Skip to main content

അബൂ ഉബൈദതുബ്‌നുല്‍ ജര്‍റാഹ്(റ)

''നബിയേ, ഞങ്ങളില്‍ സ്വത്ത് സംബന്ധമായ തര്‍ക്കം പതിവാണ്. അത് പരിഹരിച്ചുതരാന്‍ നീതിമാനും വിശ്വസ്തനുമായ ഒരാളെ ഞങ്ങള്‍ക്ക് അയച്ചു തരണം'' ഇസ്‌ലാം പുല്‍കി ദൂതരെ കാണാനെത്തിയ നജ്‌റാനിലെ സംഘം ആവശ്യപ്പെട്ടു. ''നിങ്ങള്‍ക്കൊപ്പം ഒരാളെ ഞാന്‍ അയക്കാം, അയാള്‍ വിശ്വസ്തനാണ്, വിശ്വസ്തനാണ്, വിശ്വസ്തനാണ്'' തിരുനബി(സ്വ) പറഞ്ഞു.

പിന്നെ മുന്നിലിരിക്കുന്നവരില്‍ നിന്ന് ഒരാളെ അവിടുന്ന് വിളിച്ചു. 'അബൂഉബൈദാ, ഇവരോടൊപ്പം പോവുക, സത്യസന്ധമായി വിധിക്കുക''

''ഓരോ ജനതക്കും ഓരോ വിശ്വസ്തനുണ്ട്, നമ്മുടെ ജനതയിലെ വിശ്വസ്തന്‍ (അമീനുല്‍ ഉമ്മത്ത്) അബൂഉബൈദയാണ്'' ആ കൈകള്‍ പിടിച്ചുകൊണ്ട് തിരുനബി(സ്വ) പറഞ്ഞു.

ഖുറൈശ് ഗോത്രത്തിലെ ഫിഹ്ര്‍ വംശത്തില്‍ അബ്ദുല്ലാഹിബ്‌നുല്‍ ജര്‍റാഹിന്റെയും ഉമൈമ യുടെയും മകനായി മക്കയില്‍ ജനിച്ചു. ആമിറുബ്‌നുഅബ്ദില്ല എന്നാണ് യഥാര്‍ഥ പേര്. അബൂഉബൈദ വിളിപ്പേര്. അമീനുല്‍ ഉമ്മ കീര്‍ത്തി നാമം. അബൂബക്‌റി(റ)ന്റെ പ്രേരണയാല്‍ ആദ്യകാലത്ത് തന്നെ മുസ്‌ലിമായി. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട ആള്‍. നബി(സ്വ)യുടെ വിശ്വസ്തന്‍.

സൈനികന്‍, നായകന്‍

ഇസ്‌ലാം സ്വീകരിച്ച അബൂഉബൈദ ആദര്‍ശത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ബദ്ര്‍ യുദ്ധത്തില്‍ മുന്നില്‍ വന്നുപെട്ടത് സ്വന്തം പിതാവ് അബ്ദുല്ല ജര്‍റാഹായിരുന്നു. പലതവണ ഒഴിവാക്കി. എന്നാല്‍ വീണ്ടും പിതാവ് തന്നെ മുന്നില്‍. ഒടുവില്‍, ആദര്‍ശത്തിന് മുന്നില്‍ അദ്ദേഹത്തെ കൊല്ലേണ്ടിവന്നു ആ മകന്! ബന്ധങ്ങളെ അവഗണിക്കുന്ന ഈ അചഞ്ചല വിശ്വാസത്തെ പ്രശംസിച്ചുകൊണ്ടാണ് സൂറ മുജാദിലയിലെ 22 സൂക്തം അവതീര്‍ണമാകുന്നത്.

ഉഹ്ദ് മുസ്‌ലിംകള്‍ക്ക് പരീക്ഷണ വേദിയായി. ഘോരമായ പോരാട്ടത്തില്‍ സ്വന്തം പടത്തൊപ്പിയുടെ ഇരുമ്പാണികള്‍ തിരുനബിയുടെ കവിളില്‍ തുളച്ചുകയറി. രക്തംപുരണ്ട ആ മുഖത്ത് നിന്ന് ആണി അണപ്പല്ലുകൊണ്ട് കടിച്ചെടുത്തത് അബൂഉബൈദ(റ) ആയിരുന്നു. ഇതിനിടയില്‍ രണ്ട് മുന്‍പല്ലുകളും കൊഴിഞ്ഞു  വീണു. മുന്‍പല്ല് അടര്‍ന്നവന്‍ എന്ന അര്‍ഥത്തില്‍ 'അഹ്ത്വം' എന്ന പേരും അബൂഉബൈദ(റ)ക്ക് കിട്ടി.

