Skip to main content

ദാറുല്‍ ഉലൂം, വാഴക്കാട്

ഒരു കുടുംബത്തിന്റെയും അതിന് നേതൃത്വം നല്‍കുന്ന വ്യക്തികളുടെയും സമര്‍പ്പണ ചിന്ത ഒരു സമൂഹത്തെ എത്രമേല്‍ സ്വാധീനിക്കുകയും പുരോഗമന മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്നതിനുള്ള ഉത്തമോദാഹരണമാണ് ദാറുല്‍ ഉലൂം എഡ്യുക്കേഷനല്‍ ട്രസ്റ്റ്. മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിക്കടുത്ത് കരിമരക്കാട് എന്ന കുഗ്രാമത്തെ വാഴക്കാട് എന്ന പേരില്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തമാക്കിയതില്‍ മുഴുവന്‍ പങ്കും വഹിച്ചത് ദാറുല്‍ ഉലൂം എന്ന മഹാസ്ഥാപനമാണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് കൊയപ്പത്തൊടി കുടുംബത്തിലെ കാരണവരും ശിരസ്താര്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുകയും ചെയ്തിരുന്ന കൊയപ്പത്തൊടി മമ്മദ് കുട്ടി ഹാജി ആയിരുന്നു. 

1871 ല്‍ ഒരു പള്ളിയുടെ ഉള്ളില്‍ ഒരു ചെറിയ മദ്‌റസായിട്ടായിരുന്നു തുടക്കം. മദ്‌റസയുടെ പേര് തന്‍മിയതുല്‍ ഉലൂം എന്നായിരുന്നു. മതവിദ്യാഭ്യാസം പഴയ ദര്‍സു സമ്പ്രദായത്തില്‍ മാത്രം ഒതുങ്ങിക്കൂടിയ കാലഘട്ടത്തില്‍ ആധുനിക മദ്‌റസാ പ്രസ്ഥാനത്തിന് ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി നേതൃത്വം നല്കുന്നത് ദാറുല്‍ ഉലൂമിന്റെ മണ്ണിലാണ്. ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയുടെ മേല്‍നോട്ടത്തിന്‍ കീഴില്‍ വന്നപ്പോഴാണ് ദാറുല്‍ ഉലൂം എന്ന പേര് മദ്‌റസക്ക് നല്‍കിയത്. 

1911 ല്‍ ആണ് ദാറുല്‍ ഉലൂമിന്റെ വിപുലീകരണം നടക്കുന്നത്. പള്ളിദര്‍സായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് സ്വന്തമായ കെട്ടിടവും വിശാലമായ ഹാളും ഹോസ്റ്റല്‍ സൗകര്യവും ഓഫീസ് മുറിയും എല്ലാം ഒരുക്കിയത് മമ്മദ് കുട്ടി അധികാരിയായിരുന്നു. കൂടുതല്‍ സ്വത്തുക്കള്‍ ദാറുല്‍ ഉലൂമിനു വേണ്ടി വഖ്ഫ് ചെയ്തു കൊണ്ടായിരുന്നു ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയത്. 

1910 ല്‍ ആണ് തന്‍മിയതുല്‍ ഉലൂം, ദാറുല്‍ ഉലൂം ആയി മാറുന്നതും അക്കാദമിക് കാര്യങ്ങള്‍ മുഴുവന്‍ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയുടെ മേല്‍ നോട്ടത്തില്‍ ആവുന്നതും. 1913 ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച മദ്‌റസയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ പറ്റി ചാലിലകത്ത് തയ്യാറാക്കിയ  'വാഴക്കാട് ദാറുല്‍ ഉലൂം എന്ന വിവിധ വിദ്യാലയ നിയമങ്ങളില്‍' ഇങ്ങനെ കാണാം. 'മുഹമ്മദീയര്‍ക്ക് മതഭാഷയായ അറബിയിലും മറ്റും ദൈവിക-ലൗകികങ്ങളായ വിദ്യാഭ്യാസങ്ങള്‍ നല്‍കി സന്‍മാര്‍ഗവും രാജഭക്തിയും നാഗരികത്വവും ഉണ്ടാക്കിത്തീര്‍ക്കുകയായിരുന്നു'. ഇതിനനുസൃതമായി തന്നെ മതവിഷയങ്ങള്‍ക്കൊപ്പം മറ്റു വിഷയങ്ങള്‍ക്കും പ്രധാന്യമുള്ള വ്യക്തവും സമഗ്രവുമായ ഒരു സിലബസ് ചാലിലകത്ത് രൂപം നല്‍കി. അറബി ഭാഷ, മത വിഷയങ്ങള്‍, ചരിത്രം എന്നിവയ്ക്കു പുറമെ ജാഗ്‌റാഫിയ (ഭൂമിശാസ്ത്രം), ഹൈഅത്ത് (വാനശാസ്ത്രം), ഹന്‍ദസ (ശില്പ ശാസ്ത്രം), ഹിസാബ് (കണക്ക്), മലയാളം എന്നിവയെല്ലാം ആ സിലബസില്‍ ഉണ്ടായിരുന്നതായി 1913 ലെ ബൈലോയില്‍ കാണാം. അന്നത്തെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ദാറുല്‍ ഉലൂമില്‍ കൊണ്ടുവരുന്നതില്‍ ചാലിലകത്ത് ശ്രദ്ധ പുലര്‍ത്തിയിരുന്നു. രണ്ടു ഭാഗത്തും എഴുതാവുന്ന ബോര്‍ഡ്, ബെഞ്ച്, ഡെസ്‌ക് തുടങ്ങിയവയെല്ലാം അദ്ദേഹം ദാറുല്‍ ഉലൂമില്‍ എത്തിച്ചു. ഇതെല്ലാം അന്ന് ആര്‍ക്കും പരിചയമില്ലാത്ത പുതിയ കാര്യങ്ങളായിരുന്നു. കാലത്തിനനുസരിച്ച് ഏറ്റവും നവോന്‍മുഖമായ മാറ്റങ്ങള്‍ വരുത്തി അദ്ദേഹം ദാറുല്‍ ഉലൂമിനെ പുരോഗതിയിലേക്ക് നയിച്ചു. 

