Skip to main content

ഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖി

പ്രശസ്ത ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനും കിംഗ് ഫൈസല്‍ പുരസ്‌കാര ജേതാവുമാണ് ഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖി. ആഗോള തലത്തില്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര പണ്ഡിതരിലെ പ്രഗത്ഭനാണ്. പലിശരഹിത സാമ്പത്തിക ക്രമത്തെക്കുറിച്ച സിദ്ദീഖിയുടെ സിദ്ധാന്തങ്ങള്‍ ലോകത്തിന്റെ വിവിധ സര്‍വ്വകലാശാലകളിലെ കരിക്കുലത്തിന്റെ ഭാഗമാണ്.

dr

1931 ല്‍ ഉത്തര്‍ പ്രദേശിന്റെ വടക്കു കിഴക്ക് നേപ്പാള്‍ രാജ്യത്തോട് തൊട്ടുള്ള ഗോരഖ്പൂരില്‍ ജനിച്ചു. ഇസ്‌ലാമിയ കോളേജ് ഗൊരഖ്പൂര്‍, റാംപൂര്‍ സെക്കന്‍ഡറി മതപാഠശാല, അഅ്‌സംഗഢ് ജാമിഅത്തുല്‍ ഫലാഹ്, അലിഗഡ് മുസ്‌ലിം സര്‍വ്വകാലാശാല എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി. 

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ ഇക്കണോമിക് അസോസിയേറ്റ് പ്രൊഫസറായും ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറായും ജോലി ചെയ്തു. സുഊദി അറേബ്യയിലെ ജിദ്ദയില്‍ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് റിസര്‍ച്ച് ഇന്‍ ഇസ്‌ലാമിക് എക്കണോമിക്‌സില്‍ എക്കണോമിക് പ്രൊഫസറായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.

അമേരിക്കയിലേക്ക് താമസം മാറിയതിന് ശേഷം കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് സര്‍വ്വകലാശാലയില്‍ സെന്റര്‍ ഫോര്‍ നിയര്‍ ഈസ്‌റ്റേണ്‍ സ്റ്റഡീസില്‍ ഫെലോയും അതിനു ശേഷം ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കിലെ ഇസ്‌ലാമിക് റിസര്‍ച്ച് & ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിംഗ് സ്‌കോളര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

1973 ല്‍ എഴുതിയ പലിശരഹിത ബാങ്കിങ്ങ് എന്ന ഗ്രന്ഥം വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഉറുദുവിലും ഇംഗ്ലീഷിലും മികച്ച ഗ്രന്ഥങ്ങളും നൂറുക്കണക്കിന് ലേഖനങ്ങളുമെഴുതിയ സിദ്ദീഖി ലോകത്തെ വിവിധ അക്കാദമി ജേര്‍ണലുകളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് ഭാഷകളില്‍ 177 പ്രസിദ്ധീകരണങ്ങളിലായി 63 കൃതികളും 1301 ലൈബ്രറി ഹോള്‍ഡിംഗുകളുമുണ്ട്. അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ അറബി, പേര്‍ഷ്യന്‍, ടര്‍ക്കിഷ്, ഇന്തോനേഷ്യന്‍, മലേഷ്യന്‍, തായ്, മലയാളം തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.  

ഇന്ത്യ, സൗദി അറേബ്യ, നൈജീരിയ എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളില്‍ നിരവധി പി.എച്ച്.ഡി പ്രബന്ധങ്ങളുടെ മേല്‍നോട്ടം വഹിച്ച അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും ചെയ്തു.

1982 ല്‍ സൗദി ഭരണകൂടത്തിന്റെ കിംഗ് ഫൈസല്‍ അവാര്‍ഡ്, 1993 ല്‍ അമേരിക്കന്‍ ഫിനാന്‍സ് ഹൗസ് അവാര്‍ഡ്, 2002 ല്‍ ശാഹ് വലിയ്യുല്ലാഹ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ സെന്‍ട്രല്‍ കൗസിലില്‍ അംഗമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി മതേതര ഭാരതത്തില്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍; ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍, പലിശരഹിത ബാങ്കിങ്ങ് എന്നീ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഭാര്യ ഹുമൈറ, അര്‍ഷദ് ഖാലിദ്, സാജിദ്, സീമ, ദീബ മക്കളാണ്.2022 നവംബര്‍ 22 ന് 91 ാമത്തെ വയസ്സില്‍ അമേരിക്കയില്‍ മരണപ്പെട്ടു.

വെബ്‌സൈറ്റ്: http://www.siddiqi.com/mns/

ഗ്രന്ഥങ്ങള്‍:

·    റീസന്റ് തിയറീസ് ഓഫ് പ്രോഫിറ്റ്: എ ക്രിട്ടിക്കല്‍ എക്‌സാമിനേഷന്‍ (1971)
·    എക്കണോമിക് എന്റര്‍പ്രൈസ് ഇന്‍ ഇസ്‌ലാം (1972)
·    മുസ്‌ലിം എക്കണോമിക് തിങ്കിംഗ് (1981)
·    ബാങ്കിംഗ് വിതൌട്ട് ഇന്ററസ്റ്റ് (1983)
·    പാര്‍ട്ട്ണര്‍ഷിപ്പ് ആന്റ് പ്രോഫിറ്റ്-ഷെയറിംഗ് ഇന്‍ ഇസ്ലാമിക് ലാ (1985)
·    ഇന്‍ഷൂറന്‍സ് ഇന്‍ ആന്‍ ഇസ്‌ലാമിക് എക്കോണമി (1985)
·    ടീച്ചിംഗ് എക്കണോമിക്‌സ് ഇന്‍ ഇസ്‌ലാമിക് പെര്‍സ്‌പെക്ടീവ് (1996)
·    റോള്‍ ഓഫ് സ്‌റ്റേറ്റ് ഇന്‍ ഇസ്‌ലാമിക് എക്കോണമി (1996)
·    ഡയലോഗ് ഇന്‍ ഇസല്ാമിക് എക്കണോമിക്‌സ് (2002)
·    ഇസ്‌ലാംസ് വ്യൂ ഓണ്‍ പ്രോപ്പര്‍ട്ടി (1969).
·    ഇസ്‌ലാമി അദബ് (ഉറുദു)
·    മുസ്‌ലിം പേര്‍സണല്‍ ലോ (ഉറുദു)
·    താരീഖ് ഇസ്‌ലാമി (ഉറുദു)
·    മഖാസിദ് അല്‍ ശരീഅ (ഉറുദു)

Feedback