''ആരെല്ലാമാണ് സ്വര്‍ഗത്തിലെ ഉത്തമ മഹിളാ രത്‌നങ്ങള്‍?'' തറയില്‍ നാലു വരകള്‍ വരച്ചുകൊണ്ട് നബി(സ്വ) സ്വഹാബിമാരോടായി ചോദിച്ചു. ''അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുക'' - സ്വഹാബിമാര്‍ മറുപടി പറഞ്ഞു.
''ഖുവൈലിദിന്റെ മകള്‍ ഖദീജ, മുഹമ്മദിന്റെ പുത്രി ഫാത്വിമ, ഇംറാന്റെ മകള്‍ മര്‍യം, മുസാഹിമിന്റെ പുത്രിയും ഫിര്‍ഔനിന്റെ ഭാര്യയുമായ ആസ്യ. ഇവരത്രെ നാലു സ്വര്‍ഗീയ സ്ത്രീ രത്‌നങ്ങള്‍'' നബി(സ്വ) എണ്ണിപ്പറഞ്ഞു (അഹ്മദ് ഉദ്ധരിച്ചത്). സത്യവിശ്വാസത്തെപ്പറ്റി ചിന്തിക്കുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയ കാലം. സത്യനിഷധവും സ്വേച്ഛാധിപത്യവും മുഖമുദ്രയാക്കിയ ഫിര്‍ഔനിനൊപ്പം ഈജിപ്തും ഇസ്‌റാഈല്‍ സമൂഹവും ഒഴുകുകയായിരുന്നു അന്ന്. ഇതേ ഫിര്‍ഔനിന്റെ ഭാര്യാപദത്തിലിരുന്ന് ഒഴുക്കിനെതിരെ നീന്താന്‍ അനിതര മനക്കരുത്ത് കാട്ടിയ വിശ്വാസത്തിന്റെ പ്രതീകമായിരുന്നു ആസ്യ.
മൂസാനബി(അ)യുടെ കാലത്താണ് മഹതി ആസ്യയുടെയും ജിവിതമെന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തമാക്കുന്നുണ്ട്. മൂസാ(അ) ശിശുവായിരിക്കെ അദ്ദേഹത്തിന്റെ ഉമ്മ കുട്ടിയെ പെട്ടിയിലാക്കി നദിയിലൊഴുക്കിയതും കുട്ടിയെ നദിയില്‍ നിന്ന് എടുത്ത് ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ വളര്‍ത്തിയതും ആസ്യയുടെ മേല്‍നോട്ടത്തിലായിരുന്നു. ആസിയയില്‍ ഏകദൈവ വിശ്വാസം വളര്‍ത്തിയതും ഊട്ടിയുറപ്പിച്ചതും മൂസാനബി(അ)യാണെന്നും ഖുര്‍ആനില്‍ നിന്ന് വായിച്ചെടുക്കാം.
മൂസാനബി(അ)യും സഹോദര പുത്രന്‍ ഹാറൂന്‍ നബി(അ)യും ഏകദൈവ വിശ്വാസ പ്രബോധനവുമായി ഫിര്‍ഔനിന്റെ കൊട്ടാരത്തിലെത്തുകയും അവര്‍ തമ്മില്‍ വാഗ്വാദവും വെല്ലുവിളിയും അരങ്ങേറുകയും ചെയ്തു. അനന്തരം ജാലവിദ്യക്കാരുടെ പ്രകടനവും നടന്നു. ഫിര്‍ഔനിന്റെ ജാലവിദ്യക്കാര്‍ അമ്പേ പരാജയമടഞ്ഞു. ക്രുദ്ധനായ ഫറോവക്കു മുന്നില്‍ വെച്ച് ജാലവിദ്യക്കാര്‍ മൂസാ(അ)യുടെ ഏകദൈവത്തില്‍ വിശ്വസിച്ചതായി പ്രഖ്യാപിച്ചതോടെ ഫിര്‍ഔനിന്റെ കോപം ഇരട്ടിച്ചു. അവര്‍ക്ക് കുരിശു മരണം വിധിച്ചാണ് അയാള്‍ പകരം വീട്ടിയത്.
