മുസ്തഖ്‌റജ്
ബുഖാരി, മുസ്‌ലിം പോലുള്ള ഏതെങ്കിലും ഒരു മുഹദ്ദിസിന്റെ ഹദീസ് ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ഹദീസ്, അദ്ദേഹം ഉദ്ധരിച്ചതല്ലാത്ത മറ്റൊരു നിവേദക പരമ്പരയിലൂടെ ഉദ്ധരിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങളാണ് പണ്ഡിതന്മാര്‍ 'മുസ്തഖ്‌റജ്' വിഭാഗത്തില്‍ എണ്ണിയിട്ടുള്ളത്.
ബുഖാരി, മുസ്‌ലിം എന്നീ ഗ്രന്ഥങ്ങളിലുള്ള ഏതാനും ഹദീസുകള്‍ മറ്റു നിവേദകരിലൂടെ അബൂനുഅയ്മുല്‍ അസ്വബഹാനി ശേഖരിച്ച് രേഖപ്പെടുത്തിയ 'അല്‍ മുസ്തഖ്‌റജു അലശ്ശൈഖൈനി' എന്ന ഗ്രന്ഥം ഈ ഇനത്തില്‍ പെടുന്നു. അബൂഅവാനല്‍ ഇസ്വ്ഫറാനിയുടെ (മരണം: ഹി. 370) അല്‍ മുസ്തഖ്‌റജു അലാ മുസ്‌ലിം ആണ് മറ്റൊരു പ്രധാന ഗ്രന്ഥം.
മുസ്തദ്‌റക്
ഒരു ഹദീസ് പണ്ഡിതന്റെ ഹദീസ് സമാഹാരത്തെ അവലംബിക്കുകയും അദ്ദേഹം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വീകരിച്ച മാനദണ്ഡങ്ങളും നിബന്ധനകളും അനുസരിച്ച് പ്രസ്തുത ഹദീസ് ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടില്ലാത്ത ഹദീസുകള്‍ സമാഹരിക്കുകയും ചെയ്ത ഗ്രന്ഥത്തിനാണ് മുസ്തദ്‌റക് എന്നുപറയുന്നത്. ഇതിന് മികച്ച ഉദാഹരണമാണ് ഹിജ്‌റ 405ല്‍ മരണപ്പെട്ട ഇമാം ഹാകിമിന്റെ 'അല്‍മുസ്തദ്‌റകു അലസ്സ്വഹീഹൈനി'. ബുഖാരിയും മുസ്‌ലിമും ഹദീസ് ഉദ്ധരിക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഹാകിം ഈ ഗ്രന്ഥത്തില്‍ ഹദീസുകള്‍ ക്രോഡീകരിച്ചത്.
അത്വ്‌റാഫ്
ഹദീസിന്റെ ഒരു ഭാഗവും അതിന്റെ നിവേദക പരമ്പരയും ഉദ്ധരിക്കുന്ന ഗ്രന്ഥങ്ങള്‍ക്ക് അത്വ്‌റാഫ് എന്നുപറയുന്നു. ഇമാം ഇബ്‌നുഹജ്‌റില്‍ അസ്ഖലാനിയുടെ അല്‍ഇത്ഹാഫു മഅ റബീഇല്‍ അത്‌റാഫില്‍ അശറ ഇതിനുദാഹരണമാണ്.
മുഅ്ജമ്
നിഘണ്ടു എന്നര്‍ഥം വരുന്നതാണ് മുഅ്ജമ് എന്ന പദം. ഹദീസുദ്ധരിക്കുന്നവരുടെ പരമ്പര അക്ഷരമാല ക്രമത്തില്‍ ഉദ്ധരിച്ചുകൊണ്ടുള്ള ഹദീസ് സമാഹാരമാണിത്. ത്വബ്‌റാനിയുടെ മൂന്ന് മുഅ്ജമുകളും അബൂയഅ്‌ലയുടെ (മരണം 307) മുഅ്ജമുസ്സ്വഹാബയും ഈ ഇനത്തില്‍ പെട്ടതാണ്.
കുതുബുല്‍ ഇലല്‍
ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിവേദക പരമ്പരയിലെ ആളുകളില്‍ പ്രബലരല്ലാത്തവരും അജ്ഞാതരോ സ്ഥാപിത താല്പര്യക്കാരോ ആണെന്നുറപ്പുള്ളവരും ഉണ്ടെങ്കില്‍ അത്തരക്കാരുടെ ഹദീസുകള്‍ ദുര്‍ബലങ്ങളും പ്രമാണയോഗ്യമല്ലാത്തവയുമാണ്. ആയതിനാല്‍ ഹദീസുകളില്‍ പ്രബലമായവയും ദുര്‍ബലമായവയും കണ്ടെത്തല്‍ അത്യാവശ്യമാണ്. ഇങ്ങനെ ഹദീസുകളുടെ ദുര്‍ബലതയ്ക്കുള്ള കാരണങ്ങള്‍ (ഇല്ലത്ത്) വിവരിക്കുകയും അത്തരം ഹദീസുകള്‍ ക്രോഡീകരിക്കുകയും ചെയ്ത ഗ്രന്ഥങ്ങള്‍ക്ക് കുതുബുല്‍ ഇലല്‍ എന്നു പറയുന്നു. ഇബ്‌നു അബീ ഹാതിമിന്റെയും ദാറുഖുത്‌നിയുടെയും ഇലലുകള്‍ പ്രസിദ്ധമാണ്.