Skip to main content

ടിപ്പുസുല്‍ത്താനും സാംസ്‌കാരിക കേരളവും

ഇന്ത്യാമഹാരാജ്യം അനേകം നാട്ടുരാജ്യങ്ങളായിരുന്നു. രാജാക്കന്‍മാര്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് വിദേശ ശക്തികള്‍ക്ക് ഇന്ത്യയില്‍ അധികാരത്തില്‍ വരാനുണ്ടായ അവസരമുണ്ടായത്. ഓരോരുത്തരെയായി വശീകരിച്ചും നശിപ്പിച്ചും കീഴ്‌പ്പെടുത്തിയ ശേഷമാണല്ലോ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത്. വൈദേശിക ഭരണവും മേല്‌ക്കോയ്മയും ഒട്ടും അംഗീകരിക്കാതെ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുത്തുനിന്ന ദേശസ്‌നേഹികളായ രാജാക്കന്‍മാരും ഇന്ത്യയിലുണ്ടായിരുന്നു. ഝാന്‍സിയിലെ റാണിലക്ഷഭ്മി ഭായിയും ബംഗാളിലെ സിറാജുദ്ദൗലയും രാജാക്കന്‍മാരായ ഹൈദരലിഖാനും മകന്‍ ടിപ്പുസുല്‍ത്താനുമെല്ലാം അക്കൂട്ടത്തില്‍പ്പെട്ടവരായിരുന്നു. അത്തരക്കാരെയെല്ലാം ആയുധം കൊണ്ടും ചതി കൊണ്ടും ഇതരനാട്ടുരാജാക്കന്‍മാരെ പാട്ടിലാക്കിയും നാമാവശേഷമാക്കിയ ശേഷമാണ് 'ബ്രിട്ടീഷ് ഇന്ത്യ' എന്ന രാജ്യം ഉടലെടുക്കുന്നത്.


പതിനെട്ടാം നൂറ്റാണ്ടില്‍ കൃഷ്ണാ നദി മുതല്‍ മധ്യകേരളം വരെ വ്യാപിച്ചുകിടന്ന മൈസൂരിലെ കിടയറ്റ ഭരണാധികാരികളായിരുന്നു മൈസൂര്‍ സുല്‍ത്താന്മാര്‍ എന്നറിയപ്പെട്ട ഹൈദരലിയും ടിപ്പുവും. 1782 മുതല്‍ 1799 വരെയുള്ള 18 വര്‍ഷക്കാലം കേരളത്തില്‍ ടിപ്പുവിന്റെ ആധിപത്യമായിരുന്നു. പറങ്കി ആധിപത്യത്തില്‍  മാറിയ കണ്ണൂരിലെ അറക്കല്‍ രാജാവ്, കൊച്ചി തിരുവിതാം കൂര്‍ രാജാക്കന്‍മാര്‍ തുടങ്ങിയവരുടെ പരസ്പരഭീതിയും കിടമത്സരവും പതിവായിരുന്നു. അവര്‍ ക്ഷണിച്ചുവരുത്തിയതാണ് ഹൈദരലിഖാന്‍ എന്ന മൈസൂര്‍ ഭരണാധികാരിയെ. ശ്രീരംഗ പട്ടണം  ആസ്ഥാനമാക്കിയ മൈസൂര്‍ സുല്‍ത്താന്മാര്‍ കഠിന ബ്രിട്ടീഷ് വിരോധികളായിരുന്നു. ടിപ്പുവിന്റെ മകന്‍ അബ്ദുല്‍ വലീദ് അറക്കല്‍ രാജകുമാരിയെ വിവാഹം ചെയ്തതിലൂടെ കേരളവുമായി സുല്‍ത്താന്മാര്‍ക്ക് വൈകാരികബന്ധം കൂടിയുണ്ടായി. 


