''ഇസ്‌റാഈല്‍ വംശത്തില്‍ ഒരു ശിശു പിറക്കാനിരിക്കുന്നു. അവന്‍ ഫറോവ രാജവംശത്തിന്റെ അന്തകനാവും'' താന്‍ കണ്ട സ്വപ്നത്തിന്റെ വ്യാഖ്യാനം കേട്ട് ഫിര്‍ഔന്‍ കലിതുള്ളി സിംഹാസനത്തില്‍ നിന്നെഴുന്നേറ്റു: ''ആ നശിച്ച വംശത്തില്‍ ഇനിമേല്‍ പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നേക്കുക, പെണ്‍കുട്ടികള്‍ മാത്രം ജീവിക്കട്ടെ'' അയാള്‍ ഉത്തരവിട്ടു.
വേട്ടപ്പട്ടികളുടെ ഘ്രാണശക്തിയോടെ ഫറോവയുടെ കിങ്കരന്‍മാര്‍ ഈജിപ്തില്‍ ഓടിനടന്നു. ഇസ്‌റാഈല്‍ കുലത്തിലെ ആണ്‍ പൈതലുകളുടെ രക്തം കണ്ട് ഗ്രാമങ്ങളും വിറങ്ങലിച്ചു തങ്ങളുടെ ഉദരങ്ങളില്‍ തുടിക്കുന്ന ജീവന്‍ ആണ്‍തരിയുടേതാവരുതേയെന്ന് ഇസ്‌റാഈലീ ഉമ്മമാര്‍ അകമേ പ്രാര്‍ഥിച്ചു. ഭീതിദമായ ഈ വേളയെ ഖുര്‍ആന്‍ വരച്ചിടുന്നതിങ്ങനെ:
''ഭൂമിയില്‍ ഫറോവ ഔന്നത്യം നടിച്ചു. അതിലെ ജനത്തെ വിഭജിക്കുകയും ഒരുവിഭാഗത്തെ ദുര്‍ബലരാക്കുകയും അവരിലെ ആണ്‍കുട്ടികളെ അറുകൊല നടത്തുകയും സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്തു. അവന്‍ നാശകാരി തന്നെയായിരുന്നു''(28:4).
എന്നാല്‍ ദൈവഹിതമായി മൂസാ പിറന്നു. മനസ്സില്‍ തീയുമായി ആ മാതാവ് ഫറോവയുടെ ആളുകളെ കാത്തിരുന്നെങ്കിലും അല്ലാഹുവിന്റെ സംരക്ഷണത്തില്‍ ആ കുഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു. ആധിയും വ്യഥയുമായി കഴിഞ്ഞിരുന്ന ഉമ്മയുടെ മനസ്സില്‍ ദൈവിക ബോധനമായി ഉപായം തെളിഞ്ഞു: ''മൂസായുടെ മാതാവിന് നാം ബോധനം നല്‍കി. നീ അവനെ മുലയൂട്ടുക. നിനക്ക് ഭയം തോന്നുന്നുവെങ്കില്‍ അവനെ നീ നദിയിലൊഴുക്കുക. ഭയപ്പെടരുത്, ദുഃഖിക്കുകയുമരുത്. അവനെ നാം നിനക്ക് മടക്കിത്തരും. അവനെ നാം എന്റെ ദൂതനാക്കുകയും ചെയ്യും''(28:7).
നൈലിന്റെ ഓളങ്ങളിലൊഴുകിയൊഴുകി പെട്ടിയെത്തിയത് ഫറോവയുടെ കൊട്ടാരത്തില്‍ തന്നെ. ചിരി തൂകിയ കുഞ്ഞിന്റെ നിഷ്‌കളങ്കഭാവത്തില്‍ രാജ്ഞിയും ഫറോവയും ഭാര്യയും വീണു. അവരുടെ അരുമയായി അവന്‍ പിച്ചവെച്ചു. മുലയൂട്ടാന്‍ സേവികമാര്‍ ആറുപേരെത്തിയെങ്കിലും ഏഴാമതെത്തിയ സ്വന്തം ഉമ്മയില്‍ നിന്ന് മാത്രം അവന്‍ സ്തന്യം നുകര്‍ന്നു. അതെ, ''അവനെ നാം നിനക്ക് തിരിച്ചുതരും'' എന്ന വാഗ്ദാനം അല്ലാഹു പാലിക്കുകയായിരുന്നു (28:13).
