Skip to main content

മദ്‌റസകളും മക്തബുകളും

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിലവിലുള്ള മദ്‌റസാ സംവിധാനവുമായി കേരളത്തിലെ മദ്‌റസകള്‍ ഏറെ വ്യതിരക്തമാണ്. ഉത്തരേന്ത്യയിലെ മദ്‌റസകളും മക്തബുകളും പൊതു വിദ്യാഭ്യാസത്തിന് സമാന്തരങ്ങളാണ്. മദ്‌റസയില്‍ ചേര്‍ക്കപ്പെടുന്ന കുട്ടികള്‍ മദ്‌റസാ പഠനത്തിലൂടെത്തന്നെ മുന്നോട്ടു പോകുന്നു. അവര്‍ക്ക് പൊതു വിദ്യാഭ്യാസം ഒട്ടും ലഭിക്കുന്നില്ല. ഈ ശോച്യാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ അടുത്ത കാലത്തായി ഇംഗ്ലീഷ്, കണക്ക്, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ മദ്‌റസകളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിന്നായി കേന്ദ്ര ഗവണ്‍മെന്റ് ഗ്രാന്റ് ഏര്‍പ്പെടുത്തിയിരുന്നു. 

അതേ സമയം പൊതുവിദ്യാലയങ്ങളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത പരിതോവസ്ഥയാണ് ഉത്തരേന്ത്യയിലുള്ളത്. മത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് പൊതുവിദ്യാഭ്യാസം ലഭിക്കാതിരിക്കുകയും പൊതു വിദ്യാഭ്യാസം തേടിപ്പോകുന്നവര്‍ക്ക് മത വിദ്യാഭ്യാസം ഒട്ടും ലഭിക്കാതെ പോകുകയും ചെയ്യുന്നു.

എന്നാല്‍ ഈ വിഷമസന്ധിയില്ലാതെയാണ് നവോത്ഥാന നായകര്‍ കേരളത്തിന്റെ മദ്‌റസാ സംവിധാനം വിഭാവന ചെയ്തത്. സ്‌കൂള്‍ വിദ്യാഭ്യാസം ഒട്ടും നഷ്ടപ്പെടാതെ ദിവസവും രണ്ടു മണിക്കൂര്‍ മത വിദ്യാഭ്യാസം നേടുന്ന രീതിയിലാണ് ഇവിടെ മദ്‌റസാ പഠനം സംവിധാനിച്ചിരിക്കുന്നത്. പത്താം തരം വരെ പ്രാഥമിക വിദ്യാഭ്യാസം നിലവിലുണ്ട്. ചിലയിടങ്ങളില്‍ സെക്കണ്ടറി തലത്തിലെ വിദ്യാര്‍ഥികള്‍ക്കും മത പഠനം ലഭ്യമാക്കുന്നുണ്ട്. 

വിവിധ സംഘടനകള്‍ക്കു കീഴില്‍ നടത്തപ്പെടുന്ന മദ്‌റസാ സംവിധാനങ്ങള്‍ ഈ രീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. പ്രതിദിന മദ്‌റസകള്‍ക്കു പകരം പ്രതിവാര മതപഠന സംഭരംഭങ്ങളും അവധിദിന മദ്‌റസകളും ചില സ്ഥലങ്ങളില്‍ നടപ്പാക്കി വരുന്നുണ്ട്. സ്‌കൂളില്‍ ലഭിക്കുന്ന അവധി ദിവസങ്ങള്‍ പഠിതാക്കളെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലേക്ക് ഇവ സംവിധാനിക്കപ്പെട്ടിരിക്കുന്നത്.


 

Feedback