Skip to main content

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) അംഗവുമായിരുന്നു. നാലു തവണ എം.എല്‍.എ ആയിരുന്ന തൈമൂര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് രണ്ട് തവണ ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1988 ല്‍ ഒരു തവണ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയുമുണ്ടായി.

sayyida anwara taimur
 
1936 നവംബര്‍ 24 ന് അസമിലെ ജോര്‍ഹട്ടില്‍ ജനിച്ചു. പിതാവ് സയ്യിദ് യൂസുഫ് അലി. മതാവ് സുബൈദ ഖാതൂന്‍. ജോര്‍ഹട്ട് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ജോര്‍ഹട്ടിലെ ജെ.ബി കോളേജില്‍ നിന്ന് ബി.എ ബിരുദം നേടി. അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ ബിരുദം കരസ്ഥമാക്കി. ശേഷം 1956 ല്‍ ജോര്‍ഹട്ടിലെ ഡെബിചരന്‍ ബറുവ കോളേജില്‍ സാമ്പത്തിക ശാസ്ത്രം അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

അസമിലെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് തൈമൂര്‍. 1980 ഡിസംബര്‍ 6 മുതല്‍ 1981 ജൂണ്‍ 30 വരെയായിരുന്നു അവരുടെ കാലവധി. 

1983 മുതല്‍ 1985 വരെ സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും മന്ത്രിയായി. 1972, 1978, 1983, 1991 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തൈമൂര്‍ 1988 ല്‍ രാജ്യസഭാംഗവുമായി. 1983 - 85 കാലയളവില്‍ പി.ഡബ്ല്യു മന്ത്രിയായും 1991 ല്‍ വിദ്യാഭ്യാസ മന്ത്രിയായും പ്രവര്‍ത്തിച്ചു. അസം സര്‍ക്കാറിനു കീഴിലുള്ള കൃഷി, ഹജ്ജ്, വഖ്ഫ് സ്വത്ത് എന്നിവയുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. 1990 - 91 കാലയളവില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മേധാവിയായും നിയമിക്കപ്പെട്ടിരുന്നു.
 
സ്ത്രീ ശാക്തീകരണ സമിതി, പൊതു ഉദ്ദേശ്യ സമിതി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി തുടങ്ങിയ സമിതികളിലും അംഗമായിരുന്നു. 2005 ഡിസംബറില്‍ ഇന്ത്യ- ബംഗ്ലാദേശ് പാര്‍ലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് വൈസ് പ്രസിഡണ്ടായിരുന്നു. 2006 ഏപ്രില്‍ മുതല്‍ ന്യൂനപക്ഷ വകുപ്പിന്റെ ദേശീയ ഉപദേശക സമിതി അംഗമായി.

കോണ്‍ഗ്രസ് സീറ്റ് നല്കാത്തതിനാല്‍ 2011 ല്‍ തൈമൂര്‍, ബദറുദ്ദീന്‍ അജ്മല്‍ നയിക്കുന്ന ഓള്‍ ഇന്ത്യ യുണൈറ്റഡ്  ഡെമോക്രാറ്റിക് ഫ്രണ്ടില്‍ (എ.ഐ.യു.ഡി.എഫ്) ചേര്‍ന്നു.
   
1962 ലെ ചൈനീസ് ആക്രമണത്തിനിടയിലും 1965 ലെ പാകിസ്താന്‍ ആക്രമണത്തിനിടയിലും സിവില്‍ ഡിഫന്‍സ് പരിപാടികള്‍ സംഘടിപ്പിക്കുകയും സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലന ക്ലാസുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയുണ്ടായി. 1960-62 കാലങ്ങളില്‍ ബാര്‍പേട്ട മഹിളാ സമിതിയുടെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആസാം റിലീഫ് പ്രവര്‍ത്തനങ്ങളിലും തൈമൂര്‍ സജീവ സാന്നിധ്യമായിരുന്നു. 1968 ല്‍ ആസാം പ്രദേശ് മഹിളാ സൊസൈറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി, ദേശീയ വിദ്യാഭ്യാസ സമിതി തുടങ്ങിയവയുടെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969 ല്‍ യൂഗോസ്ലാവിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിലും ജനസംഖ്യയെക്കുറിച്ചുള്ള സെമിനാറിലും പങ്കെടുത്തു. 

1971 ല്‍ മോമ്പ അഭയാര്‍ഥി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും നേതൃപരമായ പങ്കു വഹിച്ചു. സ്‌റ്റേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, സംസ്ഥാന ചെറുകിട സംരക്ഷണ ഉപദേശക സമിതി അംഗം, 1972 മുതല്‍ അസം പ്രദേശ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 

2018 ലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി) അന്തിമ പട്ടികയില്‍ നിന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന തൈമൂറിന്റെ പേര് ഒഴിവാക്കപ്പെട്ട സംഭവം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.  
മുഹമ്മദ് മുഹീബുദ്ദീന്‍ തൈമൂര്‍ ആണ് ഭര്‍ത്താവ്. 2020 സപ്തംബര്‍ 28ന് 83 ാമത്തെ വയസ്സില്‍ ഓസ്‌ട്രേലിയയില്‍ തൈമൂര്‍ മരണപ്പെട്ടു.

Feedback