ദാറുല്‍ ഉലൂം അസോസിയേഷന്‍

1943 ഡിസംബര്‍ എട്ടിന് കൊയപ്പത്തൊടി കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ യോഗം മുതവല്ലി മുഹമ്മദ് കുട്ടി സാഹിബ് വിളിച്ചു ചേര്‍ത്തു. ദാറുല്‍ ഉലൂമിന്റെ നടത്തിപ്പ് സൗകര്യത്തിനായി ഈ യോഗത്തില്‍ വെച്ച് ദാറുല്‍ ഉലൂം അസോയിയേഷന്‍ എന്ന ഒരു സംഘം രൂപീകരിച്ചു. അദ്ദേഹം തന്നെയായിരുന്നു സ്ഥാപക പ്രസിഡണ്ടും. ദാറുല്‍ ഉലൂം മദ്‌റസയെ ഒരു അറബിക് കോളേജായി ഉയര്‍ത്തുക, 1860 ലെ 21ാം നമ്പര്‍ ആക്ട് പ്രകാരം സംഘടന രജിസ്റ്റര്‍ ചെയ്യുക എന്നിവയായിരുന്നു പ്രധാന തീരുമാനങ്ങള്‍. 

ഒരു സംഘടനയ്ക്കും പ്രാമുഖ്യമില്ലാതെ കൊയപ്പത്തൊടി കുടുംബത്തിന്റെ കീഴിലാണ് ഇന്നും ദാറുല്‍ ഉലൂം പ്രവര്‍ത്തിക്കുന്നത്. വിവിധ സംഘടനകളില്‍ പെട്ട ധാരാളം പ്രമുഖര്‍ ദാറുല്‍ ഉലൂമില്‍ നിന്ന് വിദ്യാഭ്യാസം നേടുകയും അവിടെ അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.  

കെ.സി.അബ്ദുല്ല മൗലവി, ഇ.മൊയ്തു മൗലവി, ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍, എം.ടി അബ്ദുറഹിമാന്‍ മൗലവി, അബു സബാഹ് മൗലവി, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, എം.അബ്ദുല്ലക്കുട്ടി മൗലവി, എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, എന്‍ വി അബ്ദുസ്സലാം മൗലവി, എം.സി.സി സഹോദരന്മാര്‍, ചേകനൂര്‍ അബുല്‍ ഹസന്‍ മൗലവി, പി. സെയ്തു മൗലവി, കെ.പി മുഹമ്മദ് മൗലവി, കെ.എന്‍ ഇബ്‌റാഹീം മൗലവി, സി.എ മൗലവി, ശൈഖ് മുഹമ്മദ് മൗലവി, ടി.കെ അബ്ദുല്ല മൗലവി, മുഹ്‌യുദ്ദീന്‍ ആലുവായ്, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, എന്‍.കെ അഹ്മദ് മൗലവി തുടങ്ങിയവര്‍ ദാറുല്‍ ഉലൂമിന്റെ ശിഷ്യന്മാരില്‍ പ്രധാനികളാണ്.

ചെറുശ്ശേരി അഹ്മദ് കുട്ടി മുസല്യാര്‍, എം.ആലിക്കുട്ടി മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് കുട്ടി ഹാജി, കെ.എം.മൗലവി, ഇ.മൊയ്തു മൗലവി,  എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, കെ.സി.അബ്ദുല്ല മൗലവി, പി.കെ.മൂസാ മൗലവി, പറവണ്ണ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ദാറുല്‍ ഉലൂമിലെ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കമ്മിറ്റിക്കു കീഴില്‍ നിലവില്‍ ദാറുല്‍ ഉലൂം CBSE സ്‌കൂള്‍, ദാറുല്‍ ഉലൂം ബി.എഡ് കോളേജ്, ദാറുല്‍ ഉലൂം അറബിക് കോളേജ് (എയ്ഡഡ്) എന്നിവ കൂടി നടന്നു വരുന്നു.

വിലാസം:

ദാറുല്‍ ഉലൂം അറബിക് കോളെജ് വാഴക്കാട്,
വാഴക്കാട് പി.ഒ, പിന്‍:673640,
മലപ്പുറം, കേരള.
ഫോണ്‍: 9698301412
ഇ-മെയില്‍: duacvkd@gmail.com
വെബ്‌സൈറ്റ്: 
www.duacollege.in


 

Feedback