തിരുനബിയുടെ വിയോഗാനന്തരവും അബൂഉബൈദ(റ) സൈനിക സേവനത്തില്‍ നിരതനായി. യര്‍മൂക്കിലേക്ക് ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ നായകത്വത്തില്‍ സൈന്യത്തെ അയച്ചത് അബൂബക്ര്‍ സിദ്ദീഖായായിരുന്നു(റ). ഇതിനിടെയാണ് സിദ്ദീഖി(റ)ന്റെ മരണവും ഉമറി(റ)ന്റെ സ്ഥാനാരോഹണവും നടന്നത്. ഉമര്‍(റ) ആദ്യമെടുത്ത തീരുമാനം, യര്‍മൂക് സൈന്യത്തിന്റെ നായകസ്ഥാനത്തുനിന്നും ഖാലിദി(റ)നെ നീക്കി അബുഉബൈദ(റ)യെ നിയോഗിക്കുന്നതാ യിരുന്നു.

അബൂബക്ര്‍(റ) ധനകാര്യ വകുപ്പ് നല്‍കിയ ഈ വിശ്വസ്തനെ ഹിജ്‌റ 13ല്‍ ശാമിലെ ഗവര്‍ണറും സര്‍വസൈന്യാധിപനുമായി നിയമിച്ചു. ഇക്കാലത്താണ് മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായ ബൈത്തുല്‍ മുഖദ്ദസ് തിരിച്ചുപിടിക്കുന്നത്.

ഗവര്‍ണറും സൈന്യാധിപനും പേരില്‍ മാത്രമായിരുന്നു അബുഉബൈദ(റ)ക്ക്. സൈനികരോ ടൊപ്പം തന്നെയായിരുന്നു ഭക്ഷണവും ഉറക്കവും. ഇതുകണ്ട് റോമന്‍ സൈനികര്‍ അത്ഭുതം കൂറിയിരുന്നു. ''ഞങ്ങളിലെ അടിമകള്‍ മാത്രമേ ഇങ്ങനെ ചെയ്യൂ'' എന്ന് പറഞ്ഞ റോമന്‍ സൈനികനോട് അബൂഉബൈദ(റ) പറഞ്ഞു. ''ഞങ്ങളെല്ലാവരും ഏക ദൈവത്തിന്റെ അടിമകളാണ്.'' ഒരിക്കല്‍ ഖലീഫ ഉമര്‍ ഗവര്‍ണറുടെ ശാമിലെ വീട്ടിലെത്തി. ആ വീട്ടില്‍ അദ്ദേഹം കണ്ടത് അബൂഉബൈദ(റ)യുടെ വാഹനം, വാള്‍, പരിച എന്നിവ മാത്രം. അത്ഭുതത്തോടെ തന്നെ നോക്കിയ ഖലീഫയോട് ഗവര്‍ണര്‍ പറഞ്ഞു. ''അന്തിയുറങ്ങാന്‍ ഇതുതന്നെ ധാരാളം''

ഖലീഫ അദ്ദേഹത്തിന് 4000 ദിര്‍ഹം അനുവദിച്ചു. എന്നാല്‍ അബൂഉബൈദ(റ) അത് ദാനം ചെയ്യുകയാണുണ്ടായത്. ശാമിനെ ഒന്നാകെ ഇസ്‌ലാമിന് കീഴില്‍ കൊണ്ടുവന്നത് ഉമറി(റ)ന്റെ വിശ്വസ്തനായ ഈ ഗവര്‍ണര്‍ തന്നെയായിരുന്നു.

അബൂഉബൈദ(റ)യുടെ അന്ത്യം

അബൂഉബൈദ(റ)യും സൈന്യവും ഫലസ്തീനിലെത്തി. ഫലസ്തീന്‍ അപ്പോള്‍ പ്ലേഗി(വിഷൂചിക) ന്റെ പിടിയിലായിരുന്നു. എണ്ണമറ്റ മനുഷ്യര്‍ മരണത്തിന്റെ പിടിയിലമര്‍ന്നുകൊണ്ടിരുന്നു. സൈനിക രില്‍ പലരും മരണപ്പെട്ടു. അബൂഉബൈദ(റ) അവരെ സേവിച്ചുകൊണ്ട് കഴിഞ്ഞുകൂടി. ഇതിന്നിടെ ഖലീഫ അദ്ദേഹത്തെ തിരിച്ചുവിളിച്ചെങ്കിലും മദീനയിലേക്ക് മടങ്ങി വന്നില്ല.

ഒടുവില്‍ ഉമര്‍(റ) ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. അബൂഉബൈദ(റ)യെയും പ്ലേഗ് കീഴ്‌പ്പെടുത്തി. അന്ത്യവേളയില്‍ തന്റെ പിന്‍ഗാമിയായി മുആദുബ്‌നു ജബലി(റ)നെ നിയമിച്ചും തന്റെ സൈനികര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയുമാണ് അദ്ദേഹം കണ്ണടച്ചത്. ഹിജ്‌റ വര്‍ഷം 18ല്‍ 58ാം  വയസ്സിലായിരുന്നു അന്ത്യം. മരണവാര്‍ത്തയറിഞ്ഞ ഖലീഫ പൊട്ടിക്കരഞ്ഞു. 
 
തന്റെ മരണവേളയില്‍ ഉമര്‍(റ) അടുത്ത ഖലീഫയെ തീരുമാനിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പറഞ്ഞു. 'അബൂഉബൈദ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ ഞാന്‍ ഖലീഫയായി നിര്‍ദേശിക്കുമായിരുന്നു''

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446