Skip to main content

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)

കണക്കറ്റ സമ്പത്ത് ബാക്കിവെച്ച് അഫ്ഫാനുബ്‌നു അബില്‍ ആസ്വ് മരണമടഞ്ഞു. നല്ലവനായ പുത്രന്‍ ആ സമ്പത്തുമായി പിതാവിന്റെ പാത പിന്തുടര്‍ന്നു, കച്ചവടവഴിയില്‍ ധനം സമ്പാദിച്ചു കൂട്ടിയ അവനെ ഖുറൈശികള്‍ സ്‌നേഹത്തോടെ വിളിച്ചു 'ഉസ്മാന്‍ അല്‍ ഗനിയ്യ്' (ധനാഢ്യനായ ഉസ്മാന്‍). ദയ, വിനയം, ലജ്ജ, സൗന്ദര്യം എന്നീ ഗുണങ്ങള്‍ക്കെല്ലാം അലങ്കാരമായി സമ്പത്തും ഒത്തുവന്നപ്പോള്‍ ഉസ്മാന്‍ മക്കക്കാരുടെ സ്‌നേഹഭാജനമായി. കുട്ടികളുമായി സല്ലപിക്കുന്ന ഉമ്മമാര്‍ അവരോട് വാത്സ്യലത്തോടെ പറഞ്ഞു: നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു, ഖുറൈശികള്‍ ഉസ്മാനെ സ്‌നഹിക്കുന്നതു പോലെ.

പതിവുപോലെ കച്ചവട സംഘവുമായി സിറിയയിലേക്കു പോയ ഉസ്മാന്‍ അപ്രതീക്ഷിത ലാഭവുമായാണ് മടങ്ങിയത്. യാത്രക്കിടെ രാത്രിയില്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. കൂടാരത്തിനു പുറത്ത് ആകാശം നോക്കിക്കിടന്ന ഉസ്മാന്‍ താരഗണങ്ങള്‍ ചിരി തൂകി നില്‍ക്കുന്ന ഗഗനചാരുത ആസ്വദിക്കവെ ഒരശരീരി മുഴങ്ങി. ''മയങ്ങിക്കിടക്കുന്നവനേ, ഉണരുക. മക്കയില്‍ അഹ്മദ് എന്ന പേരില്‍ ഒരു പ്രവാചകന്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു.'' ഉസ്മാന്‍ ചുറ്റും നോക്കി. ആരെയും കണ്ടില്ല.
 
മക്കയിലെത്തിയ അദ്ദേഹം വിസ്മയം കൊണ്ടു. മക്കക്കാരുടെ പ്രിയതോഴന്‍ മുഹമ്മദ് പ്രവാചകത്വം അവകാശപ്പെടുന്നു. വിഗ്രഹങ്ങളെയും ജാഹിലിയ്യ നടപ്പുരീതികളെയും മനസ്സുകൊണ്ട് വെറുത്തിരുന്ന ഉസ്മാന്‍ ആശയക്കുഴപ്പത്തിലായി. സുഹൃത്തും വ്യപാരിയുമായ അബൂബക്‌റിനെ കണ്ടു. അദ്ദേഹം മുസ്‌ലിമായിരുന്നു. അബൂബക്ര്‍ കാര്യങ്ങള്‍ ഉസ്മാനെ ബോധ്യപ്പെടുത്തി. പിന്നെ കാത്തുനിന്നില്ല. മറ്റൊരു സുഹൃത്ത് ത്വല്‍ഹത്തുബ്‌നു ഉബൈദില്ലയെയും കൂട്ടി മൂവരും തിരുനബിയെ പോയിക്കണ്ടു.

ദൂതരുടെ വിശദീകരണെം കൂടി കേട്ടതോടെ ഉസ്മാന്റെ മനസ്സ് പൂര്‍ണമായും മാറിയിരുന്നു. അഞ്ചാമനായി അദ്ദേഹം ഇസ്‌ലാമിലെത്തി.   

ഖുറൈശി ഗോത്രത്തിലെ ഉമയ്യ വംശത്തില്‍ ക്രിസ്തുവര്‍ഷം 576ല്‍ ഉസ്മാന്‍ ജനിച്ചു. പിതാവ് അഫ്ഫാനുബ്‌നു അബ്ദില്‍ ആസ്വ്. മാതാവ് ഹാശിം കുടുംബത്തിലെ തിരുനബിയുടെ പിതൃസഹോദരി കൂടിയായ അര്‍വ. മുസ്്‌ലിമാകുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചു. അതില്‍ എട്ടുമക്കള്‍. ജന്‍ദബിന്റെ പുത്രി ഉമ്മു അംറില്‍ അംറ്, ഖാലിദ്, അബാന്‍, ഉമര്‍, മര്‍യം എന്നിവരും വലീദിന്റെ പുത്രി ഫാത്തിമയില്‍ വലീദ്, സൈദ്, ഉമ്മുസൈദ് എന്നിവരും.

ഇസ്ലാമില്‍ വന്നതിനുശേഷം പ്രവാചക പുത്രിയായ റുഖിയ്യയെയും അവരുടെ മരണശേഷം ഉമ്മുകുല്‍സൂമിനെയും വിവാഹം ചെയ്തു. ഈ അപൂര്‍വ ഭാഗ്യം അദ്ദേഹത്തിനു സമ്മാനിച്ച വിളിപ്പേരാണ് 'ദുന്നൂറൈന്‍' (ഇരട്ട പ്രകാശമുള്ളവന്‍)എന്നത്. റുഖിയ്യയില്‍ അബ്ദുല്ല എന്ന മകനും ജനിച്ചു. നാഇല, ഉമ്മുല്‍ബനീന്‍ എന്നീ പത്‌നിമാരും ഖലീഫയായിരിക്കെ  അദ്ദേഹത്തിനുണ്ടാ യിയുന്നു. നാഇലയില്‍ ആഇശയെന്ന മകളും.

മറ്റുപേജുകള്‍:

പീഡനങ്ങളും ഹിജ്‌റയും

ഖലീഫാ പദവിയിലേക്ക്

ഭരണം
  

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446