക്കാര്‍ എന്നും പൊന്നാനി കൈക്കാര്‍ എന്നും രണ്ടുചേരിയായി തിരിഞ്ഞത് ചരിത്ര യാഥാര്‍ഥ്യമാണ്.
മുഹമ്മദ് ഷായുടെ കാലത്തു തന്നെ മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല, മുഹമ്മദ് ഷാ വ്യാജ സൂഫിയാണെന്ന വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
ഇന്നു പക്ഷേ കൊണ്ടോട്ടി നേര്‍ച്ച നിലച്ച മട്ടാണ്. നടത്തിപ്പു സംബന്ധിച്ച കുടുംബത്തര്‍ക്കമാണ് കാരണം.