മാധ്യമ തെറ്റിദ്ധാരണകള്‍ അണപൊട്ടിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ശക്തിയായി സയ്യിദ് ശഹാബുദ്ദീന്‍ വര്‍ത്തിച്ചേനെ. ഇന്ത്യയുടെ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആയേക്കാമായിരുന്ന വ്യക്തിത്വത്തിനുടമയാണ് സയ്യിദ് ശഹാബുദ്ദീന്‍. എണ്‍പതുകളില്‍ ഉയര്‍ന്നു കേട്ടിരുന്ന മുസ്‌ലിംകളുടെ ശബ്ദങ്ങളില്‍ പ്രധാനമായിരുന്നു അദ്ദേഹത്തിന്റെ ശക്തമായ പ്രഭാഷണങ്ങള്‍. മുസ്‌ലിംകള്‍ക്ക് അര്‍ഹമായത് ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്ന് നേടിക്കൊടുക്കാനായി സ്വന്തം സ്ഥാനമാനങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പോരാടിയ ഒരു പ്രസ്ഥാനം തന്നെയായിരുന്നു ശഹാബുദ്ദീന്‍.
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ 1935 നവംബര്‍ നാലിന് ജനിച്ചു. പറ്റ്‌ന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടിയാണ് പുറത്തിറങ്ങിയത്. ഇന്ത്യയുടെ നയതന്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. മൂന്ന് തവണ അദ്ദേഹം പാര്‍ലമെന്റ് അംഗമായി.
1982ല്‍ 'മുസ്‌ലിം ഇന്ത്യ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. രണ്ടാം ജിന്നയാവാനാണ് സയ്യിദ് ശഹാബുദ്ദീന്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ചത്, ആരുടെയെങ്കിലും രണ്ടാമനാവണമെന്നുണ്ടായിരുന്നെങ്കില്‍ അത് 'രണ്ടാം നെഹ്‌റു' ആവുമായിരുന്നുവെന്നാണ്. അധഃകൃതരില്‍ അധഃകൃതരായി കഴിയുന്ന മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസത്തിലൂടെയല്ലാതെ ഔന്നത്യം കൈവരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ നിരന്തരമായി രാഷ്ട്രീയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടേയിരുന്ന രാഷ്ട്രീയ ജീവിതം പാതിവഴിയില്‍ തളച്ചിടപ്പെടുകയായിരുന്നു. നയതന്ത്രജ്ഞര്‍ അസത്യം കൊണ്ടും രാഷ്ട്രീയക്കാര്‍ പണം കൊണ്ടും കളിക്കാതെ കഴിയില്ലെന്ന ആക്ഷേപത്തിന് അപവാദമായിട്ടാണ് അദ്ദേഹത്തിന്റെ രണ്ടു പതിറ്റാണ്ടുവരുന്ന നയതന്ത്രരംഗത്തെ പ്രവര്‍ത്തനങ്ങള്‍.
1989ല്‍ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപിച്ചത് ശഹാബുദ്ദീന്റെ നേതൃത്വത്തിലാണ്. രാഷ്ട്രീയ നേതാവ്, നയതന്ത്രജ്ഞന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ശഹാബുദ്ദീന്‍ ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ ഉള്‍പ്പെടെ നിരവധി മുസ്‌ലിം സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2004, 2007 വര്‍ഷങ്ങളില്‍ മജ്‌ലിസിന്റെ പ്രസിഡന്റായിരുന്നു.
മുസ്‌ലിം സമൂഹത്തിന്റെ അധ:സ്ഥിതികള്‍ പരിഹരിക്കുന്നതിനായി ശബ്ദമുയര്‍ത്തിയ അദ്ദേഹം നിരവധി വിമര്‍ശങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ജനദാദള്‍ പ്രതിനിധിയായാണ് രാജ്യസഭയിലെത്തുന്നത്. ശക്തമായ ഭാഷയ്ക്കുടമയായിരുന്ന ശഹാബുദ്ദീന്‍ രാജ്യസഭയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഉറച്ച ശബ്ദായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശങ്ങള്‍ നേരിട്ടതോടെ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നെങ്കിലും 'ടൈംസ് ഓഫ് ഇന്ത്യ' പോലുള്ള ദേശീയ മാധ്യമങ്ങളിലൂടെ മുസ്‌ലിംകളുടെ അവകാശങ്ങളും പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി ശക്തമായ ലേഖനങ്ങളിലൂടെ ഇന്നും സജീവമാണ് സയ്യിദ് ശഹാബുദ്ദീന്‍.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തോട് മാപ്പു പറയണമെന്നും കലാപത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് 2012 നവംബര്‍ 16ന് നരേന്ദ്ര മോദിക്കയച്ച തുറന്ന കത്ത് ഇന്ത്യക്കകത്തും പുറത്തും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.