Skip to main content

അബ്ദുര്‍റഹ്മാനിബ്‌നു ഔഫ്(റ)

മദീനയിലേക്കുള്ള പലായനം തുടങ്ങി. പ്രഥമ സംഘത്തില്‍ തന്നെ അബ്ദുര്‍റഹ്മാനും(റ) ചേര്‍ന്നു. സഅ്ദുബ്‌നുറബീഇ(റ)നെയാണ് മദീനയില്‍ അന്‍സാരി സഹോദരനായി അബ്ദുര്‍റഹ്മാന് ലഭിച്ചത്.

''സഹോദരാ, എനിക്ക് രണ്ട് തോട്ടങ്ങളുണ്ട്. അതില്‍ ഇഷ്ടപ്പെട്ടത് നിങ്ങളെടുത്തോളൂ. രണ്ട് ഭാര്യമാരും ഉണ്ട് എനിക്ക്, അവരില്‍ താങ്കള്‍ ചോദിക്കുന്നവളെ ഞാന്‍ വിവാഹമോചനം ചെയ്തുതരാം.'' സഅ്ദ്(റ) പറഞ്ഞു.

അബ്ദുര്‍റഹ്മാന്‍(റ) പുഞ്ചിരിച്ചു. ''താങ്കളുടെ സ്വത്തിലും കുടുംബത്തിലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. എനിക്ക് താങ്കള്‍ അങ്ങാടിയൊന്ന് കാണിച്ച് തരുമോ?''

അവര്‍ അങ്ങാടിയിലേക്ക് പോയി. ചന്തയും കച്ചവടരീതിയും സഅ്ദ്(റ) അബ്ദുര്‍റഹ്മാന്(റ) പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹം കച്ചവടം ചെയ്ത് ജീവിതം നയിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞു. സുഗന്ധം വിതറി ഒരിക്കല്‍ അബ്ദുര്‍റഹ്മാന്‍(റ) തിരുസന്നിധിയിലെത്തി ''അബ്ദുര്‍റഹ്മാന്‍ താങ്കള്‍ വിവാഹിതനായോ?'' നബി(സ്വ) ചോദിച്ചു. ''അതേ റസൂലേ.''

''എന്നിട്ടെന്താ മഹ്‌റായി നല്‍കിയത്''.

''ഈത്തപ്പഴക്കുരുവോളം സ്വര്‍ണ്ണം''.

''എന്നാല്‍ ഒരാടിനെയെങ്കിലും അറുത്ത് വിവാഹസദ്യ വിളമ്പണം''. ദൂതരുടെ വാക്കുകള്‍ കേട്ട് അബ്ദുര്‍റഹ്മാന്‍ പുഞ്ചിരിച്ചു.

ഖുറൈശ് ഗോത്രത്തില്‍ ബനൂസുഹ്‌റ കുടുംബത്തിലെ ഔഫ്ബ്ന്‍ അബ്ദി ഔഫിന്റെ മകനായി മക്കയിലാണ് അബ്ദുര്‍റഹ്മാനിബ്‌നു ഔഫ് ജനിച്ചത്. അബ്ദുഅംറ് എന്നായിരുന്നു ആദ്യ പേര്. അബൂബക്ര്‍(റ) വഴി നബി(സ്വ)യെ കാണുകയും എട്ടാമനായി ഇസ്‌ലാമിലെത്തുകയും ചെയ്തു. സാക്ഷ്യവചനം ചൊല്ലിയ അബ്ദുഅംറിനെ ദൂതരാണ് ''അബ്ദുര്‍റഹ്മാന്‍' എന്ന് വിളിച്ചത്.

കച്ചവട പ്രമുഖനായിരുന്ന ഔഫിന്റെ പുത്രന്‍ സമ്പന്നനായിരുന്നു. എന്നാലും ആദ്യകാല മുസ്‌ലിംകള്‍ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങളെല്ലാം അബ്ദുറഹ്മാനും അനുഭവിച്ചു. അദ്ദേഹവും അബ്‌സീനിയാ പലായനത്തില്‍ പങ്കെടുത്തു.

അവിടെ നിന്ന് തിരിച്ചെത്തുകയും മദീന പലായനത്തിന് അനുമതി കിട്ടിയപ്പോള്‍ അതില്‍ അണിചേരുകയും ചെയ്തു. സന്നിഗ്ധ വേളകളില്‍ തിരുദൂതര്‍ക്ക് താങ്ങായി വര്‍ത്തിച്ച അബ്ദുറഹ്മാനെ തിരുദൂതര്‍ സ്വര്‍ഗാവകാശികളില്‍ ഒരാളായി എണ്ണി. ദാനധര്‍മ്മങ്ങളില്‍ എല്ലാവരെയും തോല്പിച്ച ആ ജീവിതം അധികാര പദവികളില്‍ നിന്ന് വിട്ടുനില്ക്കുകയും ചെയ്തു.

മൂന്നാം ഖലീഫയെ തെരഞ്ഞെടുക്കാനുള്ള ആറംഗ സമിതിയില്‍ ഒരാളായ അബ്ദുര്‍റഹ്മാന്‍ബ്‌നു ഔഫിന്റെ ചുമലിലാണ് ഖലീഫയെ പ്രഖ്യാപിക്കുവാനുള്ള ചുമതല ഏല്‍പിക്കപ്പെട്ടത്.

