Skip to main content

ഖുര്‍ശിദ് അഹ്‌മദ്

പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഖുര്‍ശിദ് അഹ്‌മദ് സമകാലിക ഇസ്‌ലാമിക ചിന്തകരിലൊരാളായാണ് അറിയപ്പെടുന്നത്. ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തിന് നല്കിയ സംഭാവനകളുടെ പേരില്‍ ആധുനിക ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായും ഖുര്‍ശിദ് അഹ്‌മദ് വിലയിരുത്തപ്പെടുന്നു.

Khurshid Ahmed

1932ല്‍ ഡല്‍ഹിയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് നാസ്വിര്‍ അഹ്‌മദ് സമ്പന്നനായ ബിസിനസുകാരനായിരുന്നു. ഡല്‍ഹിയില്‍ മുസ്‌ലിം ലീഗിന്റെ കൗണ്‍സിലറായിരുന്നു. ചെറുപ്പത്തില്‍ തന്നെ പരമ്പരാഗത മതപഠനവും മികച്ച സ്‌കൂള്‍ വിദ്യാഭ്യാസവും ലഭിച്ച ഖുര്‍ശിദ് പിതാവിന്റെ സ്വാധീനം മൂലം പാകിസ്താന്‍ വാദത്തില്‍ ആകൃഷ്ടനായി. 1946ല്‍ അദ്ദേഹം ഡല്‍ഹിയിലെ ചില്‍ഡ്രന്‍സ് ലീഗിന്റെ പ്രസിഡണ്ടായിരുന്നു. വിഭജനാനന്തരം നാസ്വിര്‍ അഹ്‌മദും കുടുംബവും പാകിസ്താനിലേക്ക് പോവുകയും കുറച്ചു കാലം ലാഹോറിലും അതുകഴിഞ്ഞ് കറാച്ചിയിലും താമസമുറപ്പിക്കുകയും ചെയ്തു. കറാച്ചിയിലെ ഗവണ്‍മെന്റ് കോളെജില്‍ ചേര്‍ന്ന് സാമ്പത്തികശാസ്ത്രം പഠിച്ചു. 1949ല്‍ അദ്ദേഹം പാകിസ്താന്‍ ബജറ്റിനെപ്പറ്റി 'മുസ്‌ലിം ഇക്കണോമിസ്റ്റില്‍' തന്റെ ആദ്യ ലേഖനമെഴുതി. പിതാവിന്റെ സന്നിധിയില്‍ നിത്യസന്ദര്‍ശകനായിരുന്ന മൗലാനാ മൗദൂദി അദ്ദേഹത്തെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. പിടഞ്ഞാറന്‍ ചിന്തയേയും പടിഞ്ഞാറന്‍ സംസ്‌കാരത്തേയും അതിനിശിതമായി വിമര്‍ശിച്ചിരുന്ന മൗദൂദിയെ കൂടാതെ ഖുര്‍ശിദിനെ സ്വാധീനിച്ച മറ്റുരണ്ടുപേരാണ് മുഹമ്മദ് അസദും ഡോ. മുഹമ്മദ് ഇഖ്ബാലും. 

ഖുര്‍ശിദ് കോളെജ് പഠനകാലത്ത് തന്നെ ജംഇയ്യത്തുത്വലബയില്‍ അംഗമായി. 1953 മുതല്‍ 1955വരെ അദ്ദേഹം ഓള്‍ പാകിസ്താന്‍ ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. അസോസിയേഷന്റെ കീഴില്‍ താന്‍ ആരംഭിച്ച 'ദി സ്റ്റുഡന്റ്‌സ് വോയ്‌സ്' എന്ന മാഗസിനില്‍ ഇസ്‌ലാം, മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ടായിരുന്നു. 1953ല്‍ ജംഇയ്യത്തുത്വലബ ഉര്‍ദുകോളെജ് തെരഞ്ഞെടുപ്പില്‍ ആദ്യമായി വിജയിച്ചു. 1953ല്‍ കൊമേഴ്‌സില്‍ ബിരുദവും 1955ല്‍ സാമ്പത്തികശാസ്ത്രത്തില്‍ എം എയും 1958ല്‍ എല്‍ എല്‍ ബിയും 1964ല്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ എം എയും ഉന്നതമായ നിലയില്‍ നേടി. സ്റ്റുഡന്റ്‌സ് വോയ്‌സിനു പുറമെ ന്യൂ ഇറ, വോയ്‌സ് ഓഫ് ഇസ്‌ലാം, ചിരാഗെരാഹ് എന്നീ ഇസ്‌ലാമികാഭിമുഖ്യമുള്ള പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. 1960 മുതല്‍ 1964 വരെ അദ്ദേഹം 'ഇക്ബാല്‍ റിവ്യൂ'വിന്റെ അസോസിയേറ്റ് എഡിറ്ററുമായിരുന്നു. 1955 മുതല്‍ 1977 വരെ ഖുര്‍ശിദ് അഹ്‌മദ് കറാച്ചിയിലെ ഉര്‍ദു കോളെജിലും കറാച്ചി യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തിക വിഭാഗത്തിലും അധ്യാപകനായി.

