Skip to main content

സ്വഹീഹുല്‍ ബുഖാരി (5)

ഹദീസ് ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രമാണയോഗ്യമായി പരിഗണിക്കപ്പെടുന്ന ഹദീസ് ശേഖരമാണ് സ്വഹീഹുല്‍ ബുഖാരി. മുഹമ്മദുബ്‌നു ഇസ്മാഈല്‍ അല്‍ബുഖാരി എന്ന (810-870) പണ്ഡിതനാണ് തന്റെ ജീവിതകാലം മുഴുവന്‍ ഉപയോഗപ്പെടുത്തി പ്രവാചക വചനങ്ങളുടെ ഈ ശേഖരം മുസ്‌ലിംലോകത്തിന് സമര്‍പ്പിക്കാനുള്ള ത്യാഗപൂര്‍ണമായ സേവനത്തിന് സന്നദ്ധനായത്. മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ഏറ്റവും വിശ്വാസയോഗ്യമായ ഒന്നായി പരിഗണിക്കുന്ന ഈ ഹദീസ് ശേഖരം ഗ്രന്ഥരൂപത്തില്‍ ബുഖാരിയുടെ ജീവിതകാലത്തു തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. സ്വഹീഹുല്‍ ബുഖാരി എന്ന് പൊതുവായി വിളിക്കപ്പെടുന്ന ഈ ഹദീസ് ശേഖരത്തിന്റെ യഥാര്‍ത്ഥ പേര് 'അലജാമിഉ സ്സ്വഹീഹുല്‍ മുസ്‌നദുല്‍ മുഖ്തസ്വറു മിന്‍ ഉമൂരിറസൂലില്ലാഹി വ സുന്നതിഹീ വ അയ്യാമിഹീ' എന്നാണ്. 

പ്രവാചകന്റെ കാലഘട്ടവും പ്രവൃത്തിയും പ്രവാചകനുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും കണ്ണിചേര്‍ത്തുള്ള ആധികാരിക ഹദീസുകളുടെ ചെറുശേഖരം എന്നാണ് അതിനര്‍ഥം.

ഇമാം ബുഖാരി 6 ലക്ഷം ഹദീസുകളില്‍ നിന്ന് തന്റെ മാനദണ്ഡങ്ങള്‍ വെച്ചു പരിശോധിച്ച നാലായിരം ഹദീസുകളെ സ്വഹീഹില്‍ ഉള്‍പ്പെടുത്തി. ഇബ്‌നു സ്വലാഹ് പറയുന്നു: ''7275 ഹദീസുകള്‍ ആണ് ആവര്‍ത്തിച്ചു വരുന്ന ഹദീസുകളുള്‍പ്പെടെ ഇമാം ബുഖാരിയുടെ സ്വഹീഹിലുള്ളത്. ഇങ്ങനെ വരുന്ന 4000 ഹദീസുകളെ മുസ്‌നദ് എന്നാണ് പരിഗണിക്കപ്പെടുന്നത്. യഥാര്‍ഥ പരമ്പരയോടു കൂടി പ്രവാചകന്റെ സ്വഹാബികളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതാണിത്. ബുഖാരിയില്‍ ഇല്ലാത്ത സ്വഹീഹ് ആയ ഹദീസുകളും ധാരാളമുണ്ട്''.

അതീവ സൂക്ഷ്മതയോടെയും ശരിയായ പരിശോധനക്ക് ശേഷവുമാണ് ബുഖാരി, ഹദീസുകള്‍ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത്. ഓരോ ഹദീസും ചേര്‍ത്തപ്പോള്‍ രണ്ട് റക്അത്ത് നമസ്‌കരിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചിരുന്നു എന്നു ബുഖാരി തന്നെ പറഞ്ഞിട്ടുണ്ട്. 16 വര്‍ഷം കഠിനാധ്വാനം ചെയ്ത് 6 ലക്ഷം ഹദീസുകളില്‍ നിന്ന് 7397 ഹദീസുകള്‍ അദ്ദേഹം തിരഞ്ഞെടുത്തു. റിപ്പോര്‍ട്ടര്‍മാര്‍ പരസ്പരം കാണുകയും നേരിട്ട് കേള്‍ക്കുകയും ചെയ്തു എന്ന് ഉറപ്പുള്ള ഹദീസുകള്‍ മാത്രമേ ബുഖാരി സ്വീകരിച്ചിട്ടുള്ളൂ. ഹദീസുകളില്‍ നിന്ന് ഇമാം കണ്ടുപിടിച്ച മതവിധികളാണ് പല അധ്യായങ്ങള്‍ക്കും തലക്കെട്ടായി കൊടുത്തിട്ടുള്ളത്. ഹദീസുകള്‍ക്ക് പുറമെ ചെറിയ ചില വിശദീകരണകുറിപ്പുകളും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍മുഅല്ലഖാത്തു വല്‍ മുതാബആത്ത് എന്നാണ് ആ വിശദീകരണ കുറിപ്പുകള്‍ക്ക് പറയുക. ഇങ്ങനെ ഏകദേശം 1685 വിശദീകരണ കുറിപ്പുകള്‍ ഉണ്ട്. ഒരു പുരുഷായുസ്സുകൊണ്ട് ചെയ്യാവുന്ന പരമാവധി അധ്വാനം ഹദീസ് ശേഖരണ പരിശോധനകളില്‍ ചെലവഴിച്ചിട്ടാണ് സ്വഹീഹുല്‍ ബുഖാരി പൂര്‍ത്തിയാക്കിയത്. എന്നാലും മനുഷ്യനാണല്ലോ, പൂര്‍ണത അല്ലാഹുവിന് മാത്രമാണ്. അതുകൊണ്ടായിരിക്കാം ഹാക്കിം, ഇബ്‌നു ഖുസൈമ തുടങ്ങിയ മുഹദ്ദിസുകളും ആധുനിക കാലത്ത് നാസ്വിറുദ്ദീന്‍ അല്‍ബാനിയും ചുരുക്കം ചില ഹദീസുകളിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചത്.

സ്വഹീഹുല്‍ ബുഖാരിക്ക് 82 പ്രസിദ്ധ പണ്ഡിതന്മാര്‍ വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രമുഖമായത് ഇബ്‌നുഹജറില്‍ അസ്ഖലാനി എഴുതിയ ഫത്ഹുല്‍ബാരി ആണ്.

Feedback