സമ്പന്നന്‍, ധര്‍മിഷ്ഠന്‍

സമ്പത്തിനാല്‍ അല്ലാഹു അനുഗ്രഹം നല്‍കിയ അബ്ദുര്‍റഹ്മാനിബ്‌നു ഔഫ് തൊട്ടതെല്ലാം കനകമാക്കി. അബ്ദുര്‍റഹ്മാന്‍(റ) തന്നെ പറയുമായിരുന്നിങ്ങനെ:

'ദുന്‍യാവ് എന്റെയടുത്തേക്ക് വന്നുകൊണ്ടേയിരുന്നു. ഞാനൊരു കല്ലെടുത്തുയര്‍ത്തിയാല്‍ അതിന് താഴെ സ്വര്‍ണവും വെള്ളിയും ഉണ്ടായേക്കുമെന്നുവരെ എനിക്ക് തോന്നിയിരുന്നു. ഒരിക്കല്‍ സിറിയന്‍ ഭാഗത്ത് നിന്ന് ആകാശം മുട്ടെ പൊടിപടലങ്ങളുയരുന്നത് മദീനക്കാര്‍ കണ്ടു. പൊടിക്കാറ്റാണെന്ന ഭീതിയില്‍ അവരിരിക്കവെ, തെളിഞ്ഞു കണ്ടു. അബ്ദുറഹ്മാനിബ്‌നു ഔഫി(റ)ന്റെ കച്ചവട സംഘമായിരുന്നു അത്. 700 ഒട്ടകങ്ങളാണ് അതിലുണ്ടായിരുന്നത്.

എന്നാല്‍ സമ്പത്ത് ഒരിക്കലും സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രം വിനിയോഗിച്ചില്ല അദ്ദേഹം.  തബൂക്ക് സൈനിക ഫണ്ടിലേക്ക് 200 ഊഖിയ  (17 റാത്തല്‍) വെള്ളി നല്‍കി അബ്ദുര്‍റഹ്മാന്‍(റ) തിരുനബിയെ സന്തോഷിപ്പിച്ചു.

നബി(സ്വ)യുടെ മരണത്തിന് ശേഷം മുസ്‌ലിം സമൂഹത്തിന്റെ ദാരിദ്ര്യം തീര്‍ക്കാന്‍ അകമഴിഞ്ഞ് നല്‍കിയിരുന്നു. പ്രവാചക പത്‌നിമാര്‍ക്കും അദ്ദേഹം ജീവിത വിഭവങ്ങള്‍ നല്‍കിയിരുന്നു. ഒരിക്കല്‍ തന്റെ തോട്ടം വിറ്റ 40,000 ദീനാര്‍ തന്റെ കുടുംബമായ ബനൂസുഹ്‌റക്കും പ്രവാചക പത്‌നിമാര്‍ക്കുമായി ദാനം ചെയ്തു.

മറ്റൊരിക്കല്‍ ക്ഷാമകാലത്ത് അബ്ദുര്‍റഹ്മാന്റെ(റ) കച്ചവടവ്യൂഹം മദീനയിലെത്തി. ജനം തടിച്ചുകൂടി. ആരവം കേട്ട ആഇശ(റ) ചോദിച്ചു. 'എന്താണവിടെ''

''ഇബ്‌നുഔഫി(റ)ന്റെ കച്ചവട സംഘം എത്തിയതാണ്''

ഇത് കേട്ട ഉമ്മുല്‍ മുഅ്മിനീന്‍(റ) പറഞ്ഞു. ''അബ്ദുര്‍റഹ്മാന്‍ നീന്തിയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയെന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്''.

ഒട്ടകം മുട്ടുകുത്തും മുമ്പ് തന്നെ മഹതിയുടെ വാക്കുകള്‍ അബ്ദുറഹ്മാന്‍(റ) അറിഞ്ഞു. ആഇശ(റ)യെ കണ്ട് ഉറപ്പുവരുത്തുകയും ചെയ്തു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നൂറുക്കണക്കിന് ഒട്ടകങ്ങളുള്ള ആ സംഘത്തിലെ മുഴുവന്‍ ചരക്കും മദീനക്കാര്‍ക്ക് ദാനം ചെയ്തു കഥാപുരുഷന്‍. എന്നിട്ട് പറഞ്ഞു:

''എനിക്ക് സ്വര്‍ഗത്തിലേക്ക് നീന്തി കടന്നാല്‍ പോരാ, നിവര്‍ന്ന് തന്നെ പ്രവേശിക്കണം''

വിഭവ സമൃദ്ധമായ ഭക്ഷണം തനിക്കായി വിളമ്പിയാല്‍ അദ്ദേഹം ഏറെ നേരം ചിന്താമൂകനാവും. പഴയകാല ദാരിദ്ര്യവും സ്വഹാബിമാരുടെ ജീവിതവും ആലോചനയില്‍ തെളിയും. കരഞ്ഞുകൊണ്ടാണ് പിന്നീട് അത് കഴിക്കുക.

മൂന്നാം ഖലീഫയുടെ ഭരണകാലത്ത് ഹിജ്‌റ 32 ലാണ് അദ്ദേഹം ദിവംഗതനാവുന്നത്.

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446