മൂസാ മദ്‌യനിലേക്ക്
മുലകുടി പ്രായം കഴിഞ്ഞ മൂസാ കൊട്ടാരത്തില്‍ തിരിച്ചെത്തി. കൗമാരം പിന്നിട്ട് യൗവനയുക്തനായി. പക്വതയെത്തിയ മൂസാക്ക് അല്ലാഹു വിജ്ഞാനവും തത്വജ്ഞാനവും നല്‍കി(28:14). ദുര്‍ബലരെ, പ്രത്യേകിച്ച് ഇസ്‌റാഈല്യരെ സഹായിക്കണമെന്നും അക്രമികളെ അകറ്റണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
ഒരിക്കല്‍ പട്ടണത്തിലെത്തിയ മൂസാ(അ), ഒരു ഖിബ്തിയും ഒരു ഇസ്‌റാഈലിയും തമ്മില്‍ അടിപിടികൂടുന്നത് കണ്ടു. ഇസ്‌റാഈല്യനെ സഹായിക്കാനെത്തിയ മൂസാ(അ)യുടെ അടിയേറ്റ് ഖിബ്തി മരിച്ചു. പിശാചിന്റെ കെണിയില്‍ വീണ അദ്ദേഹം അല്ലാഹുവിനോട് മാപ്പ് തേടി. എന്നാല്‍, അടുത്ത ദിവസവും ഇതേ ഇസ്‌റാഈല്യന്‍ മറ്റൊരു ഖിബ്തിയുമായി ശണ്ഠക്കിടെ മൂസാ(അ)യുടെ സഹായം തേടി. അദ്ദേഹം വിസമ്മതിച്ചു. പ്രകോപിതനായ ഇസ്‌റാഈല്യന്‍ മൂസാ കൊലയാളിയാണെന്ന രഹസ്യം വെളിപ്പെടുത്തി.
ഇതോടെ, സ്വന്തം വംശക്കാരനെ കൊന്ന മൂസാക്കെതിരെ ഫറോവ വധശിക്ഷ വിധിച്ചു. ഇക്കാര്യം രഹസ്യമായി അറിഞ്ഞ മൂസാ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: ''നാഥാ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷിക്കേണമേ''(28:21).
അല്ലാഹുവിന്റെ ബോധനം ലഭിച്ച അദ്ദേഹം ഫറോവയുടെ അക്രമമെത്താത്ത ഗ്രാമമായ മദ്‌യനിലേക്ക് യാത്രയായി. അവിടെയെത്തി വിശ്രമിക്കവെ, ആടുകളെ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടുവന്ന രണ്ടു യുവതികളെ കണ്ടു. ആടുകള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ മൂസാ അവരെ സഹായിക്കുകയും ചെയ്തു.
അന്യനാട്ടില്‍ അഭയവും ആശ്രയവുമില്ലാതെ ഒറ്റപ്പെട്ട അദ്ദേഹം പ്രാര്‍ഥനാനിരതനായി: ''എന്റെ നാഥാ, എനിക്കു നീ നല്‍കുന്ന ഏതൊരു നന്മക്കും ഞാന്‍ ആവശ്യക്കാരനാണ്''(28:24). ഇതിനിടെ, നേരത്തെ കണ്ട യുവതികളിലൊരാള്‍ വന്ന് പറഞ്ഞു:''താങ്കളെ ഞങ്ങളുടെ പിതാവ് വിളിക്കുന്നു''.
വൃദ്ധപിതാവിനു മുന്നില്‍ മൂസാ തന്റെ കഥ നിരത്തി. അദ്ദേഹം മൂസായെ സമാധാനിപ്പിച്ചു: ''ഇവിടെ താങ്കള്‍ക്ക് നിര്‍ഭയമായി ജീവിക്കാം''(28:25). ദിവസങ്ങള്‍ കഴിഞ്ഞു. മൂസാ അവരെ ജോലിയില്‍ സഹായിച്ചു കൊണ്ടിരുന്നു. ഒരു ദിവസം മകള്‍ പിതാവിനോട് പറഞ്ഞു:''മൂസായെ താങ്കള്‍ ജോലിക്കാരനായി വെക്കുക. അദ്ദേഹം വിശ്വസ്തനും കരുത്തനുമാണ്.'' അതിന് അവള്‍ തെളിവും നിരത്തി.
ഇത് ബോധ്യപ്പെട്ട പിതാവ് മൂസാക്കു മുന്നില്‍ നിര്‍ദേശം വെച്ചു. ''ഞാന്‍ എന്റെ മക്കളില്‍ ഒരാളെ നിനക്ക് ഇണയാക്കിത്തരാം. എട്ടുവര്‍ഷമോ അല്ലെങ്കില്‍ പത്തുവര്‍ഷമോ നീ ഇവിടെ ജോലിയെടുക്കുക. അതാണ് വിവാഹമൂല്യം. ഞാന്‍ നിങ്ങളെ പ്രയാസപ്പെടുത്തുകയില്ല. ഞാന്‍ സത്കര്‍മകാരികളില്‍ പെട്ടവനാണ്''(28:27).
അല്ലാഹുവിനെ സാക്ഷിയാക്കി വൃദ്ധന്റെ കരാര്‍ മൂസാ അംഗീകരിച്ചു. (ഈ വൃദ്ധന്‍ ശുഅയ്ബ് നബിയാണെന്ന് ഹസന്‍ ബസ്വരി, മാലികുബ്‌നു അനസ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്). പത്തുവര്‍ഷം മൂസാ മദ്‌യനില്‍ ജീവിച്ചു. ശേഷം ഈജിപ്തിലേക്കു തന്നെ മടങ്ങി.