Skip to main content

ബുഖാരിയുടെ പഠനയാത്രകള്‍

വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പരിമിതമായതിനാലും, ഇസ്‌ലാമിക രാഷ്ട്രം വിശാലമാവുകയും പ്രവാചക ശിഷ്യന്മാരും അവരുടെ അനുയായികളും വിദൂര ദേശങ്ങളില്‍ ജീവിച്ചു മരിക്കുകയും ചെയ്തതുകൊണ്ടും ചിലപ്പോള്‍ ഒരു ഹദീസിനെക്കുറിച്ച് പഠിക്കാനോ വിജ്ഞാനം കരസ്ഥമാക്കാനോ ദീര്‍ഘയാത്രകള്‍ വേണ്ടിവന്നു. ഇങ്ങനെ സാഹസിക യാത്രകള്‍ നടത്തിയാണ് ഇമാം ബുഖാരി ഹദീസുകള്‍ ശേഖരിച്ചത്. ബുഖാറയിലെ പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം നേടിക്കഴിഞ്ഞപ്പോള്‍ ദിവ്യബോധനത്തിന്റെ കേന്ദ്രവും പ്രവാചകന്റെ ആസ്ഥാനവുമായ മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന പുണ്യഭൂമിയിലേക്ക് അദ്ദേഹം യാത്രപോയി. ഹിജ്‌റ 210ല്‍ മാതാവും സഹോദരനുമൊപ്പം ഹജ്ജ് ചെയ്തു. ഹജ്ജ് കഴിഞ്ഞ് സഹോദരനെയും മാതാവിനെയും തിരിച്ചയച്ചു. ഇമാം ബുഖാരി വിജ്ഞാനസമ്പാദനത്തിനായി മക്കയില്‍തന്നെ താമസമാക്കി. അന്ന് മക്കയിലെ വിജ്ഞാന സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇമാം അബുല്‍ അല്ലാമാ അല്‍ഹുമൈദി ആയിരുന്നു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന പ്രസിദ്ധ പണ്ഡിതന്മാരാണ് ഇബ്രാഹീമുബ്‌നുല്‍ മുന്‍ദിര്‍, ഇബ്‌റാഹിമുബ്‌നു ഹംസ എന്നിവര്‍. ഈ യാത്രയിലാണ് ഇമാം ബുഖാരി 'അത്താരീഖുല്‍ കബീര്‍' എന്ന ഗ്രന്ഥം രചിച്ചത്. മക്ക, മദീന, ത്വാഇഫ്, ജിദ്ദ എന്നിവിടങ്ങളില്‍ വിജ്ഞാന സമ്പാദനത്തിനായി പലപ്പോഴായി അദ്ദേഹം താമസിച്ചത് മൊത്തം ആറുവര്‍ഷമായിരുന്നു.

തുടര്‍ന്ന് അന്നത്തെ വിജ്ഞാന കേന്ദ്രങ്ങളും സാംസ്‌കാരിക തലസ്ഥാനങ്ങളുമായിരുന്ന ബസ്വറ, കൂഫ, ബഗ്ദാദ്, സിറിയ, ഈജിപ്ത്, ഖുറാസാന്‍ തുടങ്ങി വിജ്ഞാന സമ്പത്ത് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം അദ്ദേഹം ചെന്നെത്തുകയും വിജ്ഞാനം സമ്പാദിക്കുകയും ചെയ്തു. വിഖ്യാതരായ ആയിരക്കണക്കിന് പണ്ഡിതന്മാരില്‍ നിന്ന് ഹദീസുകള്‍ കേട്ടതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
 

Feedback