ഒരു പതിനാറുകാരന്ന് ചെയ്യാനാവുമെന്ന് ഊഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്തു കൊണ്ടാണ് അബ്ദുല്‍ഖയ്യൂം അന്‍സാരി ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. വര്‍ഷം 1921. നിസ്സഹകരണ പ്രസ്ഥാനം ഏറ്റവും ശക്തിയോടെ നില്‍ക്കുന്ന സമയം. പ്രസ്ഥാനവുമായി ബന്ധപ്പെടുന്ന എല്ലാവരും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കടുത്ത പീഡനങ്ങള്‍ക്കു വിധേയമാകുന്ന കാലം. അപ്പോഴാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍, പഠിച്ചിരുന്ന ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്ന് ഇദ്ദേഹത്തെ പുറത്താക്കുന്നത്. ഇദ്ദേഹത്തിന് പുറമെ വിവിധ സ്‌കൂളുകളില്‍ നിന്ന് നിരവധി പേരെ പുറത്താക്കിയിരുന്നു. ആ പതിനാറുകാരന്‍ ചെയ്തത് പുറത്താക്കപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി ഒരു സ്‌കൂള്‍ തുടങ്ങുക എന്നതായിരുന്നു. ഈ ചങ്കൂറ്റത്തിന്റെ പേരിലാണ് ആദ്യമായി ജയിലിലടക്കപ്പെടുന്നത്. ആ നെഞ്ചുറപ്പ് തന്നെയാണ് തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് തുണയായതും.
1905 ജൂലൈ 1 ന് ബിഹാറില്‍ മുഅ്മിന്‍ കുടുംബത്തിലാണ് അബ്ദുല്‍ഖയ്യൂം അന്‍സാരി ജനിച്ചത്. പ്രാഥമിക, ഹൈസ്‌കൂള്‍ പഠനങ്ങള്‍ നാട്ടിലെ സ്ഥാപനങ്ങളില്‍ നിന്നു തന്നെ. അദ്ദേഹം പിന്നീട് അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലും, കല്‍കത്താ യൂണിവേഴ്‌സി റ്റിയിലും അലഹബാദ് യൂണിവേഴ്‌സിറ്റിയിലും പഠനത്തിനായി ചേര്‍ന്നു.
എന്നാല്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശത്തില്‍ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹത്തിന്റെ പഠനം പാതി വഴിയില്‍ നിലച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവ നേതാവായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ തുടക്കം കുറിക്കുന്നത്. ഒരു കവിയും പത്ര പ്രവര്‍ത്തകനുമായിരുന്ന അബ്ദുല്‍ഖയ്യൂം അന്‍സാരി 'അല്‍ ഇസ്വ്‌ലാഹ്' എന്ന പേരില്‍ ഒരു ഉര്‍ദു വാരികയും 'മുസ്സജാത്' എന്ന പേരില്‍ ഉര്‍ദു മാഗസിനും സ്വാതന്ത്രത്തിന് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. 1928 ല്‍ സൈമണ്‍ കമ്മീഷനെതിരെ നടത്തിയ സമരത്തിലൂടെയാണ് ഇദ്ദേഹത്തിലെ നേതാവ് പുറത്തറിയ പ്പെടുന്നത്.
മുസ്‌ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ലീഗിന്റെ പാക്കിസ്താന്‍ രൂപീകരണം വേണമെന്ന നിലപാടില്‍ പ്രതിഷേധിച്ച് പുറത്തു വരികയും 1937-38ല്‍ മുഅ്മിന്‍ മൂവ്‌മെന്റ് എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ ഈ പാര്‍ട്ടി, സമത്വസ്വഭാവമുള്ള ഒരു ഏകീകൃത സ്വതന്ത്ര ഇന്ത്യക്കു വേണ്ടിയും അതിന്റെ പുരോഗതിക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. 1946 ല്‍ ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്നെതിരെ ആറു സീറ്റുകളില്‍ അബ്ദുല്‍ഖയ്യൂം അന്‍സാരിയുടെ പാര്‍ട്ടി വിജയിക്കുകയും അദ്ദേഹം മന്ത്രി സ്ഥാനമേല്‍ക്കുകയും ചെയ്തു. പതിനേഴ് വര്‍ഷം ബീഹാറിലെ മന്ത്രിയായി തുടര്‍ന്ന അന്‍സാരി ചരിത്രപരമായ പല നടപടികളും കൈകൊള്ളുകയും നടപ്പിലാക്കുകയും ചെയ്തു.
1947 ലെ ഇന്ത്യാ വിഭജനത്തിന് ശേഷം കശ്മീരിന് മേലുള്ള പാക്കിസ്താന്റെ പ്രകോപനം ഏറി വന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കുകയും എതിര്‍ക്കുകയും ചെയ്ത അന്‍സാരി, കശ്മീരിനെ മോചിപ്പിക്കാന്‍ 1957 ല്‍ 'ഇന്ത്യന്‍ മുസ്‌ലിം യൂത്ത് കാശ്മീര്‍ ഫ്രണ്ട്' എന്ന പേരില്‍ സംഘടനയുണ്ടാക്കുകയും ഇന്ത്യന്‍ ഗവണ്‍മെന്റിന് പിന്തുണ നല്‍കുകയും ചെയ്തു.
ദരിദ്രര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി പോരാടിയ അന്‍സാരി അവരില്‍ വിദ്യാഭ്യാസവും സാക്ഷരതയും വര്‍ധിപ്പിക്കാന്‍ വേണ്ടി 'ആള്‍ ഇന്ത്യാ ബാക്ക്‌വാഡ് ക്ലാസസ് കമ്മീഷ'നെ നിയമിച്ചു. 1953 ല്‍ അദ്ദേഹത്തിന്റെ സ്വന്തം പ്രയത്‌നഫലമാ യിട്ടായിരുന്നു ഈ കമ്മീഷന്‍ രൂപീകരിക്കപ്പെടുന്നത്.
ഇന്ത്യക്കും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി അഹോരാത്രം പോരാടിയ ഈ ധീരന്‍ 1973 ജനുവരി 18 നു യാത്രയായി. അദ്ദേഹത്തിനുള്ള ആദരവായി ഇന്ത്യാ ഗവണ്‍മെന്റ് 2005 ജൂലായ് 1 ന് അദ്ദേഹത്തിന്റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കി.