ഇംഗ്ലീഷില്‍ ഇരുപത്തിനാലും ഉര്‍ദുവില്‍ പതിനാലും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും ഒട്ടേറെ സര്‍വകലാശാലകളില്‍ പഠന പ്രസംഗങ്ങള്‍ നടത്തിയ. മൗലാനാ മൗദൂദിയുടെ പല രചനകളും എഡിറ്റ് ചെയ്തതും അവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതും അദ്ദേഹമാണ്. പാശ്ചാത്യാവശ്യങ്ങളോടുള്ള മൗദൂദിയുടെ നിശിതമായ എതിര്‍പ്പുകളെ അംഗീകരിച്ചുവെങ്കിലും പടിഞ്ഞാറിനെ പൂര്‍ണമായും അദ്ദേഹം നിരാകരിച്ചില്ല. 1968ല്‍ അദ്ദേഹം ബ്രിട്ടനിലേക്ക് പോവുകയും പത്തുകൊല്ലം അവിടെ താമസിക്കുകയും ചെയ്തു. ലോകത്തുടനീളം ഇസ്‌ലാമിക ദഅ്‌വത്ത് നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക് കൗണ്‍സില്‍ ഓഫ് യൂറോപ്പിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്ന ഖുര്‍ശിദാണ് ലെയ്‌സസ്റ്ററില്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. 1969-72വരെ അദ്ദേഹം ലെയ്‌സസ്റ്റര്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സന്ദേശവുമായി അദ്ദേഹം ഇക്കാലത്ത് ലോകത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്.

1978ല്‍ സുല്‍ഫിക്കര്‍ അലിഭൂട്ടോയെ സ്ഥാനഭ്രഷ്ടനാക്കി സിയാഉല്‍ ഹഖ്, പാകിസ്താനില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ ഖുര്‍ശിദ് അഹ്‌മദ് പാകിസ്താനിലേക്ക് മടങ്ങി. സിയാ ഗവണ്‍മെന്റില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ആസൂത്രണം, വികസനം, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ വകുപ്പ്. പ്ലാനിംഗ് കമ്മീഷന്റെ ഉപാധ്യക്ഷനുമായിരുന്നു. 1976ല്‍ മക്കയില്‍ നടന്ന ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചത് ഖുര്‍ശിദ് അഹ്‌മദ് ആയിരുന്നു. രണ്ടാം അന്താരാഷ്ട്ര സമ്മേളനം നടന്നത് ഇസ്‌ലാമാബാദിലാണ്. അന്ന് അതിന്റെ അധ്യക്ഷസ്ഥാനത്ത് അദ്ദേഹമായിരുന്നു. പാകിസ്താനിലും വിദേശത്തും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന പലസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉന്നത പദവികള്‍ അലങ്കരിച്ച ഖുര്‍ശിദ് അഹ്‌മദ് 1986ല്‍ രൂപീകരിച്ച ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇസ്‌ലാമിക് ഇക്കണോമിക്‌സിന്റെ ആദ്യത്തെ പ്രസിഡന്റായി. ഇപ്പോഴും അദ്ദേഹം തല്‍സ്ഥാനത്ത് തുടരുന്നു. 1985ല്‍ അദ്ദേഹത്തിന് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്നു നല്‍കിയ സംഭാവനകളുടെ പേരില്‍ ആദ്യത്തെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (ഐ ഡി ബി) പ്രൈസ് ലഭിച്ചു. ഇസ്‌ലാമിന്ന് നല്‍കിയ സേവനത്തിന്റെ പേരില്‍ 1990ല്‍ ഫൈസ്വല്‍ അവാര്‍ഡും ഖുര്‍ശിദ് അഹ്‌മദിന്ന് ലഭിച്ചു.

ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തില്‍ ഒട്ടേറെ രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇന്‍ട്രൊഡെക്ഷന്‍ ടു ഇസ്‌ലാമിക് ഇകണോമിക്‌സ്, ഇകണോമിക്‌സ് ഡവലപ്‌മെന്‍്‌റ് ആന്‍ ഇസ്‌ലാമിക് ഫ്രെയിംവര്‍ക്ക് തുടങ്ങിയവ സാമ്പത്തിക ശാസ്ത്രത്തെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിലയിരുത്താനുള്ള ഗൗരവപ്പെട്ട ഉദ്യമങ്ങളാണ്. ഖുര്‍ശിദ് അഹ്‌മദ് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രസിദ്ധാന്ത ചര്‍ച്ചകളില്‍ നിന്ന് പ്രായോഗിക പാഠങ്ങളിലേക്കിറക്കിക്കൊണ്ടുവന്നു. ഇസ്‌ലാമിക ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വേണ്ടി നേരത്തെ തന്നെ വാദിച്ചതുമാണദ്ദേഹം. അദ്ദേഹം സിദ്ധാന്തങ്ങളെയും പ്രവര്‍ത്തനങ്ങളെയും കൂട്ടിയിണക്കി. അതു കൊണ്ട് തന്നെ 'മുസ്‌ലിം ആക്ടിവിസ്റ്റ്- ഇക്കണോ മിസ്റ്റ്' എന്നാണ് ഖുര്‍ശിദ് അഹമ്മദ് പൊതുസമൂഹത്തില്‍ അറിയപ്പെടുന്നത്‌
 

Feedback