Skip to main content

പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ (15)

പ്രവാചകചര്യയുടെ ക്രോഡീകരണം ഹിജ്‌റ രണ്ട്-മൂന്ന് നൂറ്റാണ്ടുകളിലായി പൂര്‍ത്തീകരിക്കപ്പെട്ടു. ഇസ്‌ലാമിന്റെ പൊതുധാരയില്‍ നിന്ന് വ്യത്യസ്തമായി ഖവാരിജുകള്‍, ശീഈകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അവരവരുടെ ചിന്താഗതികള്‍ പ്രചരിപ്പിക്കുകയും മറുവശത്ത് ബിദ്അത്തുകളും അനാചാരങ്ങളും തലപൊക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അത്തരം സ്വാധീനങ്ങളില്‍നിന്ന് തിരുസുന്നത്തിനെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ സൂക്ഷ്മാലുക്കളായ പണ്ഡിതന്മാര്‍ ഈ രംഗത്തേക്ക് കടന്നുവന്നു. ഹിജ്‌റ 61-101 കാലഘട്ടത്തില്‍ ജീവിച്ച ഉമറുബ്‌നു അബ്ദില്‍ അസീസ് ഹദീസുകള്‍ എഴുതിവെച്ചിരുന്നു. പിന്നീടദ്ദേഹം മുസ്‌ലിം സമുദായത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നബി(സ്വ)യുടെ ഹദീസുകള്‍ മുഴുവന്‍ ക്രോഡീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ തന്റെ ഭരണത്തിലുള്ള പ്രദേശങ്ങളിലെ എല്ലാ പ്രധാനപ്പെട്ട പണ്ഡിതന്മാര്‍ക്കും ഭരണാധികാരികള്‍ക്കും ഔദ്യോഗികമായി കത്തുകള്‍ എഴുതി. നിങ്ങള്‍ നബി(സ്വ)യുടെ ഹദീസുകളും ചര്യകളും തേടിപ്പിടിച്ചു എഴുതിവെക്കുക. പണ്ഡിതന്മാര്‍ മരണമടഞ്ഞു പോകുന്നതുകൊണ്ട് അറിവ് മാഞ്ഞുപോകുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. ഈ കത്ത് ലഭിച്ചവരില്‍ നിന്ന് മദീനയിലെ ഗവര്‍ണര്‍ ആയിരുന്ന അബൂബക്‌റുബ്‌നു മുഹമ്മദിബ്‌നി അംറിബ്‌നി ഹസം, മറ്റൊരു പ്രസിദ്ധ പണ്ഡിതനായ മുഹമ്മദുബ്‌നു ശിഹാബുസ്സുഹ്‌രി എന്നിവര്‍ ഹദീസുകള്‍ ക്രോഡീകരിക്കുന്നതിന് മുന്നോട്ടു വന്നു. അബൂബക്‌റുബ്‌നു ഹസം അംറ്ബിന്‍ത് അബ്ദുറഹ്മാന്‍ അന്‍സാരിയുടെയും ഖാസിമുബ്‌നു മുഹമ്മദ് അബൂബക്‌റിന്റെയും പക്കലുള്ള ഹദീസുകള്‍ ക്രോഡീകരിച്ചു. ഇമാം സുഹ്‌രി ഈ ക്രോഡീകരണം പൂര്‍ത്തിയാക്കി.

ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് ഹദീസ് ക്രോഡീകരണത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചതുകൊണ്ട് എല്ലാ പ്രദേശങ്ങളിലുമുള്ള പണ്ഡിതന്മാര്‍ കഠിനാധ്വാനം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് ഒട്ടധികം ഹദീസുകള്‍ ക്രോഡീകരിച്ചു. അസാധാരണമായ ക്ഷമയും ത്യാഗമനസ്ഥിതിയും കൈമുതലാക്കിയ നിസ്വാര്‍ഥരായ പണ്ഡിതന്മാര്‍ ശരിയായ സ്രോതസ്സില്‍ നിന്നുതന്നെ ഹദീസുകള്‍ ശേഖരിക്കാനും സ്വീകാര്യത ഉറപ്പുവരുത്താനും ദീര്‍ഘയാത്രകള്‍ നടത്തി. ഹദീസ് കൈവശമുള്ളവരുടെ ജീവിതരീതികളും വിശ്വാസാചാരങ്ങളും ബുദ്ധിശക്തി, ഓര്‍മ്മ ശക്തി, ധാര്‍മിക നിലവാരം, സത്യസന്ധത എന്നിവയുമൊക്കെ സസൂക്ഷ്മം പഠിച്ച് സ്വീകാര്യത ബോധ്യമായവരില്‍ നിന്ന് മാത്രമാണ് ഹദീസുകള്‍ സ്വീകരിച്ചിരുന്നത്.

ഖലീഫാ അബൂജഅ്ഫറുല്‍ മന്‍സൂര്‍ ഇമാം മാലികിനോട് ഹദീസ് ക്രോഡീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''ഹദീസ് അറിയുന്നവരായി ഞാനും താങ്കളും ഒഴികെ അധികമാരുമില്ല. ഭരണപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നിമിത്തം എനിക്കതിന് കഴിയില്ല. അതിനാല്‍  റസൂലി(സ്വ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ ക്രോഡീകരിച്ച് താങ്കള്‍ ഒരു ഗ്രന്ഥം രചിക്കണം''. അങ്ങനെയാണ് ഇമാം മാലിക് തന്റെ അല്‍ മുവത്ത്വ എന്ന ഗ്രന്ഥരചന ആരംഭിച്ചത്.

ഖലീഫ മന്‍സൂറിനെ ഇമാം മാലികിന്റെ ഗ്രന്ഥം വല്ലാതെ ആകര്‍ഷിച്ചു. അദ്ദേഹം മുവത്ത്വയുടെ ഒരു കോപ്പി കഅ്ബയില്‍ തൂക്കിയിടാനും മറ്റു കോപ്പികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുക്കാനും അതനുസരിച്ച് കാര്യങ്ങള്‍ ചിട്ടപ്പെടുത്താനും ഇമാം മാലികിനോട് അനുവാദം ചോദിച്ചു. ഇമാം മാലിക് ഖലീഫയുടെ ആഗ്രഹത്തെ തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞു: ''അമീറില്‍ മുഅ്മീനില്‍ അങ്ങനെ ചെയ്യരുത്. നബി(സ്വ)യുടെ സ്വഹാബിമാര്‍ വിവിധ നാടുകളില്‍ നേതൃത്വം നല്‍കി ജനങ്ങളെ ദീന്‍ പഠിപ്പിച്ചു. അവരില്‍ പലരും പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസമുള്ളവരായിരുന്നു. അതിനാല്‍ ഈ ഗ്രന്ഥം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല''.

അധ്യായങ്ങളായി വേര്‍തിരിച്ച് തയ്യാറാക്കിയ ഹദീസ് ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധി നേടിയതുമാണ്, അസ്സിഹാഹുസ്സിത്ത. സ്വീകാര്യമായ ആറു ഗ്രന്ഥങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഹദീസ് സമാഹാരങ്ങളില്‍ സമുന്നത സ്ഥാനമലങ്കരിക്കുന്നവയാണ് സ്വഹീഹ് ബുഖാരിയും (194-25), സ്വഹീഹ് മുസ്‌ലിമും, (204-261). മറ്റു ഹദീസ് ഗ്രന്ഥങ്ങള്‍ സുനനു അബീദാവൂദ് (202-275), സുനനുത്തിര്‍മിദി, സുനനുന്നസാഈ, സുനനുഇബ്‌നിമാജ എന്നിവയാണ്.
 

Feedback