Skip to main content

സാദിഖ് ഖാന്‍

ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത ജനവിധി നേടിയ ലണ്ടന്‍ മേയറും ലണ്ടനിലെ ആദ്യമുസ്‌ലിം മേയറും ലേബര്‍ പാര്‍ട്ടിയിലെ അംഗവുമാണ് സാദിഖ് ഖാന്‍. 2005 മുതല്‍ 2016  വരെ ടൂട്ടിംഗിന്റെ പാര്‍ലമെന്റ് അംഗമായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ പിന്‍തള്ളി കൂടുതല്‍ കാലം ലണ്ടന്‍ മേയറായ ഖ്യാതി സാദിഖ് ഖാനുള്ളതാണ്. 

sadiq-khan

സൗത്ത് ലണ്ടനിലെ ടൂട്ടിംഗില്‍ ബ്രിട്ടീഷ് പാകിസ്താന്‍ കുടുംബത്തില്‍ 1970 ഒക്‌ടോബര്‍ 8ന് ജനിച്ച ഖാന്‍ നോര്‍ത്ത് ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. മനുഷ്യാവകാശ വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒരു സോളിസിറ്ററായി പ്രവര്‍ത്തിക്കുകയും മൂന്ന് വര്‍ഷം ലിബര്‍ട്ടി അഡ്വക്കസി ഗ്രൂപ്പിന്റെ അധ്യക്ഷനായിരിക്കുകയും ചെയ്തു. ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ഖാന്‍ 1994 മുതല്‍ 2006 വരെ ലണ്ടന്‍ ബറോ ഓഫ് വാന്‍ഡ്‌സ്‌വര്‍ത്തിന്റെ കൗണ്‍സിലറായിരുന്നു. 2003-ലെ ഇറാഖ് അധിനിവേശവും പുതിയ ഭീകരവിരുദ്ധ നിയമനിര്‍മാണവും ഉള്‍പ്പെടെ ലേബര്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നിരവധി നയങ്ങളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. ബ്ലെയറിന്റെ പിന്‍ഗാമിയായ ഗോര്‍ഡന്‍ ബ്രൗണിന്റെ കീഴില്‍, 2008-ല്‍ കമ്മ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റിന്റെ പാര്‍ലമെന്ററി അണ്ടര്‍-സെക്രട്ടറിയായി ഖാന്‍ നിയമിതനായി. പിന്നീട് ഗതാഗത സഹമന്ത്രിയായി. അടുത്ത ലേബര്‍ നേതാവായ എഡ് മിലിബാന്‍ഡിന്റെ പ്രധാന സഖ്യകക്ഷിയായ അദ്ദേഹം മിലിബാന്‍ഡിന്റെ ഷാഡോ കാബിനറ്റില്‍ നീതിന്യായ വകുപ്പിന്റെ ഷാഡോ സെക്രട്ടറി, ഷാഡോ ലോര്‍ഡ് ചാന്‍സലര്‍, ലണ്ടനിലെ ഷാഡോ മന്ത്രി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

2016 ലെ മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി സാക്ക് ഗോള്‍ഡ്‌സ്മിത്തിനെ പരാജയപ്പെടുത്തി ഖാന്‍ ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെടുകയും എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 2021-ലും 2024-ലും അദ്ദേഹം വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെട്ടു, മൂന്നാം തവണയും വിജയിക്കുന്ന ആദ്യത്തെ ലണ്ടന്‍ മേയറായാണ് സാദിഖ് ഖാന്‍.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ (ടൈം) 2018 ല്‍ സാദിഖ് ഇടം നേടിയിട്ടുണ്ട്. ലണ്ടനിലെ ഗതാഗതം കൂടുതല്‍ സൗകര്യമാക്കുന്നതിനും സെന്‍ട്രല്‍ ലണ്ടനിലെ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ഖാന്‍ പ്രശംസാര്‍ഹനായി. 

തൊഴിലില്ലാത്തവര്‍ക്കും കുറഞ്ഞ വരുമാനമുള്ള ലണ്ടനുകാര്‍ക്കും സൗജന്യ നൈപുണ്യ പരിശീലനം നല്‍കുക, 2028-ഓടെ 150,000-ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, 30 മില്യണ്‍ പൗണ്ട് നിക്ഷേപം ഉപയോഗിച്ച് കൂടുതല്‍ യൂത്ത് ക്ലബ്ബുകള്‍ക്ക് ഫണ്ട് നല്‍കുക, ലണ്ടനിലെ സ്‌റ്റേറ്റ് പ്രൈമറി സ്‌കൂളുകളില്‍ സൗജന്യ സ്‌കൂള്‍ ഭക്ഷണം സ്ഥിരമാക്കുക, കുറഞ്ഞത് 2025 വരെ ലണ്ടന്‍ യാത്രാ നിരക്കുകള്‍ മരവിപ്പിക്കുക, 2030 ഓടെ 40,000 പുതിയ വീടുകള്‍ നിര്‍മിക്കുക, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നേരിടാനും ഇരകള്‍ക്ക് സൗജന്യ നിയമസഹായം നല്‍കാനും പുതിയ പോലീസ് സേനയെ നിരത്തിലിറക്കുക, 2030-ഓടെ പൂര്‍ണ്ണമായും സീറോ എമിഷന്‍ ബസ് ഫ്‌ളീറ്റ് സ്ഥാപിക്കുക, 10 വര്‍ഷത്തിനുള്ളില്‍ തേംസ് നദി വൃത്തിയാക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ പദ്ധതികളില്‍പ്പെട്ടതാണ്.

2018ല്‍ പാക്കിസ്താന്റെ 'സിതാരെ ഇംതിയാസ്' അവാര്‍ഡ് നേടിയിട്ടുണ്ട്. ഭാര്യ സാദിയ അഹ്‌മദ്. രണ്ട് പെണ്‍മക്കള്‍. 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446