ഇതിനിടയിലാണ് തന്റെ രാജ്ഞിയായ ആസിയയുടെ വിശ്വാസ ജീവിതം ഫിര്‍ഔന്‍ അറിയുന്നത്. അപമാനിതനായ അയാള്‍ പത്‌നിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫിര്‍ഔനിന്റെ ദുഷ്‌ചെയ്തികള്‍ നേരിട്ടനുഭവിച്ചിരുന്ന അവര്‍ തന്റെ വിശ്വാസത്തില്‍ നിന്ന് പിന്തിരിയാന്‍ ഒരുക്കമല്ലായിരുന്നു.
മര്‍ദനങ്ങളുടെ മഹാമാരിയാണ് തുടര്‍ന്നുണ്ടായത്. കൊടും ക്രൂരതയിലും, ശരീരം പീഡന മുറകളാല്‍ തളരുമ്പോഴും ആസിയയുടെ ആത്മാവും ഹൃദയവും ഏകദൈവ വിശ്വാസത്തില്‍ നിന്ന് തരിപോലും വ്യതിചലിച്ചില്ല. അവര്‍ അല്ലാഹുവോട് സങ്കടങ്ങള്‍ പറഞ്ഞു. തന്റെ ആഗ്രഹം അറിയിച്ചു. ഫറോവയുടെ അന്തപ്പുരമല്ല, ദിവ്യാനുഗ്രഹങ്ങളുടെ ആരാമത്തില്‍ തനിക്കായി ഒരു വീട്. അത് മാത്രം. ചരിത്രത്തിലെ ആ മാതൃക മഹിളയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും ചെയ്തു. ഖുര്‍ആന്‍ അത് വിവരിക്കുന്നത് ഇങ്ങനെ:
''സത്യവിശ്വാസികള്‍ക്ക് ഉപമയായി ഫിര്‍ഔനിന്റെ പത്‌നിയെ അല്ലാഹു ഉയര്‍ത്തിക്കാണിച്ചിരിക്കുന്നു. അവര്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ നാഥാ, എനിക്ക് നീ സ്വര്‍ഗത്തില്‍ ഒരു ഭവനം നിര്‍മിച്ചു തരേണമേ. ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നീ എന്നെ രക്ഷിക്കണേ. അക്രമികളായ ജനത്തില്‍ നിന്നും നീ എന്നെ കാക്കണേ'' (66:11).
സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ലോകത്ത് ആര്‍ക്കെങ്കിലും ദൈവവിശ്വാസം ഉപേക്ഷിക്കേണ്ടി വരുമായിരുന്നെങ്കില്‍ അത് ആസ്യക്കാകുമായിരുന്നു. ഭൂമിയില്‍ ദൈവം ചമഞ്ഞ രാജാവായിരുന്നു അവരുടെ ഭര്‍ത്താവ്. തന്നെ ദൈവമായി അംഗീകരിക്കാത്തവരെ മാത്രമല്ല, അതിന് കൂട്ടുനില്‍ക്കുന്ന സമൂഹത്തെത്തന്നെ അയാള്‍ കൊല്ലാനുത്തരവിട്ടു. കൊട്ടാര സേവകരും സമൂഹവും അയാള്‍ക്കൊപ്പം നിന്നു. ഇതിനെയെല്ലാം വിശ്വാസക്കരുത്തുകൊണ്ട് നേരിട്ടാണ് ആസ്യ ചരിത്രത്തിലും അതുവഴി സ്വര്‍ഗത്തിലും സ്ഥാനമുറപ്പിച്ചത്.
ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ആഡംബരങ്ങള്‍ക്ക് ഒട്ടും കുറവില്ലായിരുന്നു. എന്നിട്ടും കണ്‍മുന്നിലെ ആ സുഖൈശ്വര്യങ്ങളെ ആസ്യ(റ) അവഗണിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത സ്വര്‍ഗീയാരാമം അവര്‍ കൊതിച്ചു. അതിലൊരു വീടിനായി അവര്‍ അല്ലാഹുവിനു മുന്നില്‍ കൈനീട്ടി.
അങ്ങനെ വിശ്വാസത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെ കൂടി ഉദാഹരണമായിത്തീര്‍ന്നു മൂസാഹിമിന്റെ മകള്‍ ആസ്യ.