ടിപ്പുവിന്റെ ഭരണം കേരളത്തെ വളരെയധികം പുരോഗതിയിലേക്കു നയിച്ചു. നാഗരികമായി നാടിനെ മാറ്റിമറിച്ചു. സാംസ്‌കാരികമായി വളര്‍ച്ചയുണ്ടായി. നിരവധി ഹൈവേകളും ഉള്‍നാടന്‍ നിരത്തുകളും ടിപ്പു ഉണ്ടാക്കി. ഗതാഗതം സ്ഥാപിച്ചു. കാര്‍ഷികരംഗത്ത് നിലനിന്നിരുന്ന ജന്മിത്തം അവഗണിക്കാനും ഉത്പ്പാദകര്‍ക്ക് ന്യായവില ലഭ്യമാക്കാനും അവസരമൊരുക്കി. കാര്‍ഷികാഭിവൃദ്ധി ഉണ്ടാക്കാനും സാധിച്ചു. നൂല്‍ നൂല്പ്, നെയ്ത്ത് തുടങ്ങിയ വ്യവസായിക രംഗം പോഷിപ്പിച്ചു. പൊതുവഴികളില്‍ തണല്‍മരങ്ങളും ഇടയ്ക്കിടെ സത്രങ്ങളും സ്ഥാപിച്ചു. സാമൂഹികരംഗത്ത് നിലനിന്നിരുന്ന ജീര്‍ണതകളും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ബ്രാഹ്മണര്‍ക്കിടയില്‍ മുതിര്‍ന്നയാള്‍ക്ക് മാത്രം വിവാഹവും ബാക്കിയുള്ളവര്‍ക്ക് 'സംബന്ധ'മെന്ന വിലകുറഞ്ഞ ഏര്‍പ്പാടുമായിരുന്നു. അവര്‍ണസ്ത്രീകള്‍ അരയ്ക്കു മീതെ വസ്ത്രം ധരിക്കാന്‍ പാടില്ലായിരുന്നു. ബഹുഭര്‍തൃത്വം സാര്‍വത്രികമായിരുന്നു. ഇത്തരം ജീര്‍ണതകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ടിപ്പു ശ്രമിച്ചു. സ്ത്രീകള്‍ വസ്ത്രം ധരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു.


ഉറച്ച ഇസ്‌ലാം മതവിശ്വാസിയായിരുന്ന ടിപ്പുസുല്‍ത്താന്‍ ഭരണരംഗത്ത് തികഞ്ഞ മതനിരപേക്ഷ നിലപാട് കൈക്കൊണ്ടു. പ്രജാക്ഷേമമാണ് രാജധര്‍മമെന്ന് വിശ്വസിച്ചു.  ഭരണാധികാരം ദൈവികാനുഗ്രഹവും അതേസമയം ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്വവുമാണെന്ന് ഉള്‍ക്കൊണ്ടു. മതചൂഷണത്തെ അദ്ദേഹം എതിര്‍ത്തു. പള്ളികളും ക്ഷേത്രങ്ങളും നിര്‍മ്മിക്കാന്‍ സഹായിച്ചു. തന്റെ സൈന്യത്തില്‍ മുസ്‌ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. ബ്രാഹ്മണര്‍ക്ക് ഉന്നത ഭരണപദവികള്‍ നല്‍കി. 


ശാന്തിയും സമാധാനവും കളിയാടിയിരുന്ന കേരളത്തിന്റെ സുവര്‍ണ്ണകാലത്തിലേക്ക് പതിനഞ്ചാം നൂറ്റാണ്ടില്‍ അതിക്രമത്തിന്റെയും ഛിദ്രതയുടെയും മൂര്‍ത്തരൂപമായ പറങ്കികള്‍(പോര്‍ച്ചുഗീസ്) കടന്നുവന്നതോടെ ഇവിടുത്തെ സ്വസ്ഥത നഷ്ടപ്പെട്ടു. സാമൂതിരി രാജാവിനൊപ്പം നിന്ന് വിദേശികള്‍ക്കെതിരെ കരയിലും കടലിലും പോരാടിയ മാപ്പിള പ്പോരാളികളെയും നാട്ടില്‍ സൗഹാര്‍ദപൂര്‍ണമായി ജീവിതം നയിച്ച മുസ്‌ലിംകളെയും പോര്‍ച്ചുഗീസ് പട്ടാളം കിരാതനടപടികള്‍ക്ക് വിധേയമാക്കി. തദ്ദേശീയരായ ബ്രാഹ്മണ ജന്മിമാരും മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞു. ജീവിതം പൊറുതിമുട്ടിയ മുസ്‌ലിം സമൂഹം നിന്ദിതമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലവും കൂടിയായിരുന്നു അത്. ടിപ്പുവിന്റെ അധിനിവേശവും പട്ടാളനീക്കവും സദ്ഭരണവും മുസ്‌ലിംകളില്‍ പ്രതീക്ഷയുണര്‍ത്തി. മുസ്‌ലിംകളുടെ യശസ്സുയരാന്‍ ആ സാഹചര്യം കാരണമായി. എന്നാല്‍ മുസ്‌ലിംകള്‍ക്കു വേണ്ടിയല്ല ടിപ്പു നാട് ഭരിച്ചത്.


ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ തദ്ദേശീയരായ ചില നാട്ടുരാജാക്കന്‍മാരും ബ്രാഹ്മണ ജന്മി പ്രമാണിമാരും ടിപ്പുവിനെതിരെ ബ്രിട്ടീഷുകാരെ സഹായിച്ചു. തങ്ങളുടെ മേല്‍ വീഴാന്‍ പോകുന്ന കടുത്ത പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത നാടുവാഴികള്‍ ടിപ്പുവിനെ എതിര്‍ത്തു. ജന്മിത്തം ജന്‍മാവകാശമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു പോന്ന സവര്‍ണനേതൃത്വം, ജന്മിത്തത്തിനെതിരെ നീക്കങ്ങള്‍ നടത്തിയ ടിപ്പുവിനെ അങ്ങേയറ്റം വെറുത്തു. മലബാര്‍ പിടിക്കാന്‍ തക്കം പാര്‍ത്ത ബ്രിട്ടീഷുകാര്‍ അവസരം ഉപയോഗപ്പെടുത്തി. ആയുധം കൊണ്ടടരാടി ടിപ്പുവിനെ തോല്പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള ബ്രിട്ടീഷുകാര്‍ ദുരാരോപണങ്ങളുടെ കൂരമ്പുകള്‍ അദ്ദേഹത്തിനു നേരെ അയച്ചു. നാടുവാഴികള്‍ അതേറ്റുപിടിച്ചു. 


മതഭ്രാന്തന്‍, മതപരിവര്‍ത്തകന്‍, ക്ഷേത്രധ്വംസകന്‍ തുടങ്ങിയ ആരോപണങ്ങള്‍ ടിപ്പുവിന് ചാര്‍ത്തി. ഉപോത്ബലകമായി അനേകം കള്ളക്കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. വിവരദോഷികളായ ചരിത്രകാരന്‍മാര്‍ അവ രേഖപ്പെടുത്തി വെച്ചു. 


യഥാര്‍ഥത്തില്‍ ടിപ്പു ഒരു സമാധാനപ്രേമിയായിരുന്നു. ഉറച്ച മതവിശ്വാസിയായിരിക്കെ ഭരണത്തില്‍ മതനിരപേക്ഷത കാത്തുസൂക്ഷിച്ച മഹാനായിരുന്നു. ജാതിഭേദമോ മത വിവേചനമോ കൂടാതെ രാജ്യം ഭരിച്ചു. വൈദേശിക ജന്മിത്തത്തോട് രാജിയാവാതെ തികഞ്ഞ ദേശസ്‌നേഹിയായിരുന്നു. ഇതു മനസ്സിലാക്കാന്‍ നാട്ടുകാര്‍ക്ക് നേരം വൈകി. ജന്മിത്തവിരുദ്ധത ഹിന്ദുവിരുദ്ധതയായി ചിത്രീകരിക്കപ്പെട്ടു.

പെണ്ണിന് വസ്ത്രധാരണ സ്വാതന്ത്ര്യം നല്‍കിയത് മതപരിവര്‍ത്തനമായി അവതരിപ്പിച്ചു. യഥാര്‍ഥ വസ്തുതകളെല്ലാം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്; ചരിത്ര വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി.
ടിപ്പു ഒരു നാട്ടുരാജ്യത്തെയും മറ്റൊന്നില്‍ ലയിപ്പിച്ചിട്ടില്ല. ഒരു നാടുവാഴിയെയും കൊന്നിട്ടില്ല. എല്ലാ രാജാക്കന്‍മാരെയും സാമന്തരായി അംഗീകരിച്ചുകൊണ്ടാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍ കോണ്‍വാലീസിന്റെ വഞ്ചനയില്‍ കുടുങ്ങിയ തിരുവിതാംകൂര്‍, കൊച്ചി, കണ്ണൂര്‍ രാജാക്കന്‍മാരെല്ലാം ടിപ്പുവിനെതിരെ വിദേശികളെ സഹായിച്ചു. മൈസൂര്‍ യുദ്ധക്കളത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ടിപ്പുസുല്‍ത്താന്‍ അന്ത്യശ്വസം വലിച്ചു. മൈസൂര്‍ രാജ്യം മലബാര്‍ ഉള്‍പ്പടെ പൂര്‍ണ്ണമായി ബ്രിട്ടീഷ് അധീനത്തിലായി. മുസ്‌ലിം സമൂഹത്തോടുള്ള വിരോധം ജന്മിത്തത്തിന് വളം വെച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ ആരംഭിക്കുകയും ചെയ്തു. 


 

Feedback