പാകിസ്താന് മുന്‍ ധനകാര്യ മന്ത്രിയും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനുമായിരുന്നു മെഹബൂബുല്‍ ഹഖ്. ലോകബാങ്കിന്റെ നയ ഉപദേശകനായി 1970കളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 ഏപ്രില്‍ 10നാണ് അദ്ദേഹം പാകിസ്താന്റെ 13ാമത്തെ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 1988 ജനുവരി 28 വരെയായിരുന്നു കാലാവധി.
1934ല്‍ പഞ്ചാബ് പ്രവിശ്യയിലാണ് ജനനം. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു സാമ്പത്തികശാസ്ത്രം പഠിച്ച ശേഷം കേംബ്രിഡ്ജിലേക്ക് പോവുകയും അവിടെ നിന്ന് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. ഇക്കാലയളവില്‍ അമര്‍ത്യ സെന്‍ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. പിന്നീട് മെഹബൂബ് യേല്‍ സര്‍വകലാശാലയിലേക്ക് പോയി. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ നിന്നു പി എച്ച് ഡി നേടി പാകിസ്താനില്‍ തിരിച്ചെത്തി. തുടര്‍ന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കുറച്ചുകാലം ജോലി ചെയ്തു.
സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിപ്പോള്‍ അദ്ദേഹം അമേരിക്കയിലേക്ക് പോയി, അവിടെ ലോക ബാങ്ക് സാമ്പത്തിക നയ ഉപദേശകനായി ജോലി നോക്കി. പാകിസ്താന്‍ ധനകാര്യ മന്ത്രിയായിരിക്കെ സാമ്പത്തിക മേഖലയില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. യു എന്‍ ഡി പിയുടെ അഡ്മിനിസ്‌ട്രേറ്ററുടെ സാമ്പത്തിക ഉപദേശകനായും അല്പകാലം ജോലി ചെയ്തു. പാകിസ്താനില്‍ അദ്ദേഹം നടപ്പിലാക്കിയ ഹ്യൂമന്‍ ഡവലപ്‌മെന്റ് സെന്റര്‍ സാമ്പത്തിക മേഖലയില്‍ പാകിസ്താന് വഴിത്തിരിവായിരുന്നു. ഇതിന്റെ ആദരമെന്ന നിലയില്‍ ഇസ്‌ലാമാബാദിലെ ഹ്യൂമന്‍ ഡവലപ്‌മെന്റ് സെന്ററിന്റെ പേര് മെഹബൂബുല്‍ ഹഖ് ഹ്യൂമന്‍ ഡവലപ്‌മെന്റ് സെന്റര്‍ എന്നാക്കി അദ്ദേഹത്തിന്റെ മരണാനന്തരം മാറ്റി. മെഹബൂബിന്റെ ഭാര്യ ഖദീജ ഹഖാണ് സെന്റര്‍ പ്രസിഡന്റ്്.
64ാമത്തെ വയസ്സില്‍, 1988 ജൂലൈ 16ന് ന്യൂയോര്‍ക്കില്‍ വെച്ചാണ് അന്തരിച്ചത്.
പ്രധാന ഗ്രന്ഥങ്ങള്‍:
ദി സ്ട്രാറ്റജി ഓഫ് ഇക്കണോമിക് പ്ലാനിങ് (1963)
ദി പോവര്‍ട്ടി കര്‍ട്ടന്‍: ചോയ്‌സ് ഫോര്‍ ദി തേഡ് വേള്‍ഡ് (1976)
ദി മിത് ഓഫ് ദി ഫ്രന്റ്‌ലി മാര്‍കറ്റ്‌സ് (1992)
റിഫ്‌ളക്ഷന്‍ ഓണ്‍ ഹ്യുമന്‍ ഡവലപ്‌മെന്റ് (1996)
ദി വിഷന്‍ ആന്റ് റിയാലിറ്റി (1995)
ദി തേഡ് വേള്‍ഡ് ആന്റ് ദി ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഓര്‍ഡര്‍(1976)
ന്യൂ ഇംപരേറ്റീവ്‌സ് ഓഫ് ഹ്യൂമന്‍ സെക്യൂരിറ്റി (1995)
ഹ്യൂമനൈസിംഗ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (1998)
എ ന്യൂ ഫ്രെയിംവര്‍ക് ഫോര്‍ ഡവലപ്‌മെന്റ് കോഓപറേഷന്‍ (1995)